പേജുകള്‍‌

malayalam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
malayalam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015 മാർച്ച് 31, ചൊവ്വാഴ്ച

ഒരു ട്രെയിൻ യാത്ര

ട്രെയിൻ യാത്രകൾ എനിക്ക് പണ്ടേ വളരെ ഇഷ്ടമാണ്. ഒരു മൂലയിൽ ഒതുങ്ങി ഇരുന്നു, ഒരു ബുക്കോ ന്യൂസ്‌ പേപ്പറോ മറയായി പിടിച്ചു, ഒളി കണ്ണിട്ടു ജീവിതത്തിന്റെ തുണ്ടുകൾ ചികയാം. ചില സിദ്ധാന്തങ്ങൾ പരീക്ഷിക്കുകയും ആവാം. ഒന്നോ രണ്ടോ പ്രാവശ്യം നല്ല കൂട്ടുകളും പരിചയങ്ങളും തുടങ്ങിട്ടും ഉണ്ട്. ഒരു പെട്ടി നിറയേ, ഒരിഞ്ചു സ്ഥലമില്ലാതെ, ഇറങ്ങി ഓടാൻ ഇടയില്ലാതെ, കുത്തി നിറച്ച ആളുകള്! എല്ലാവരിലും എത്ര കഥകൾ!  മണികൂര് കണക്കിനുള്ള ട്രെയിൻ യാത്രകളാണ് എന്നെകൊണ്ട്‌ എഴുതിച്ചിരുന്നത്, ചിന്തിപ്പിച്ചിരുന്നത്.  ഇപ്പോളിപ്പോൾ യാത്രകൾക് മിനുടുകളുടെ ആയുസ്സ്‌. സബ് വെ ട്രെയിനിൽ. മറയായി പിടിക്കുന്നത്‌ ഫോണ്‍.  കുറച്ചു ദാരിദ്ര്യം ഉണ്ടെങ്കിലും, കഥകളുണ്ട്, കഥാപാത്രങ്ങളും.  കഥകൾ അറിയാൻ ബുദ്ധിമുട്ടാണ്, സങ്കല്പിക്കാനേ പറ്റു.

അപ്പോൾ, എന്റെ നായിക. ആറടിയിലധികം പൊക്കം. വളരേ മെലിഞ്ഞിട്ടു. ഇരുപതിൽ പ്രായം. കറുത്ത വര്ഗക്കാരി. തിളങ്ങുന്ന ഹൈ ഹീൽ ഷൂസ്, കറുത്ത സ്ടോക്കിങ്ങ്സ്, ചാര നിറത്തിൽ മിനി സ്കര്റ്റ്, ചേരുന്ന ബ്ലൌസ്. അസാമാന്യ മേക്കപ്പ്. മോഡൽ തന്നെ. നടത്തവും ഇരുപ്പും ഒക്കെ അങ്ങനെ തന്നെ.  ഈ ട്രെയിൻ നഗരത്തിലെ പാവപ്പെട്ട ഭാഗങ്ങളിലേക്ക് പോവുന്നതാണ്.  സാധാരണ കാണുന്ന കഥാപാത്രങ്ങൾ എല്ല് മുറിയെ പണിയെടുത്തു തളർന്ന ആത്മാക്കളാണ്. ഞാൻ അവരെ തന്നെ നോക്കിക്കൊണ്ടിരുന്നു. എന്താണ് അവരുടെ കഥ എന്നാലോചിച്ചു കൊണ്ടിരുന്നു. എന്റെ കഥകളിൽ അവർ ഒരു മോഡൽ,  എയർ ഹോസ്റെസ്സ്, ഫിലിം അക്ട്രെസ്സ് ഒക്കെയായി വേഷമിട്ടു.  എന്നിട്ടും ശേരിയാവാതെ ഞാൻ വീണ്ടും അന്വേഷിച്ചു കൊണ്ടിരുന്നു. അവരുടെ ഹൈ ഹീൽ ചെരുപ്പ് എന്നെ വല്ലാതെ ആകർഷിച്ചു. 5 ഇഞ്ച്‌ എങ്കിലും പൊക്കം ഉണ്ടാവും അതിന്റെ ഹീലിനു.

അവസാനത്തെ എത്തുന്നുന്നതിനു കുറച്ചു മുൻപ്, അപ്പോളേക്കും ബോഗ്ഗി മിക്കവാറും കാലിയായിരുന്നു, അത് വരെ അനങ്ങാതെ, ഇയർ ഫോണ്‍ വെച്ച് കണ്ണടച്ച് മോഡൽ പോസിൽ ഇരുന്ന അവർ പെട്ടെന്ന് ഓരോ കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. ബാഗു തുറന്നു രണ്ടു ചെരുപ്പ് പുറത്തെടുത്തു. ഹൈ ഹീൽസ് അഴിച്ചു ബാഗിൽ തിരുകി. മുടി ഒരു ഹെയർ ബാൻഡ് ഇട്ടു കെട്ടി. ഒരു നനഞ്ഞ തുണി എടുത്തു മുഖം നന്നായി തുടച്ചു. ഒരു ഷർട്ട്‌ എടുത്തിട്ടു. മേക്കപ്പ് പോയപ്പോൾ അവരുടെ കണ്ണിനു ചുറ്റുമുള്ള കറുത്ത വലയങ്ങൾ പൊങ്ങി വന്നു. ജീവിതം കുത്തിക്കോരിയ വരകളും. ഇപ്പോൾ പെട്ടെന്ന് അവർ ഞങ്ങളിൽ ഒരാളായി. ട്രെയിൻ ഇറങ്ങി മൈലുകളോളം അവർ നടക്കുന്നതും, വഴിയിൽ പലവ്യഞ്ജനം വാങ്ങിക്കുന്നതും, അതും താങ്ങി നടന്നു ഒരു കിളികൂടു പോലുള്ള ഫ്ലാറ്റിൽ വന്നു കേറുന്നതും, അവരുടെ കുട്ടികൾ അവരെ കണ്ടു ഓടി വരുന്നതും ഒക്കെ പെട്ടെന്ന് എന്റെ കണ്ണിൽ തെളിഞ്ഞു വന്നു. അവർ എന്നെ നോക്കി ചിരിച്ചു, തളര്ന്നതെങ്കിലും ആത്മാർഥതയുള്ള ചിരി.  അവസാന സ്റ്റേഷൻ എത്തി. ഹൈ ഹീൽ ചെരുപ്പുകൾ ബാഗിൽ ഇരുന്നു തന്നെ വീട്ടിൽ പോയി.

ജീവിതം ആൾകാരെ കൊണ്ട് എന്തൊക്കെ വേഷം കെട്ടിക്കുന്നു! ഉടുപ്പുകൾകും ചെരിപ്പുകല്കും മേകപ്പിനും (കണ്ണിൽ കാണുന്ന വേറെ ഒരായിരം സാധനങ്ങൾക്കും) അടിയിൽ എല്ലാവരും സാധാരണ മനുഷ്യർ, അല്ലേ?

2015 മാർച്ച് 30, തിങ്കളാഴ്‌ച

ഒരിക്കൽ ഒരു മാലാഖയെ കണ്ടപ്പോൾ...

ഹൃദയത്തിനു ശക്തി അത്ര പോരാ. എനിക്ക് പണ്ടേ തോന്നിയിരുന്നു, ഇപ്പോൾ ഡോക്ടറിന്റെ സർട്ടിഫിക്കറ്റ് ആയി എന്ന് മാത്രം.  ഇനി എന്താണ് ചെയ്യേണ്ടത് എന്നറിയാൻ ഡോക്ടറിനെ കാണാൻ കാത്തിരിക്കുന്നു. 

ഈ മുറിയിൽ ഞാൻ മുഴച്ചു നില്ക്കുന്നു. എനിക്ക് 30 വയസ്സ്, കറുത്ത മുടി. ഞാനോഴിച്ചാൽ മുറിയിൽ ആവറേജ് പ്രായം 80, കഷണ്ടി അല്ലെങ്കിൽ വെള്ളി മുടി.  രണ്ടു പേർ വീൽ ചെയറിൽ.  അതിൽ ഒരാളെ പ്രത്യേകം ശ്രദ്ധിച്ചു.  ഏകദേശം 75 മറ്റോ ആവാം പ്രായം, വെള്ളക്കാരി, മുഖത്ത് ചുളിവുകൾ, മുടി മിക്കവാറും നരച്ചു, തോളിനു മുകളില വെട്ടി നിര്ത്തിയിരിക്കുന്നു. അവരെ ശ്രദ്ധിക്കാൻ കാരണം, അവരുടെ കണ്ണുകൾ എന്റെ അമ്മയുടേത് പോലെ. ചാര നിറം,  അഭൗമികത.  അമ്മയുടെത് എപ്പോളും ഒരിത്തിരി ക്ഷീണിച്ചും എന്നാൽ കരുണ പ്രധാനമായിട്ടും. ഇവരുടേത് ശൂന്യം. ദൂരേ ഇല്ലാത്ത ഒരു ബിന്ദുവിൽ തറഞ്ഞ്.  

വാതിൽ തുറന്നു ഒരാൾ കൂടി മുറിയിലേക്ക് വന്നു. കറുത്ത വര്ഗക്കാരി, പ്രായം ഊഹിച്ചാൽ 80 ? വെള്ളി നിറത്തില നീണ്ട, ഉള്ളുള്ള മുടി, മിടഞ്ഞു ഇട്ടിരിക്കുന്നു. കറുപ്പ് ടോപ്പ്, വെള്ള പാവാട, തുന്നി പിടിപ്പിച്ച ചുവപ്പ് പൂക്കൾ ചിതറി കിടക്കുന്നു. അവരുടെ എല്ലാ ചലനങ്ങൾക്കും ഒരു നിശബ്ദമായ, മുദൃലമായ ഉറപ്പു.  നർസിനു പേര് കൊടുത്തതിനു ശേഷം അവർ ഒരു നിമിഷം നിന്നു, മുറി മുഴുവൻ ഒന്ന് ഇരുത്തി നോക്കി.  മറ്റാരും അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഞാൻ ഒരു മാഗസിൻ എടുത്തു അതിനു പിന്നിൽ ഒളിച്ചു. എത്രയോ ഒഴിഞ്ഞ സീറ്റുകൾ ഉണ്ടായിട്ടും, അവർ ആ വീൽ ചെയറിന് അടുത്ത സീറ്റ് ആണ് തെരഞ്ഞെടുത്തത്.  

അവിടെ ഇരുന്നിട്ട് ഒട്ടും സമയം കളയാതെ അവർ വീൽ ചെയറിലെ സ്ത്രീയോട് സംസാരിക്കാൻ തുടങ്ങി. ആദ്യം ഒന്നോ രണ്ടോ വാചകങ്ങൾ , വലിയ ഇടവേളകൾ.  വളരെ മൃദുവായ, ആംഗ്യങ്ങൾ ഇല്ലാത്ത സംസാരം. പറയുന്നത് എന്താണെന്നു വ്യക്തമല്ല. ഞാൻ മാഗസീനിന്റെ ഉള്ളിലൂടെ ഇടയ്ക്കിടെ അവരെ നോക്കി കൊണ്ടിരുന്നു. ആദ്യം കാര്യമായ പ്രതികരണം ഒന്നും ഉണ്ടായില്ല.  ഇടയ്ക്കു എന്തോ ഒരു കാര്യം ക്ലിക്ക് ചെയ്തിരിക്കണം, നോക്കുമ്പോൾ രണ്ടു പേരും വളരേ താത്പര്യത്തിൽ സംസാരിക്കുന്നു.  ശൂന്യതയുടെ സ്ഥാനത്ത് പുഞ്ചിരി. എന്തൊരു ഭംഗി, ആ ചിരി പത്തു വയസ്സെങ്കിലും കുറച്ചത് പോലെ തോന്നി. പണ്ടേ പരിചയമുള്ള രണ്ടു സുഹൃത്തുക്കൾ ചായയും കുടിച്ചു സൊറ പറയുന്ന പോലെ.  

ഡോക്ടറെ കാണാൻ എന്റെ ഊഴം ആയി.  കുറെ അധികം വീണ്ടും കാത്തിരിക്കേണ്ടി വന്നു, ലാബിലും മറ്റുമായി.  അങ്ങനെ ഒരു ഇരുപ്പിനിടയിൽ ജനാലയിൽ കൂടി പുറത്തേക്ക് നോക്കിയപ്പോൾ അവർ രണ്ടു പേരും പുറത്തു നിന്ന് സംസാരിക്കുന്നതു കണ്ടു, പൊട്ടിച്ചിരിക്കുന്നതും.  വീൽ ചെയറുള്ള സ്ത്രീ അവരുടെ ഡ്രൈവർ വരാൻ വേണ്ടി കാക്കുകയായിരുന്നു,  അയാൾ വന്നു അവരെ കാറിൽ കേറ്റി  കൊണ്ട് പോയി. അത് വരെ കൂടെ നിന്ന് വർത്തമാനം  പറയുകയും കെട്ടിപ്പിടിച്ചു യാത്ര പറയുകയും  കൈ വീശി കാണിക്കുകയും കാർ വളവു തിരിഞ്ഞു പോകുന്ന വരെ നോക്കി നിൽകുകയും ചെയ്തു ആ സ്ത്രീ.  ഇനി ഏതു നിമിഷവും അവർ അദ്രശ്യയാകും അല്ലെങ്കിൽ ചിറകുകൾ മുളച്ചു പറന്നു പോകും എന്ന് എനിക്കൊരു തോന്നൽ. 

പക്ഷേ അങ്ങനെ അല്ല ഉണ്ടായതു.  അത് വരെ ഇതെല്ലാം കണ്ടു കൊണ്ട് കുറച്ചു അകലേ ഒരു ഊന്നുവടിയും പിടിച്ചു മരം ചാരി നിന്നിരുന്ന,  85 -90 വയസ്സുള്ള,  കണ്ണിൽ നനവുള്ള ഒരാൾ,  അവരുടെ അരികിലേക്ക് വന്നു.  ഒരു കൈ ഹൃദയത്തിൽ വെച്ച്,  മറു കൈയ്യിൽ കരുതിയിരുന്ന ഒരു കാട്ടു പൂവ് അവർക്ക് സമ്മാനിച്ചു.  അവർ ചിരിച്ചു കൊണ്ട് അത് വാങ്ങിച്ചു,  അയാളുടെ കവിളിൽ ഒരു ഉമ്മ വെച്ചു.  രണ്ടാളും കൈ കോർത്ത്‌ വളരെ പതുക്കെ നടന്നു. നോക്കി നിൽകെ, ആ വഴിയിലെ പുല്ലും പൂക്കളും കാറ്റും മേഘങ്ങളും സൂര്യനും വരെ അവരുടെ അകമ്പടി പോകുന്നത് പോലെ തോന്നി.  എന്റെ ഹൃദയം സന്തോഷവും കൊണ്ട് അതിന്റെ ബലമില്ലായ്മ മറന്നു പട പട എന്നിടിച്ചു അവർക്ക് മംഗളം നേർന്നു. 

അന്വേഷണത്തിന്റെ അവസാനം

പെട്ടെന്ന് ഒരു ദിവസം മുതൽ, വീടിൽ അവിടവിടെ ഓരോ പ്രത്യേക തരം ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി. കുറച്ചു ദിവസങ്ങൾ കഴിഞ്ഞിട്ടും തനിയെ ശേരിയാവാത്തത് കൊണ്ട്,  എവിടെ നിന്ന് വരുന്നു, എന്താണ് പ്രശ്നം എന്ന് കണ്ടു പിടിക്കാൻ ഞാൻ അന്വേഷണം തുടങ്ങി. പൈപ്പ് ആണോ? കറന്റിന്റെ വയറിംഗ് ആണോ? ഫോണ്‍ കേബിൾ ആണോ? മിക്സി? ഫ്രിഡ്ജ്‌? ഗ്യാസ്? ഓരോന്നായി എല്ലാം പരീക്ഷിച്ചു. പ്ലംബർ, ലൈൻ മാൻ, സർവീസ് മനുഷ്യര് ഓരോരുത്തരായി വന്നു പോയി. എല്ലാവരും പറഞ്ഞു : എല്ലാം ഓക്കേ.  വീട് പിന്നെയും തോന്നുമ്പോൾ ചൂളം വിളിച്ചും,  പിറുപിറുത്തും ഞരങ്ങിയും അങ്ങനെ. ഇനി എന്ത്?

ഒരു പകുതി ഉറക്കത്തിൽ ഒരു തോന്നൽ വന്നു കേറി. മൊത്തത്തിൽ ഒരു പഴഞ്ചൻ കമ്പ്യൂട്ടർ മോങ്ങുന്നത് പോലെയുണ്ട്. അപ്പോൾ, ഞാനറിയാത്ത ഒരു കമ്പ്യൂട്ടർ വീട്ടിൽ ഒളിച്ചിരിപ്പുണ്ടോ? അത് കണ്ടു പിടിച്ചിട്ടു തന്നെ! ഓരോ മുറിയും അലമാരയും ഇടുക്കുകളും തെരച്ചിൽ തുടങ്ങി.  അങ്ങനെയാണ് ഞാൻ ആ വാതിൽ കണ്ടു പിടിച്ചത്.  മുട്ട് വരെ പൊക്കത്തിൽ, ചുമരിന്റെ അതെ നിറത്തിൽ.  വിട്ടു പോവാൻ എളുപ്പം.  അതിനുള്ളിൽ കിട്ടി, ഞാൻ അന്വേഷിച്ചു കൊണ്ടിരുന്ന കമ്പ്യൂട്ടർ.

വാതിൽ തുറന്നു ഉള്ളിലേക്ക് തലയിട്ട നിമിഷം എനിക്ക് മനസ്സിലായി ഞാൻ സ്വപ്ന ലോകത്തിലാണ്; ഒരു വിശദീകരണവും ഇല്ലാതെ.  സ്വപ്നത്തിലാണ് എന്ന് മനസ്സിലായിട്ടും ഞാൻ ഉണരാൻ ശ്രമിച്ചില്ല.  വല്ലാത്തൊരു കൌതുകം എന്നെ പൊതിഞ്ഞിരുന്നു. കമ്പ്യൂട്ടറിൽ ഓരോ പ്രോഗ്രാമുകൾ ഓടി കൊണ്ടിരുന്നു.  പല സ്ക്രീനുകളിൽ അതിന്റെ ഔട്പുട്ട് വന്നു കൊണ്ടിരുന്നു.  കുറച്ചു സമയം കൊണ്ട് തന്നെ എനിക്ക് മനസ്സിലായി, ഇത് വെറും കമ്പ്യൂട്ടർ അല്ല, ഇതെന്റെ വിധി എഴുതുന്ന കമ്പ്യൂട്ടർ ആണ്.  ഞാൻ ചെയ്തതും, പറഞ്ഞതും ഒക്കെ ഇൻപുട്ട് ആയി എടുത്തു, എന്തൊക്കെയോ നിയമങ്ങൾ അനുസരിച്ച് എന്റെ അടുത്ത ദിവസം, മാസം, കൊല്ലം.. അത് ഔട്പുട്ട് തരുന്നു.

പേടി, ദേഷ്യം, സങ്കടം, വേദന, പരാതി, തമാശ ഒക്കെ ഓരോന്നായി വന്നു കേറി. അതിന്റെ അവസാനം പക്ഷെ വളരെ ആഴത്തിൽ ഒരു ശൂന്യത. പിന്നെ ഒരു നിശ്വാസവും സമാധാനവും വന്നു.  എനിക്ക് ചുറ്റും ഒരു ചെറു ചൂടുള്ള സ്വർണ പ്രകാശം നിറഞ്ഞു.  ഒരു കുസൃതി ചിരിയോടെ ഞാൻ കൈ നീട്ടി കമ്പ്യൂട്ടർ ഓഫ്‌ ചെയ്തു.

2013 ജൂലൈ 17, ബുധനാഴ്‌ച

കരിമ്പിൻ കാട്ടിലെ ആന

പത്തു വർഷം കൊണ്ട് നടന്ന ഒരു സംഭവമാണ്.  പക്ഷേ അങ്ങനെ പറയാൻ തുടങ്ങിയാൽ കുറെ അധികം പറയണം, മുഷിച്ചിൽ ആയേക്കും. അതുകൊണ്ട് പത്തു മിനിറ്റ് ആക്കി ചുരുക്കി. വായനക്കാരൻ ദയവു ചെയ്തു  അളവ് പരിഭാഷപ്പെടുത്തി വായിക്കാൻ അപേക്ഷ.

ഞാനിങ്ങനെ ഒരു സ്ഥലത്ത് പോവാൻ ഒരു വണ്ടിയിൽ കേറി.  വണ്ടിയിൽ കുറെ പേരുണ്ടായിരുന്നു. ഞാനൊരു ജോളി  ടൈപ്പ് ആണേ,  എല്ലാരോടും സംസാരവും പാട്ടും ഡാൻസും ഒക്കെയായി.  കുറച്ചു കഴിഞ്ഞപ്പോളാണ് ഒരു പന്തികേട്‌? എല്ലാരും ചിരിക്കുന്നു, മൂളുന്നു, പക്ഷേ അങ്ങോട്ട്‌ അടുക്കുന്നില്ല.  വർത്തമാനവും കഷ്ടി.  ഓരോരുത്തരും ഓരോ മട്ടല്ലേ, ശരി.

ഇങ്ങനെ വെറുതെ ഇരുന്ന ഒരാളുടെ അടുത്ത് കുറച്ചു കാര്യങ്ങൾ ചോദിക്കാം എന്ന് വിചാരിച്ചു,  ആദ്യത്തെ ചോദ്യത്തിന് ഒരു കുഞ്ഞു ഉത്തരം,  രണ്ടാമത്തേതിന് മൂളൽ,  മൂന്നാമത്തേതിനു മൌനം, നാലാമത്തേതിനു ദഹിപ്പിക്കുന്ന ഒരു നോട്ടം.  മതി മതി.  ഇനി മിണ്ടുന്നില്ല.  അയാൾ എണീറ്റ്‌ പോയി. ഞാൻ അമ്പരന്നു ഇരിപ്പായി.  

വേറൊരാൾ വന്നു അടുത്തിരുന്നു.  
അയാൾ: "നാണമില്ലല്ലോ?" 
ഞാൻ: "എഹ് ? എന്താ അങ്ങനെ പറഞ്ഞേ ?"
അയാൾ: "സന്തോഷമായി ഇരുന്ന ഓരാളെ അസുഖവും പിടിപ്പിച്ചു, സ്വൈരവും കെടുത്തി, നാടും കടത്തി. എന്നിട്ട് എന്നോട് ചോദിക്കുന്നോ? ഒന്നും അറിയാത്ത ഭാവം! നാണം ഇല്ല തന്നെ. 
ഞാൻ: "ഇതെന്താ തമാശയോ? ആരെ കുറിച്ചാണ് പറയുന്നത്? ഇങ്ങനെ അപവാദം ഒക്കെ എവിടെ കേട്ടു ?"
അയാൾ: "തന്റെ അടുത്ത് മുൻപ് ഇരുന്ന ആളെക്കുറിച്ച് തന്നെ. അപവാദവും മറ്റുമല്ല, അയാൾ തന്നെ പറഞ്ഞതാണ്‌.  തന്റെ കൈ അകലത്തു ഇനി വരില്ല അയാൾ. അത്രയ്ക്ക് ദ്രോഹിച്ചില്ലേ!" 
ഞാൻ: (മൌനം)  
അയാൾ: "വാ പൊളിച്ചു ഇരുന്നിട്ട് എന്ത് കാര്യം? ഒരു പരിസര ബോധം ഇല്ലേ? മറ്റുള്ളവരോട് ഒരു പരിഗണന വേണ്ടേ?  എന്തൊരു ഒച്ചയിലാണ്‌ സംസാരം? ആരെ കാണിക്കാനാണ് ഈ കോമാളിത്തരം? ലോകത്തിന്റെ കേന്ദ്രം താനാണോ ? എല്ലാം തെകഞ്ഞു എന്നാണല്ലോ ഭാവം!"
ഞാൻ:  "ഞാൻ അങ്ങനെയൊന്നും ആലോചിച്ചില്ല, ഞാൻ അന്വേഷിക്കട്ടെ,  പറഞ്ഞാൽ തീരാനല്ലേ ഉള്ളു?"
അയാൾ: "അതെ, താൻ ആലോചിച്ചില്ല. അത് തന്നെയാണ് കാര്യം. എനിക്കും മതിയായി. ഞാനും പോണു. ഇനി എന്നോട് മിണ്ടാൻ വരണ്ട."

ഞാൻ അന്വേഷിച്ചു. കാര്യം സത്യം. ഇപ്പോൾ കാര്യങ്ങൾ വ്യക്തമായി. ഈ ആനയുടെ ചവിട്ടൊക്കെ ചിരിച്ചു കൊണ്ട് സഹിക്കുകയായിരുന്നു കരിമ്പിൻ ചെടികൾ.  വിഷമ സ്ഥിതി.  എന്ത് നല്ല മനുഷ്യർ!  പന്ന ഞാൻ ഭൂമിക്കു ഭാരം. നെഞ്ചിൽ ഒരു കല്ല്‌ ഉരുണ്ടു കൂടി.

നടന്നു പോയാൽ  മതിയായിരുന്നു. അല്ലെങ്കിൽ കേറിയ ഉടനെ ഒരു ബുക്കും എടുത്തു ഒരു മൂലയിൽ  ഇരുന്നാൽ മതിയായിരുന്നു, ആൾക്കാർക്ക് ബദ്ധപ്പാട് ഉണ്ടാക്കാതെ. യാത്ര അങ്ങനെ കഴിഞ്ഞു പോയേനെ. "മിണ്ടാട്ടം ഇല്ല" എന്ന് അപ്പോളും കുറ്റം കേൾക്കും, പക്ഷേ ഇങ്ങനെ അലങ്കോലം ആവില്ല.  ബുക്ക്‌ എടുത്തു, കുനിഞ്ഞിരുന്നു. 

വായിക്കാൻ പറ്റുന്നില്ല. പാളി നോക്കി, എല്ലാവരും പുഞ്ചിരിയോടെ തമ്മിൽ തലയാട്ടുന്നു,  പതിഞ്ഞ സ്വരത്തിൽ എന്തൊക്കെയോ തമ്മിൽ പറയുന്നു. വണ്ടിയിൽ ഞാൻ ഉള്ള കാര്യം അവർ മറന്നു എന്ന് തോന്നുന്നു.  എനിക്കും അവരുടെ കൂടെ കൂടിയാൽ കൊള്ളാം, പക്ഷേ  വേണ്ട.  അയാളെ മാത്രം കാണാനില്ല.  ഇപ്പോളും വിഷമത്തിലോ? അറിയാൻ ഒരു വഴിയില്ല.  

നേരം പോകെ കല്ല്‌ വലുതായി വരുന്നു.  എന്തൊരു ഭാരം.  കണ്ണീരു കുത്തുന്നു. നെഞ്ച് എരിയുന്നു.  അരികിൽ ഇത്തിരി ഇരുട്ട് ഒരാശ്വാസം.  ഇനി എത്ര നേരം ?

2013 ജൂലൈ 15, തിങ്കളാഴ്‌ച

ശ്യാമായനം

ശ്യാമയുടെ ദിവസങ്ങൾ തെരക്കു പിടിച്ചവയാണ്.  അവ അങ്ങനെ ആണ് എന്നുള്ളത് ബോധത്തോടെ അല്ലെങ്കിലും  ശ്യാമയുടെ തന്നെ തീരുമാനമാണ്‌.  ഓരോ കാര്യങ്ങളും ചെയ്തു ഫലിപ്പിക്കാന് അവൾക്കൊരു  കഴിവുണ്ട്. ഒരു മണി ഇവിടെ, ഒരു മണി അവിടെയായി ഒരു കൂമ്പാരം കാര്യങ്ങൾ അവളുടെ ദിവസങ്ങളെ സമ്പന്നമാക്കുന്നു. നേരിട്ട് ചോദിച്ചാൽ എനിക്കൊന്നു ഇരുന്നാൽ മതി എന്നേ ശ്യാമ പറയൂ,  പക്ഷേ ഇരുന്നു നോക്കിയിട്ടില്ല. അങ്ങനെയൊരു സമയം കിട്ടിയാൽ ഇരിക്കുന്നതിനു പകരം അവൾ പുതിയൊരു പണി കണ്ടു പിടിച്ചിരിക്കും.  

മിക്കവാറും രാവിലെയുടെ കുഞ്ഞു തുണ്ടുകൾ തനിയേ ഇണങ്ങി ചേരും : അലാറം അടിക്കും, പാചകം നടക്കും, കുട്ടികൾ ചിരിച്ചു കൊണ്ട് എണീക്കും... ഇന്ന് കഷണ കാര്യങ്ങളൊന്നും അങ്ങോട്ട്‌ യോജിച്ചില്ല; അലാറം പണി മുടക്കി,  ദോശകൾ വരിവരിയായി കരിഞ്ഞു,  ചട്ണിയിൽ ഉപ്പു മറന്നു,  ശ്രദ്ധ കാര്യമായി കിട്ടാത്തത് കൊണ്ടാവാം കുട്ടികൾ കരച്ചിലായി. നേരം വൈകി, ഓഫീസിലെ മീറ്റിങ്ങ് വിട്ടു പോയേക്കും എന്ന് സംശയമായി.  ബാക്കി എല്ലാം ഒപ്പിച്ചു എന്നാക്കി കാറിൽ ഓടി കയറി, ഓഫീസിലേക്ക് 40 മിനിറ്റ് ഡ്രൈവ്. 

സൂചി സ്പീഡ് ലിമിറ്റ് കടന്നു പറന്നു. ചില സ്റ്റോപ്പ്‌ സൈൻ അങ്ങനേ വിട്ടു പോയി. മഞ്ഞ സിഗ്നൽ കിട്ടിയതെല്ലാം പാഞ്ഞു കടന്നു.  ഓരോ പ്രാവശ്യം ചുവന്ന സിഗ്നൽ കിട്ടുമ്പോളും ശ്യാമ വാച്ച് നോക്കി കൊണ്ടിരുന്നു.  1 മിനിറ്റ് ഇവിടെ, 3 മിനിറ്റ് അവിടെ.. സമയം കൈപിടിയിൽ നിന്ന് ഊർന്നു പോവുന്നു.  ശ്യാമ സ്റ്റിയരിങ്ങ് വീൽ അമർത്തി  പിടിച്ചു.  

10 മിനിറ്റേ ബാക്കിയുള്ളൂ മീറ്റിംഗ് റൂമിൽ ചെന്ന് കേറാൻ.  ഇനിയൊരു വളവു കൂടി, ഇതാ എത്തി.  അപ്പോളാണ് വായുവിൽ നിന്ന് ഉണ്ടായി വന്നപോലെ ഒരു വാൻ മുമ്പിൽ.  സടൻ ബ്രേക്ക്‌. തെന്നി.  ടയർ കരിഞ്ഞു പുക.  ഹോണടി ബഹളം. ഇടിച്ചില്ല. പക്ഷേ ഇടിച്ചേനെ. വാൻ നിർത്തിയത് കൊണ്ട് രക്ഷപ്പെട്ടു.  വാനിന്റെ ഡ്രൈവർ കതകു ശബ്ദത്തോടെ വലിച്ചടച്ച് ഇറങ്ങി വന്നു. ശ്യാമ പകച്ചിരുന്നു. എന്ത് ചെയ്യണം, എന്ത് പറയണം എന്നറിയില്ല.  വാൻ എവിടെ നിന്ന് വന്നു? താൻ എന്ത് കൊണ്ട് കണ്ടില്ല?  ശ്രദ്ധിച്ചില്ലേ? ഡ്രൈവർ നടന്നടുക്കുന്നു.  

അടുത്ത് വന്നപ്പോൾ ഒരു സ്ത്രീ.  60 -നടുത്ത് പ്രായം. വെള്ളക്കാരി, നര കലർന്ന സ്വർണ്ണ മുടി. മുഖത്ത് ചുളിവുകൾ, ക്ഷീണം.  മുഖം ചുവന്നിരുന്നു എങ്കിലും ശ്യാമയുടെ പകപ്പ് കണ്ടിട്ടാവാം, അവർ അലിഞ്ഞു. "എന്തെങ്ങിലും പറ്റിയോ" എന്നൊക്കെ മാത്രം ചോദിച്ചു.  ശ്യാമക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല, 'സോറി' എന്ന് മാത്രം പറഞ്ഞൊപ്പിച്ചു.  അവർ തിരിച്ചു നടക്കാൻ തുടങ്ങി, ഒരു നിമിഷം നിന്നു. പോക്കറ്റിൽ നിന്നും പേഴ്സ് എടുത്ത് അതിൽ നിന്നും മടക്കി വെച്ചിരുന്ന ഒരു കാർഡ്‌ എടുത്തു ശ്യാമയുടെ കൈയിൽ കൊടുത്തു.  മടക്കു വീണിരുന്നു എങ്കിലും വളരെ പഴയത് ആയിരുന്നില്ല ആ കാർഡ്‌.  ഒരു ചരമ ക്കുറിപ്പ്‌, ഒരു കുടുംബം, ഒരു അച്ഛൻ, അമ്മ, ഒരു മാലാഖ കുഞ്ഞ്. 2 വയസ്സ്, നിറയെ സ്വര്ണ നിറമുള്ള മുടി ചുരുളുകൾ, ചിരിക്കുന്ന കണ്ണുകൾ. അമ്മയ്കും കുഞ്ഞിനും അവരുടെ ച്ഛായ.   എങ്ങനെ?അമ്പരപ്പോടെ അവരെ നോക്കുമ്പോൾ,  അവരുടെ കണ്ണ് നിറഞ്ഞിരിക്കുന്നു. "എങ്ങനെ?" അവർ 'കാര്യമില്ല' എന്ന് തലയാട്ടി. ശ്യാമയുടെ കാറിന്റെ  റിയർ വ്യൂ  മിറ-റിൽ തൂങ്ങി കിടന്നിരുന്ന ബേബി ഷൂ ചൂണ്ടി പറഞ്ഞു "ശ്രദ്ധിക്കു."  അവരുടെ സ്വരത്തിൽ അപേക്ഷയും ശാസനയും ഒരുമിച്ച്. എന്നിട്ട് ഉത്തരം ഒന്നും കാക്കാതെ നടന്നു,  വാൻ എടുത്തു കൊണ്ട് പോയി.  

ശ്യാമയും കാർ എടുത്തു.  ഓഫീസിൽ  എത്തിയപ്പോൾ 15 മിനിറ്റ് വൈകിയിരുന്നു.  മീറ്റിങ്ങ് ശ്യാമ ഇല്ലാതെ തന്നെ തുടങ്ങിയിരുന്നു.  കാര്യങ്ങൾ നടന്നു കൊണ്ടിരുന്നു. ശ്യാമയുടെ മനസ്സില് ഓഫീസും മീറ്റിങ്ങും സമയവും ഒന്നും ഇല്ല.  കുഞ്ഞു വാവയുടെ ഷൂ  മാത്രം കണ്ണാടിയിൽ  തൂങ്ങി ആടിക്കൊണ്ടിരുന്നു. 

2013 ജൂലൈ 14, ഞായറാഴ്‌ച

എന്റെ ദിവസത്തിന്റെ ഒരു തുണ്ട്

അതിരാവിലെ.  കടും ചാര നിറമുള്ള മേഘങ്ങൾ. കാറ്റു വീശി അടിക്കുന്നു. പതിവിലും കൂടുതൽ  ഉഷ്‌ണം.  മഴയുടെ പുറപ്പാട്. നേരിയ വെളിച്ചമേ ഉള്ളു. സാധാരണ പ്രഭാതങ്ങൾക്ക് ഒരു നിശ്ചലതയും നിശബ്ദതയും ഒക്കെയുണ്ട്. ഒരു കുഞ്ഞു ഉറങ്ങുന്ന പോലെ.  ഒരു സ്വകാര്യ സ്വപ്നം, ഒരു പുഞ്ചിരി, ഒളിച്ചു വെച്ചിരിക്കുനന്തു പോലെ.  ഇന്നെല്ലാം വേറൊരു തരം. മൊത്തത്തിൽ ഒരു ഭ്രാന്തിന്റെ ഛായ? ഇതും ഒരു സൌന്ദര്യം. 

താഴെ നടക്കുന്ന വികൃതിയൊന്നും ശുക്രനെ ഇളക്കുന്നില്ല. "ശുക്രനെ തൊഴണം." അമ്മയുടെ ശബ്ദം. ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ, സംഭവങ്ങളിൽ, കാഴ്ചകളിൽ ഒളിച്ചിരിന്നു സംസാരിക്കുന്നത് അമ്മ പതിവാക്കിയിരിക്കുന്നു. നേരിട്ട് പറഞ്ഞിട്ടുള്ള അവസരങ്ങളിൽ ഒരു മില്ലി മീറ്റർ ചെവി പോലും കൊടുക്കാത്തത് കൊണ്ടാവാം.  എങ്ങനെ ചെയ്യാതിരിക്കാം എന്നാണ് കൂടുതൽ ആലോചിച്ചത്, പക്ഷേ ആലോചന അവസാനിക്കുന്ന ഏതോ സ്ഥലത്ത് ആ ഉപദേശങ്ങളൊക്കെ പന്തലിച്ചു നില്കുന്നു. അമ്മ പോയി കുറേ കഴിഞ്ഞാണ് ഞാൻ അത് മനസ്സിലാക്കിയത്‌.  വേറിട്ട വഴി നടക്കണം എന്ന് വാശി പിടിച്ച്, നടന്നു നടന്നു ചെന്നെത്തിയത് ഒരേ സ്ഥലത്ത്.  ആലോചിക്കുമ്പോൾ അത്ഭുതം, അമ്മ ഇത് നേരത്തേ കണ്ടോ എന്നൊരു ആലോചന,  വഴി തെളിച്ചു തന്നതിന്, വിത്ത് ഇട്ടു തന്നതിന്, തീരാത്ത കടപ്പാടും.

എല്ലാവർക്കും വേണ്ടതെല്ലാം ചെയ്തു, എല്ലാവർക്കും എല്ലാമായി, എല്ലാവരെയും കുറിച്ച് ആലോചിച്ചു,  അങ്ങനെ അലിഞ്ഞില്ലാതെയായ ഒരമ്മ.  പിന്തുടരാൻ  എന്ത് പ്രയാസം ആ കാലടികൾ. പിന്തുടരാൻ കിട്ടുന്ന അവസരം എന്തൊരു പുണ്യം!  പ്രാർത്ഥനയിൽ കണ്ണുകള അടച്ചു ഒരു നിമിഷം. കാപ്പിക്കപ്പിൽ ഒരു തുള്ളി മഴ.  അതിനു പിന്നാലെ ഒരായിരം തുള്ളികൾ ഒരു നിമിഷത്തിൽ.  ഇവിടത്തെ മഴകൾ ഇങ്ങനെയാണ്.  ആകാശത്തിന്റെ അടപ്പ് തുറന്ന പോലെ. എണീറ്റ്‌ മാറാൻ തോന്നിയില്ല,  അകവും പുറവും നനച്ചു മഴ പെയ്തു കയറി കുറെ നേരം.  

ആലോചനകൾ തിരിച്ചു വന്നത് മഴ ഒന്ന് നിന്നപ്പോളാണ്‌.  മഴ നനഞ്ഞ കാപ്പിയിൽ വെള്ള മേഘങ്ങൾ നീന്തുന്നു.  കൈപിടി പൊട്ടിപ്പോയി വാർദ്ധക്യ വരകൾ വീണ കപ്പും,  പലസ്ഥലത്തു കീറി തുന്നികൂട്ടലുകൾ വന്ന നിറം മങ്ങിയ പുതപ്പും ഞാനും പലവർഷങ്ങളായി യാത്ര തുടങ്ങിയിട്ട്. ഈ കപ്പിലെ കാപ്പിയുടെ സ്വാദും ഈ പുതപ്പിന്റെ ചൂടും എന്റെ സ്വന്തം. ഈ നനവും ഈ ഉമ്മറ പടികളും ഈ നിമിഷങ്ങളും എന്റെ മാത്രം.  എന്റെ തുണ്ട് സമയം, എന്റെ തുണ്ട് സ്ഥലം. ഈ മകളുടെ സ്വാർത്ഥത അറിഞ്ഞാൽ അമ്മ എന്ത് പറയും?  

ന്യൂസ്‌ പേപ്പർ പറന്നു വന്നു.  അതെന്റെ സാമ്രാജ്യത്തെ ഒരു സോപ്പു കുമിള പോലെ പൊട്ടിച്ചു കളഞ്ഞു. മഴവെള്ളം കേറിയ കാപ്പി കളഞ്ഞു, ഒരു കപ്പു കൂടി വേണ്ടി വരും ഇന്ന്. പുതപ്പു ഉണങ്ങാൻ വിരിച്ചു. അങ്ങനെ ഇന്നത്തെ ദിവസം തുടങ്ങുന്നു. 

2013 ജൂൺ 17, തിങ്കളാഴ്‌ച

പേടി.

രാവിലെ 8 മുതൽ 8 15 വരെയുള്ള സമയം എനിക്ക് വളരേ വിലപ്പെട്ടതാണ്. മകൻ കണ്ണനെ സ്കൂളിലേക്ക് ഡ്രൈവ് ചെയ്യുന്ന സമയമാണ് അത്. കണ്ണന് 4 വയസ്സാണ്. വാതോരാതേയുള്ള വർത്തമാനം. ഒന്നിനേ കുറിച്ചും മുൻധാരണകൾ ഇല്ലാത്തത് കൊണ്ടാവാം, വളരേ പുതുമയുള്ളതാണ് അവന്റെ ചോദ്യങ്ങളും നിരീക്ഷണങ്ങളും. മിക്കവാറും ദിവസം മുഴുവനും, പിന്നെ കുറച്ചും, ആലോചിക്കാനുള്ള വകുപ്പ് ആ 15  മിനുട്ടിൽ കിട്ടും. 
സൂപ്പർ ഹീറോയിൽ തുടങ്ങിയ സംസാരം അലഞ്ഞു തിരിഞ്ഞു പേടികളെ കുറിച്ചായി. അവനു പേടിയുള്ള കാര്യങ്ങൾ പുറത്തു വന്നു തുടങ്ങി. 
"അമ്മയ്ക് ഇടിയും മിന്നലും പേടിയാണോ?"
'മരത്തീന്നു ഏകോൻ വീഴുന്നത്?"
'കട്ടിലിന്റെ അടിയിലെ മോൻസ്ടർ?"
'വലിയ ഷൂ ?"
ഇതിലൊക്കെ പേടിക്കാൻ എന്താണ് എന്ന് പറഞ്ഞു ( ചിലപ്പോ ചിരിച്ചും) ഞാൻ എല്ലാം ഒന്നൊന്നായി നിഷേധിച്ചു സൂപ്പർ ഹീറോ ചമഞ്ഞു. 
"പിന്നെ അമ്മയ്ക് എന്തിനെയാണ് പേടി?"
'അമ്മ ഇങ്ങനെ നടന്നു വരുമ്പോ, കണ്ണൻ വാതിലിന്റെ പിന്നിൽ നിന്ന് ചാടി വന്നു 'റോർ' ചെയ്യില്ലേ, അപ്പൊ അമ്മ പേടിച്ചു വിറക്കും'. 
കുടുകുടെ ചിരി. 
പിന്നെയും ഏതൊക്കെയോ വള്ളികളിൽ തൂങ്ങിയാടി ഞങ്ങൾ സ്കൂളിൽ എത്തി. ക്ലാസ്സിന്റെ വാതിൽ കടന്നു, അവൻ അവരിൽ ഒരാളായി. അവൻ മറന്നു പോയ ഉമ്മയും പ്രതീക്ഷിച്ചു ഞാൻ കുറച്ചു നേരം ചുറ്റിപറ്റി നിന്നു. 
തിരിച്ചു കാറിൽ വന്നു കുറച്ചു കണ്ണടച്ച് ഇരുന്നു. കുറച്ചു നേരത്തേക്ക് ആണെങ്കിലും വിട്ടു പോവാൻ ഇപ്പോളും ബുദ്ധിമുട്ടാണ്. ഈ മാസം രണ്ടു വർഷം ആവുന്നു. അവൻ നഷ്ടപ്പെട്ടു പോയേനെ. എന്തൊക്കേയോ ഭാഗ്യം, ആരൊക്കെയോ ചെയ്ത പുണ്യം, മെഡിക്കൽ സയൻസിന്റെ കഴിവ്, അവൻ കളിച്ചു ചിരിച്ചു ഓടിനടക്കുന്നു, വളരുന്നു, ചോദ്യങ്ങൾ ചോദിക്കുന്നു. 
"അമ്മയ്ക് എന്തിനെയാണ് പേടി?" അവൻ കൊഞ്ചുന്നു. 
കണ്ണിനുള്ളിലെ ഇരുട്ടിൽ അവനില്ലാത്ത ലോകം എന്നെ വിഴുങ്ങാൻ വരുന്നു. 
കാറിൽ കരുതാറുള്ള കോട്ട് എടുത്തു, മറന്നു വെച്ചത് കൊണ്ട് കൊടുക്കാനെന്ന ഭാവത്തിൽ ഞാൻ ക്ലാസ്സിലേക്ക് നടന്നു. ഒരു നോക്കും കൂടി കാണാൻ. 

2013 ജൂൺ 7, വെള്ളിയാഴ്‌ച

വിചാരിക്കണ്ടേ?

മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം നിറങ്ങളും മണങ്ങളും ചലനങ്ങളും മടങ്ങിവരുന്ന സമയമാണ് വസന്തം. കൊടും തണുപ്പിനും കൊടും ചൂടിനും ഇടയിലെ പാലം. സുന്ദരി മഴകളുടെ കാലം. ആകപ്പാടെ ഉണർവ്വ് . തുടക്കങ്ങൾ.

പക്ഷേ ... മനസ്സിലൊരു മൊട്ടുസൂചി.  റോഡിനു നടുവിൽ അണ്ണാന്മാരുടെ, മുയലുകളുടെ, പേരറിയാത്ത കുഞ്ഞു ജീവികളുടെ ശവശരീരങ്ങൾ.  എത്രയെണ്ണം എന്നും കാണുന്നു എന്നതിന് കണക്കില്ല.  പല നിലയിൽ ജീർണിച്ചതും ചതഞ്ഞതും. 

ഇന്ന് രാവിലെ ഇട റോഡിൽ വെച്ച് ഒരു അണ്ണാൻ കാറിന് കുറുകേ ചാടി.  25 മൈൽ മാത്രം സ്പീഡ് ലിമിറ്റ് ഉള്ള, ഏഴ് ബമ്പുകൾ ഉള്ള, മിക്കവാറും വിജനമായ സ്ഥലം. ഞാൻ കാർ  നിറുത്തി കൊടുത്തു.  അത് ഇങ്ങോട്ടും പിന്നെ അങ്ങോട്ടും ഓടി, കുറച്ചു അനങ്ങാതെ നിന്നു. എന്തൊരു കൌതുകം എന്നോർത്ത് ഞാനും നിന്നു.

രണ്ടു നിമിഷത്തിൽ, ഞങ്ങളുടെ നിർഭാഗ്യത്തിനു, ഒരു കാർ  പിന്നിൽ വന്നു ചവുട്ടി നിർത്തി. ഞാൻ പരിഭ്രമിച്ചു . അണ്ണാൻ ഇപ്പോളും ചിന്താകുഴപ്പത്തിൽ. എന്ത് എന്നാലോചിക്കുന്നതിനു മുൻപ്,  പിന്നിൽ നിന്നയാൾ വശത്തൂടെ എടുത്തു, മുന്നില് കേറ്റി കൊണ്ടുപോയി.  പോകുന്ന വഴിക്ക് എന്തൊക്കെയോ വിളിച്ചു പറയുകയും, നടുവിരൽ ഉയർത്തി കാണിക്കുകയും, ഉച്ചത്തിൽ ഹോണ്‍ അടിക്കുകയും ചെയ്തു.

അയ്യോ. കൊലപാതകം. എന്റെ അണ്ണാൻ. കാണാൻ വയ്യാതെ, ആലോചിക്കാൻ വയ്യാതെ, കണ്ണും പൊത്തി ഞാനിരുന്നു.

ഒരു ശബ്ദം കേട്ടു. കാറിന്റെ മേലേ എന്തോ വീണ പോലെ.  അണ്ണാൻ.  പോയില്ല. രക്ഷപ്പെട്ടു. ഇപ്രാവശ്യം ഭാഗ്യം. ഇനിയൊരിക്കൽ ? അതിനു വിചാരമില്ല. അതങ്ങനെ ഒരു സൃഷ്ടി. നമ്മൾ വിചാരിക്കണ്ടേ? എവിടെ കാലു വെക്കുന്നു എന്ന്,  എവിടെ കാർ ഓടിച്ച് കേറ്റുന്നു എന്ന് ?

2012 ജൂലൈ 22, ഞായറാഴ്‌ച

ഇന്നലെയില്‍നിന്നും നാളെയിലേക്ക് നടക്കുമ്പോള്‍


ഇന്നലെയുടെ തിരമാലകള്‍ തന്ന മുത്തുകള്‍ 
കോര്‍ത്ത്‌ കഴുത്തില്‍ അണിയരുത് നീ,
മണിച്ചെപ്പില്‍ അടച്ചു വെക്കുകയും അരുത്. 

അലങ്കാരമാവില്ല, അവ ഭാരമായേ വരൂ .
നഷ്ടബോധങ്ങളുടെ നീറ്റലിനു, 
കണ്ണീരിനും കാരണമായെ വരൂ. 

ആ ബന്ധനങ്ങളെ തകര്‍ക്കണം, 
കാലത്തിന്റെ തീയിലെരിക്കണം, 
അതിന്റെ ചാരം ഇന്നിനു വളമാകണം. 

 നിന്റെ കണ്ണീരിലൂടെയല്ല ,
നിശ്വാസങ്ങളിലൂടെയല്ല, 
പുഞ്ചിരിയിലൂടെ,  ആത്മവിശ്വാസത്തിലൂടെ,

ലോകം നിന്നെയറിയട്ടെ.
നിന്റെ ഇന്നലെകളെ അറിയട്ടെ,
നിന്റെ കൂടുകാരിയെ അറിയട്ടെ.

അവള്‍ അക്ഷരങ്ങളാക്കി കുറിച്ച
നിങ്ങളുടെ സ്നേഹത്തെ അറിയട്ടെ.

മത്സ്യകന്യക


തിരമാലകളെയും മണല്‍പരപ്പിനേയും  തേടി വീണ്ടും അവള്‍ വന്നു. അവളുടെ മഴക്കാറുകള്‍ കൂടെയും. 

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വറ്റാത്ത സ്നേഹവുമായി വെള്ളം അവളുടെ കാല്‍ വിരല്‍  തുമ്പ് തൊട്ടു വിളിച്ചു. പോരു..  എന്റെ മകളേ, തിരിച്ചു വരൂ,  നിന്‍റെ ഭാരങ്ങള്‍ കരയില്‍ ഉപേക്ഷിച്ച്‌ എന്നില് അലിയൂ. കരയും കാറ്റും നിന്നെ ക്ഷീണിപ്പിച്ചിരിക്കുന്നു. വിശ്രമിക്കു.. വെയിലേറ്റു കരിഞ്ഞു കൊഴിഞ്ഞ നിന്റെ ശലകങ്ങള്‍ വീണ്ടും ജീവിക്കട്ടെ.  ആഴങ്ങള്‍ നിനക്ക് വേണ്ടി കാത്തിരിക്കുന്നു.

വയ്യ അമ്മേ, എനിക്കിവിടെ ജീവിക്കാന്‍ വയ്യ.  ഈ കര എന്നെ വീണ്ടും വീണ്ടും തോല്‍പ്പിക്കുന്നു.  എനിക്ക് തിരിച്ചു വരാനും വയ്യ.  എന്നെ കാത്തിരിക്കുന്ന മൂന്നു ജോടി കണ്ണുകള്‍ എന്നെ കെട്ടിയിട്ടിരിക്കുന്നു.  ഞാന്‍ ഇവിടെ വെറുതെ കുറച്ചു നേരം ഇരുന്നോട്ടെ,  നിന്റെ മടിയില്‍ കിടന്നോട്ടെ. എന്നെ ഒന്ന് ഉറക്കാമോ?

2012 ജൂലൈ 18, ബുധനാഴ്‌ച

ഉഴുന്ന് വടയുടെ ആനിവേര്‍സറി



എന്റെ 3 വയസ്സുകാരന്‍ പയ്യന്‍സ് കണ്ണന്‍...  പ്ലേ സ്കൂള്‍ കഴിഞ്ഞു വന്നു മന്നുരുട്ടി കളിയിലാണ്.  ഞാനും കൂടെ.  മണ്ണ് പലഹാരങ്ങള്‍ ഉണ്ടാക്കി എന്നെ കഴിപ്പിക്കലാണ് കളിയുടെ പ്രമേയം. നല്ല സ്വാദ് എന്നൊക്കെ തലകുലുക്കി ആസ്വദിച്ച്  "കഴിച്ചു" കൊണ്ടിരുന്നതിനു ഇടയില്‍ 'ഉഴുന്ന് വട' മനസ്സില്‍ തലനീട്ടി. എന്റെ ആദ്യം വെളിച്ചം കണ്ട കഥയാണ് 'ഉഴുന്ന് വട'.  കോളേജ് മാഗസിനില്‍ .  കോളേജ് കാന്റീനിലെ കാപ്പിയുടെയും ഉഴുന്ന് വടയുടെയും പ്രചോദനത്തില്‍ ഞാനും ഒരു എഴുത്തുകാരിയായി.  അന്നത്തെ ആ വടയുടെ സ്വാദ് ഇത്തിരി എന്റെ പയ്യനും അറിയാന്‍ എന്ത് ചെയ്യണം എന്നാലോചിച്ചു,  പതുക്കെ പാചക ജോലി ഏറ്റെടുത്തു, മണ്ണ് കൊണ്ട് ഒരു കുഞ്ഞു ഉഴുന്ന് വടയുണ്ടാക്കി പ്ലേറ്റില്‍ വെച്ചു. കണ്ണന്റെ പ്രതികരണം എന്താണെന്നു അറിയാമല്ലോ.  അവനിത് വരെ ഉഴുന്ന് വട കണ്ടിട്ടില്ല.  അമേരിക്കയിലെന്തു ഉഴുന്ന് വട!! വല്ലപ്പോളും  സരവണഭവനില്‍ ചെന്ന്‍ ഒരു മസാല ദോശ കഴിച്ചാലായി.  ആദ്യം അവനത്ര ശ്രദ്ധിച്ചില്ല, പിന്നെ നോക്കുമ്പോ അവന്റെ കപ്പ്‌ കേക്ക് ഇന്റെയും സാന്‍ഡ്വിട്ച്ഇന്റെയും  ഇടയില്‍ ഒരു പുതിയ പലഹാരം.  അവന്റെ കണ്ണുകള്‍ വിടരുന്നു , കൈകള്‍ അതിനെ പരിശോധിക്കാന്‍ ചെല്ലുന്നു.   ഇതെന്താണ് എന്നൊക്കെ ചോദിക്കും, അപ്പൊ കുറച്ചു കഥയും അതിലൊരു കൊച്ചു കേരളവും ഒക്കെ കൊണ്ട് വരാം എന്നൊക്കെ ഉത്സാഹിച്ചു ഞാന്‍ അടക്കി പിടിച്ചു ഇരിക്കുന്നു.  അവന്‍ അതെടുത്തു ശ്രദ്ധയോടെ കത്തി കൊണ്ട് മുറിച്ചു പ്ലേറ്റില്‍ വെച്ചു, എന്റെ നേരെ:  "have a donut അമ്മേ,  yummy!"

തിരിച്ചു വരാത്ത സമയങ്ങള്‍

വെറും വെറുതെ നടന്നിരുന്ന കാലം, തോന്നുമ്പോള്‍ എണീറ്റ്, തോന്നുന്ന സ്ഥലത്ത് കറങ്ങി നടന്നു, തോന്നിയപ്പോള്‍ വയറു നിറയെ മസാല ദോശയും അടിച്ചു, അതൊരു സമയം!

കല്യാണം കഴിഞ്ഞു, ഗൃഹ ഭരണവും തുടങ്ങി. കറങ്ങി നടക്കാനും കടല കൊറിക്കാനും കൂട്ടായി. തോന്നിയതൊക്കെ പറഞ്ഞും തണുപ്പത്ത് കെട്ടിപ്പിടിച്ചു കിടന്നും ദിവസങ്ങള്‍ നിമിഷങ്ങളായി. മനസ്സ് പറഞ്ഞു : ആഹ, ഇതാണ് സമയം!

അവനെന്റെ ഉള്ളില്‍ വളരുന്നു എന്ന് അറിഞ്ഞു - പുഞ്ചിരികള്‍ ഉള്ളില്‍ കിടന്നു തുള്ളി; നിവൃത്തിയില്ലാതെ ചുണ്ടത്ത് ചാടി വന്നു. നടപ്പ് ആകാശത്ത്. മനസ്സ് പിന്നെയും : "ഇത്രയും വിലപിടിച്ച ഒരു സമയമുണ്ടാവില്ല!"

എത്രയോ അധ്വാനം കഴിഞ്ഞു ഞാന്‍ അവനെ ആദ്യം കണ്ടപ്പോള്‍ വാക്കുകളില്ലതെയായി, ഈ ലോകമേ ഇല്ലാതെയായി. സമയവും ഇല്ലാതെയായി. തിരിച്ചു വന്നപ്പോള്‍ തോന്നി : ഇതാണ്, ഇതാണ്, ഇതാണ്.

അവന്‍ ചിരിച്ചു, കൊഞ്ചി, കമിഴ്ന്നു, ഉരുണ്ടു, നീന്തി, ഇരുന്നു, പിടിച്ചു നിന്നു, നടന്നു, അമ്മേ എന്ന് വിളിച്ചു. കിട്ടിയതെല്ലാം ക്യാമറ കണ്ണ് അമര്‍ത്തി കാറ്റ് കേറാതെ എടുത്തു വെച്ചു. ഇനിയൊരിക്കല്‍ ആ അനുഭവങ്ങളിലേക്ക് തിരിഞ്ഞു നടക്കാന്‍ ഒരു പിടിവള്ളി.

സ്കൂളില്‍ പോയി വന്ന് പാല്‍ കുടിച്ചു കൊണ്ട് ഇന്നത്തെ അങ്കത്തിന്റെ വിവരണം നടക്കുന്നു എന്റെ മടിയില്‍ . അവന്റെ മുടിച്ചുരുളിലൂടെ വിരലോടിച്ചു, കേട്ടും കേള്‍ക്കാതെയും പല രീതിയില്‍ മൂളിയും അവനില്‍ അലിഞ്ഞു ഞാന്‍ . മനസ്സ് പിറുപിറുക്കുന്നു : "ഇനി എത്ര കാലം?"

2010 നവംബർ 17, ബുധനാഴ്‌ച

പരിചയം

പ്രഭയുടെ ഓഫീസില്‍ വെച്ചാണ്‌ സുമിത്ര അയാളെ ആദ്യം കാണുന്നത്. അന്ന് ഉച്ചഭക്ഷണം പുറത്തു പോയി കഴിക്കാനായിരുന്നു പ്ലാന്‍. പ്രഭ കുടയും ബാഗും എടുത്തു ഇറങ്ങി കഴിഞ്ഞിരുന്നു അയാള്‍ വന്നപ്പോളേക്കും. എവിടെയോ കണ്ടു പരിചയം ഉള്ള പോലെ തോന്നി സുമിത്രയ്ക്ക്, പക്ഷേ ഒരേ ഓഫീസില്‍ ജോലി ചെയ്യുന്ന ഒരാളെ കുറിച്ച് അങ്ങനെ തോന്നുന്നത് സ്വാഭാവികം മാത്രം. പ്രഭയോടു എന്തോ സംശയം ചോദിക്കാനാണ് അയാള്‍ വന്നത്. പുറത്തേക്കു ഇറങ്ങാന്‍ തുടങ്ങുകയാണ് എന്ന് കണ്ടു കാര്യം ഇമെയില്‍ ചെയ്യാം എന്നും പറഞ്ഞു അയാള്‍ ഒഴിഞ്ഞു. വളരെ പ്രസാദവും ഭവ്യതയും നിറഞ്ഞ പെരുമാറ്റം - ഇദ്ദേഹത്തെ ഒന്ന് പരിചയപ്പെടണം എന്ന് സുമിത്ര മനസ്സില്‍ വിചാരിച്ചു.

അതിനുള്ള അവസരം കിട്ടിയത് അന്ന് വൈകിട്ട് വീടിലേക്ക്‌ പോവാന്‍ വേണ്ടി ലിഫ്റ്റില്‍ കയറിയപ്പോളാണ്. ശ്രീജിത്ത് വാവയെ ഡേയ് കേറില്‍ നിന്ന് എടുത്തു ഓഫീസിനു താഴെ കാത്തു നില്‍പ്പുണ്ടാവും. വര്‍ത്താനം പറയാനുള്ള മൂഡ്‌ അല്ല, എന്നാലും അവസരം വെറുതെ കളയാന്‍ മടി തോന്നി. അയാളാണെങ്കില്‍ വളരെ പരിചയം ഉള്ള പോലെ ചിരിക്കുകയും ചെയ്തു.

സുമിത്ര: "പ്രഭുയുടെ ടീം - ഇല്‍ ആണോ?"
അയാള്‍: "ഏയ്! ഞാന്‍ സിസ്റ്റം എഞ്ചിനീയറിംഗ് ഡിപാര്‍ട്ട്‌മെന്റ് -ഇല്‍ തന്നെയാണ്. "
സുമിത്ര: (ഓഹോ. അപ്പോള്‍ അതാണ് ടീം.) " ഇപ്പോള്‍ റിലീസ് 15 ഇന്റെ തിരക്കാവും അല്ലെ?"
അയാള്‍: "അതെ. തെരക്കായി വരുന്നു. നിങ്ങളുടെ വര്‍ക്ക്‌ എങ്ങനെ? വിരുന്നുകാരും ഒക്കെയായി വീട്ടിലും തെരക്കാവും അല്ലെ?"
സുമിത്ര: (ഏഹ്? വീട്ടിലെ കാര്യം ഇയാള്‍ക്കെങ്ങനെ...?) "കുഴപ്പമില്ല."
അയാള്‍: "വാവ ഡേ കേര്‍ ഒക്കെയായി അഡ്ജസ്റ്റ് ആയോ?"
സുമിത്ര: (വാവ രണ്ടു ദിവസമേ ആയുള്ളൂ ഡേ കേറില്‍ വിടുമ്പോ കരയാതെ ആയിട്ടു. ഇയാള്‍ക്ക് ഇതൊക്കെ എങ്ങനെ അറിയാം? ) "ഇപ്പൊ അഡ്ജസ്റ്റ് ആയി... ക്ഷമിക്കണം, എനിക്ക്.. മനസ്സിലായില്ല.. ഇദ്ദേഹത്തിന്റെ പേരെന്താണ്?"
അയാള്‍: "ദിആസ് ആഹ്മെദ്‌".
സുമിത്ര എത്ര ചിക്കി ചികഞ്ഞിട്ടും അങ്ങനെ ഒരു പേര് ഓര്‍മയില്‍ ഇല്ല. സുമിത്രയുടെ അങ്കലാപ്പ് കണ്ടിട്ടാവാം, കുറച്ചു വിശദീകരിക്കാം എന്ന് ദിആസ് കരുതിയത്‌.
ദിആസ്: "നിങ്ങളുടെ ഭര്‍ത്താവിന്റെ വളരെ അടുത്ത കൂട്ടുകാരനാണ് ഞാന്‍. ഞങ്ങള്‍ ഒരുമിച്ചു പഠിച്ചു, ഒരുമിച്ചു ജോലിയില്‍ കയറി, വേറെ ടീമില്‍ മാറുന്നതിനു മുന്‍പ് കുറെ ഒരുമിച്ചു ജോലി ചെയ്തു. ഭര്‍ത്താവിന്റെ കൂട്ടുകാരെ ഒക്കെ അറിഞ്ഞിരിക്കണ്ടേ? നിങ്ങളെ കഴിഞ്ഞ മാസം ഓഫീസ് ഫാമിലി ഗെറ്റ് ടുഗേതര്‍-ഇല്‍ വെച്ച് കണ്ടു സംസാരിച്ചതും ആണല്ലോ. അപ്പോളാണ് വാവയെ കണ്ടതും. വാവക്ക് ബലൂണ്‍ വീര്‍പ്പിച്ചു കൊടുത്ത ഒരു തടിയനെ ഓര്‍മയില്ലേ, അയാള്‍ തന്നെയാണ് ഞാന്‍. ഇത്ര പെട്ടെന്ന് മറന്നോ?"
സുമിത്രയ്ക് ഓര്‍മ വന്നു. വെറുതെയല്ല മുന്‍പ് കണ്ടിരുന്നു എന്ന് തോന്നിയത്. പക്ഷേ ശ്രീജിത്തിനു ഇങ്ങനെ ഒരു കൂട്ടുകാരന്‍? സുമിത്രയ്ക് കുറച്ചു കുറ്റബോധം തോന്നി, ശ്രീജിത്തിനോട് നല്ല ദേഷ്യവും. അത് മായ്ച്ചു വെച്ച് പുഞ്ചിരിച്ചു. "ശെരിയാണ്‌, എന്റെ മറവിയാണ്, മാപ്പ് പറയുന്നു."
ദിആസ്: "ഹേയ്! മാപ്പൊന്നും വേണ്ട. കുറെ ഡ്രൈവ് ഉണ്ടല്ലോ, എളുപ്പം ചെന്നോളൂ, പിന്നീട് സംസാരിക്കാം!"
സുമിത്ര: "ശെരി. പിന്നെ കാണാം."
വടി കൊടുത്തു അടി വാങ്ങി എന്ന് തോന്നി സുമിത്രയ്ക്‌.
----------
സുമിത്ര: "ശ്രീജിത്തിനു അറിയാമോ ദിആസ് എന്ന ആളെ?"
സുമിത്രയുടെ ഓഫീസ് ഗെറ്റ് ടുഗേതരിനു പരിചയപ്പെട്ടിരുന്നു ദിആസ്-ഇനെ . സുമിത്രയുടെ കൂടെ ജോലി ചെയ്യുന്ന ശരത്തിന്റെ സുഹുര്‍ത്ത്. ശ്രീജിത്തിനു ശരത്തിനെ ഇഷ്ടപ്പെട്ടിരുന്നില്ല. ആ ഗ്രൂപ്പില്‍ ചെന്നിരുന്നു പൊങ്ങച്ചം പറച്ചില്‍ സഹിച്ചു മുഷിഞ്ഞു; ഇനി സുമിത്രയുടെ ഓഫീസ് വക ഒരു പരിപാടിക്കും തല കാണിക്കുക പോലും ഇല്ല എന്ന് ഉറപ്പിച്ചിരുന്നു. അയാളുടെ കാര്യം ഇപ്പോള്‍ ചോദിയ്ക്കാന്‍? ഇനിയും വല്ല പാര്‍ട്ടിയ്ക്കോ മറ്റോ വിളിച്ചെന്നാണോ? കാറോടിക്കുന്നതിനിടയില്‍ അലസമായി ശ്രീജിത്തിന്റെ മറുപടി "ഊം".
സുമിത്ര: "അയാളെ ഓഫീസില്‍ വെച്ച് കണ്ടിരുന്നു".
ശ്രീജിത്ത്‌: (അത്രെ ഉള്ളൂ? അതിലിപ്പോ പറയാന്‍ എന്താണ് ഉള്ളത്?) "ഓക്കേ."
അത്ര പറഞ്ഞപ്പോളെക്കും അമ്മുവാവ ബിസ്കറ്റ് കിട്ടാന്‍ വേണ്ടി ചിണുങ്ങാന്‍ തുടങ്ങി, അതിന്റെ തിരക്കില്‍ സുമിത്ര ദിആസ്-ഇനെ മറന്നു.
----------
ദിആസ് -ഇന് ആ കൂടിക്കാഴ്ച വളരെ വിചിത്രമായി തോന്നി. ശരത്തിനെ വളരെ കാലമായി പരിചയം ഉള്ളതാണ്. അയാളുടെ ഭാര്യ ജോലി ചെയ്യുന്നുണ്ട്, അതും ഒരേ ഓഫീസില്‍ എന്നത് ഒരു മാസം മുന്‍പ് ഓഫീസ് പാര്‍ടിയില്‍ വെച്ചാണ്‌ മനസ്സിലായത്. ഭാര്യയെ പറ്റി വളരെ സംസാരിക്കുമെങ്കിലും ഇത് വരെ ഒരു പരിപാടിക്കും ശരത് ഭാര്യയെ കൊണ്ട് വരാറില്ല. കണ്ടിട്ടില്ലെങ്കിലും പറഞ്ഞു കേട്ട് വളരെ അടുത്ത പരിചയം തോന്നിയിരുന്നു ലീനയോട്. പാര്‍ട്ടിയില്‍ ശരത്തിന്റെ അടുത്ത് ഒരു കുഞ്ഞു വാവയേയും എടുത്തു ഒരു യുവതി പ്രത്യക്ഷപ്പെട്ടപ്പോള്‍ അവസാനം ലീനയെ നേരിട്ട് പരിചയപ്പെടാമല്ലോ എന്ന്‍ വിചാരിച്ചു ഓടി ചെന്നതാണ്. പരിചയപ്പെടുത്തുന്നതിനു മുന്‍പേ ശരത്തിന് ഒരു ഫോണ്‍ വന്നു, അയാള്‍ അതെടുത്തു സംസാരിച്ചു കൊണ്ട് ദൂരേക്ക്‌ പോവുകയും ചെയ്തു. ഹലോ പറഞ്ഞപ്പോളെക്കും കുഞ്ഞു പരിചയക്കേട്‌ കൊണ്ട് കരഞ്ഞു തുടങ്ങി. കരച്ചില്‍ മാറ്റാനുള്ള വഴി നോക്കി ലീന ചുറ്റും നോക്കാനും തുടങ്ങി. ദിആസ് ഒരു ബലൂണ്‍ ഒക്കെ വീര്‍പ്പിച്ചു കൊടുത്തപ്പോളാണ് കരച്ചില്‍ നിര്‍ത്തിയത്. അപ്പോളേക്കും ഡയറക്ടര്‍ വെല്‍ക്കം ഒക്കെ പറയാന്‍ തുടങ്ങി, അങ്ങനെ ലീനയോട് ഒന്നും സംസാരിക്കാനും പറ്റിയില്ല. സത്യത്തില്‍ ഇങ്ങനെയല്ല ലീനയെ സങ്കല്‍പ്പിച്ചിരുന്നത്. വളരെ ഒതുക്കവും, വളരെ പതിഞ്ഞ സംസാരവും ആയി, ആള്‍ക്കാരോട് സംസാരിക്കാന്‍ മടിയുള്ള, ഒരു നാടന്‍ ടൈപ്പ് ആയിട്ടാണ് വിചാരിച്ചിരുന്നത്. ഇന്ന് ലിഫ്റ്റില്‍ വെച്ച് കണ്ടപ്പോള്‍ ഇങ്ങോട്ട് സംസാരിക്കും എന്ന് വിചാരിച്ചതെയില്ല. അതും തന്നെ ഒട്ടും അറിയില്ല എന്ന രീതിയില്‍ പേര് ചോദിച്ചതും, പേര് പറഞ്ഞിട്ടും അറിയാതെ പരിചയപ്പെടുത്തേണ്ടി വന്നതും ഓര്‍ത്തപ്പോള്‍ വിഷമവും തോന്നി. അപ്പോള്‍ ശരത് തന്നെപ്പറ്റി അത്രയെ വിചാരിച്ചിട്ടുള്ളൂ. എന്തായാലും ഒരു അകലം വെച്ച് പെരുമാറുന്നതാണ് നല്ലത്.
--------------

2010 നവംബർ 10, ബുധനാഴ്‌ച

നിന്റെ ഓര്‍മയില്‍.

വെളിച്ചം വീണു തുടങ്ങുന്നതേയുള്ളൂ. രാത്രിയില്‍ വീണ മഞ്ഞ് ജനല്‍ ചില്ലില്‍ പറ്റിപിടിച്ചിരിക്കുന്നു. സ്വാതി പകുതി ഉറക്കത്തില്‍ ക്ലോക്ക് നോക്കി. 7 മണി. എണീക്കണോ എന്നാലോചിച്ചു. എണീട്ടിട്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. പ്രശാന്ത് നേരത്തെ എണീറ്റു എന്ന് തോന്നുന്നു. രാവിലെ ഒരു കാപ്പിയും ന്യുസ്പേപ്പരിന്റെ കോമിക്സ് കഷണവും കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക്-ഉം കൂടിയാല്‍ സ്വര്‍ഗം എന്നാണ് പ്രശാന്തിന്. സ്വാതിക്കും ഒരു കാപ്പി കിട്ടിയാല്‍ കൊള്ളാമായിരുന്നു; ബെഡ് കോഫി ആണെങ്ങില്‍ അടിപൊളി. പ്രശാന്തിനെ വിളിച്ചു നോക്കി, ഉത്തരം കിട്ടിയില്ല. ടിവിയുടെ ശബ്ദം കേള്‍ക്കുന്നില്ല. ശീലം തെറ്റിച്ചു നടക്കാന്‍ പോയിരിക്കാം. കുറച്ചൂടെ ഉറങ്ങാം.
* * *
പ്രശാന്ത്‌ അതിരാവിലെ സുഖമുള്ള ഒരു സ്വപ്നം കണ്ടു കൊണ്ടാണ് ഉണര്‍ന്നത്. സ്വപ്നം എന്തായിരുന്നു എന്നോര്‍മ വന്നില്ല. പക്ഷേ അതില്‍ നീന ഉണ്ടായിരുന്നു. നീനയുടെ വിളി കേട്ടാണ് ഉണര്‍ന്നത്. അതിന്റെ സുഖം പിടിച്ചു കുറച്ചു നേരം കിടന്നു. നീന പതുക്കെ അലിഞ്ഞില്ലാതായി. സ്വാതി നല്ല ഉറക്കം. ഉറങ്ങിക്കോട്ടെ. ഇന്ന് കുറച്ചു അവധി വേണം, കുറച്ചു സമയം നീനക്ക് വേണ്ടി മാത്രം. ഒരു കാപ്പി എടുത്തു. പുറത്തിറങ്ങി, വാതില്‍ അടച്ചു, പടിയില്‍ ഇരുന്നു. സുഖമുള്ള തണുപ്പില്‍ കാപ്പി ഊതി കുടിക്കാന്‍ ഒരു പ്രത്യേക സുഖമുണ്ട്. നീന ഓര്‍മ മാത്രമായിട്ടു എത്ര വര്‍ഷം? ആല്‍ബം തുറന്നു താളുകള്‍ പൊടിതട്ടി. കാപ്പി തീര്‍ന്നപ്പോള്‍ അടച്ചു വെച്ചു. ഇന്ന് പിറന്നാളാണ്. നീനക്കെന്താണ് പിറന്നാളിന് സമ്മാനം വേണ്ടത്?
* * *
അടുക്കളയില്‍ ചെറിയ തട്ടും മുട്ടും. കാപ്പി പോരാതെ ഓംലെറ്റ് ഉണ്ടാക്കാനോ മറ്റോ നോക്കുകയാണോ? എന്തെങ്കിലും തപ്പുകയാണോ? സ്വാതി സാധനങ്ങള്‍ സ്ഥലം മാറ്റി വെക്കുന്നു എന്നുള്ളത് പ്രശാന്തിന്റെ സ്ഥിരം പരാതിയാണ്. സ്വാതിക്ക് ചെറിയ ഒരു ശുണ്ടി ഒക്കെ വന്നു. ഞായറാഴ്ച രാവിലെ തല്ലു കൂടാനുള്ള പുറപ്പാടാണോ? അടുക്കളയില്‍ എത്തുന്നതിനു മുന്‍പേ മണം കിട്ടി, പായസം! തവിയും കൈയില്‍ പിടിച്ചു നില്‍കുന്ന പ്രശാന്തിനെ സ്വാതി അത്ഭുതത്തോടെ നോക്കി. പ്രശാന്തിന് ഇതിനും മാത്രം പാചകം അറിയാം എന്ന് സ്വാതിക്ക് ഊഹം പോലും ഉണ്ടായിരുന്നില്ല. ഇന്നെന്താണ് പ്രത്യേകത? സ്വാതി ഓര്‍ത്തു നോക്കി - പ്രശാന്തിന്റെ പിറന്നാള്‍ അല്ല, ആനിവേര്‍സറി അല്ല.. വെറും ഒരു ഞായറാഴ്ച. അപ്പൊ പായസം? രണ്ടാള്‍ക്ക്‌ വേണ്ടി ഇത്രയും പായസം? കണക്കു തെറ്റിയതാണോ?
* * *
തളിര്‍ സെന്ററില്‍ മുപ്പതിനടുത്തു കുട്ടികളുണ്ട്, പല പ്രായക്കാര്‍. രഘു ആണ് കാര്യസ്ഥന്‍. ഓഫീസ് എഴുമണി അടിക്കുന്നതിനു മുന്‍പ് തന്നെ തുറന്നു. ഇത്രയും നേരത്തെ ആരും വരില്ലായിരിക്കാം, പക്ഷേ ആരെങ്കിലും വന്നിട്ട് ആളില്ലാതെ തിരിച്ചു പോവേണ്ടി വന്നാല്‍ കുട്ടികള്‍ക്കാണ് അത് നഷ്ടം. സാധാരണ ഒരു അനാധാലയതിനുള്ള അരിഷ്ടതകളൊക്കെ ഇവിടെയും ഉണ്ട്, എന്നാലും തെറ്റില്ല. രഘു ഓഫീസില്‍ കുറച്ചു നേരമേ ഇരുന്നുള്ളൂ. ആരെങ്കിലും വന്നാല്‍ ബെല്‍ അടിച്ചു ആളെ വരുത്താന്‍ സൗകര്യം ഉണ്ട്. ഞായറാഴ്ച രാവിലെ കാര്‍ട്ടൂണ്‍ ഷോ ഉണ്ട്; കുറെ പേരൊക്കെ ടിവിയുടെ മുന്‍പില്‍ ഇപ്പോളേ സ്ഥാനം പിടിച്ചിട്ടുണ്ട്. പഴയ ടിവിയാണ്. ഒന്ന് ടൂണ് ചെയ്തു ചാനല്‍ കിട്ടിക്കണം. സാധാരണയായി തുടങ്ങിയ ഞായറാഴ്ചയ്ക്ക് ചെറിയൊരു മാറ്റം വന്നത് രഘുവിന് ഒരു ഫോണ്‍ കാള്‍ വന്നപ്പോളാണ്. വിരോധമില്ലെങ്കില്‍, കുറച്ചു പാല്‍പായസം ഉള്ളത് കുട്ടികള്‍ക്ക് പ്രാതലിനൊപ്പം കൊടുക്കാമോ എന്ന് ചോദ്യം. എന്താണ് വിരോധം?
* * *
കാര്‍ട്ടൂണ്‍ എന്നോര്‍ത്ത് കൊണ്ടാണ് നീന രാവിലെ എണീറ്റത് തന്നെ. രഘു അമ്മാവന്‍ തല്ലിപ്പൊളി ടിവിയെ കുത്തും അടിയും ഒക്കെ കഴിഞ്ഞു, എന്നാലും പ്രോഗ്രാം ഇടയ്ക്കു ചാടി പോവുന്നു. നീന ഒളികണ്ണിട്ടു രഘുവിനെ നോക്കി. രഘു അമ്മാവന്‍ എപ്പോളും ഗൌരവത്തിലാണ്. ദേഷ്യം വന്നാല്‍ മീശയുടെ തുമ്പ് വിറക്കും; മുന്‍പില്‍ നില്കുന്നവരും വിറക്കും. പക്ഷേ ഇന്ന് നല്ലോണം ക്ഷമ ഉണ്ട്. പോരാത്തതിനു നീനയുടെ അലങ്കോലം മുടിയൊക്കെ മാടി ക്ലിപ്പ് ഒക്കെ ശെരിയാക്കി തരുകയും ചെയ്തു. ആരെങ്കിലും കുഞ്ഞു വാവമാരെ കൊണ്ട് പോവാന്‍ വരുന്നോ ആവൊ? നാന്‍സി വാതില്കല്‍ നിന്ന് ഊണ് മുറിയിലേക്ക് വരാന്‍ ‍ആംഗ്യം കാണിക്കുന്നു. രാവിലെ അടുക്കളയില്‍ പോയി നോക്കിയതാണല്ലോ.. ഇഡ്ഡലി! ആര്‍ക്കു വേണം! ഇപ്പൊ പോയാല്‍ ഇനി ഇവിടെ സീറ്റ്‌ കിട്ടില്ല. കാര്‍ട്ടൂണ്‍ കാണണ്ടേ? നാന്‍സി വിടുന്നില്ല.. പോയേക്കാം! ഓടുന്നതിനിടയില്‍ നാന്‍സി സ്വകാര്യം പറഞ്ഞു ... പായസം!

2010 നവംബർ 5, വെള്ളിയാഴ്‌ച

ലോട്ടറി

സബ്‌വെ ട്രെയിന്‍ സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോ ധൃതി പിടിച്ചാണ് ഇറങ്ങിയത്‌. എല്ലാം കൈയില്‍ എടുത്തിട്ടുണ്ട് എന്ന് ഉറപ്പു വരുത്തി escalator-ന്റെ നേര്‍ക് നടന്നു. അപ്പോളാണ് ആദ്യത്തെ തടസ്സം - escalator അടഞ്ഞു കിടക്കുന്നു. repair ആണത്രേ. മുകളിലേക്ക് എത്തിയാല്‍ അവിടെ തന്നെയാണ് പുറത്തേക്കുള്ള ഗേറ്റ്. രണ്ടു മാസമായി ദിവസവും ഇതിലെയാണ് വരവ്. ഇതുവരെ ഇങ്ങനെ ഒരു പറ്റു പറ്റിയിട്ടില്ല. കൂടെ സഹമുറിയത്തി ഉള്ളപ്പോ വല്ലതും കേടാവാമായിരുന്നില്ലേ ആവൊ? അവള്‍ രക്ഷിച്ചേനെ. ഇനിയിപ്പോ എങ്ങനെ പുറത്തിറങ്ങും? ആള്‍കാര്‍ക്ക് ഇതൊരു സംഭവമേയല്ല! ആരും ഇങ്ങോട്ട് വരുന്നേയില്ല- ഈ കോണി ആരും ഉപയോഗിക്കാറേ ഇല്ല! ഹും! അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. ഒരു സബ്‌വെ പോലീസിനെ പിടിച്ചു നിര്‍ത്തി. "ഹൌ ടു ഗോ ഔട്ട്‌" എന്ന് ഒപ്പിച്ചു. തിരിച്ചു 'എവെരെസ്റ്റ് എങ്ങനെ കേറും' എന്നാ ചോദ്യം കേട്ടപോലെ പകച്ചു ഒരു നോട്ടം.. പോലീസുഅമ്മാവന് ഒന്നും മനസ്സിലായില്ല എന്ന് മനസ്സിലായി. അവസാനം കോണി കേറുന്ന ആംഗ്യം ഒക്കെ കാണിച്ചു കാര്യം ശെരിയാക്കി. വഴി കിട്ടി. ഫൈനല്‍ പരീക്ഷയാണ്; വൈകാന്‍ പറ്റില്ല. ഓടി.

ഓട്ടം ഗേറ്റ് കടക്കുന്നതിനു മുന്‍പേ പിടിച്ചു നിര്‍ത്തിയപോലെ നിന്നു. എന്തൊരു തണുപ്പ്! നവംബര്‍ തുടങ്ങിയതെയുള്ളു. ഇപ്പോളേ ഇത്രയും തണുപ്പ് ആണെങ്ങില്‍..! വഴിയുടെ മറുവശത്ത് burgerking -ഇന്‍റെ ചിമ്മിനിയില്‍ നിന്നു പുക വരുന്നു; കൂടെ തലമുടി കരിഞ്ഞ മണവും; സ്ടോപും ഗേറ്റ്-ഉം ശരി തന്നെ. വലത്തോട്ട് തിരിഞ്ഞു. ക്ലാസ്സിലെത്താന്‍ ഇനിയും നടക്കണം നാലു ബ്ലോക്ക്‌ കൂടെ. വീട്ടില്‍ നിന്ന് രാമചന്ദ്രന്റെ കടയിലെക്കുള്ള ദൂരമേയുള്ളൂ. രണ്ടു മിനുട്ട് കൊണ്ട് പോവലും, തീപ്പട്ടി വാങ്ങലും വരലും കത്തിക്കലും കഴിയും. ഇതിപ്പോ നടന്നിട്ടും നടന്നിട്ടും എത്തുന്നില്ല.. ട്രെയിന്‍ ഇറങ്ങി പതിനഞ്ചു മിനിട്ടെങ്ങിലും ആയില്ലേ? നാശം പിടിച്ച തണുപ്പും കാറ്റും. ഇനി അവിടെ പോയി വായിക്കാന്‍ സമയം ഒന്നും കിട്ടില്ല, വെറുതെ ടെക്സ്റ്റ്‌ ബുക്ക്‌ കൈയില്‍ എടുക്കണ്ടായിരുന്നു. മഴ പെയ്താലോ എന്ന് വിചാരിച്ചു കടം വാങ്ങിയതാണ് കാലന്‍ കുട; എല്ലാം കൂടി കൈയില്‍ ഒതുങ്ങുന്നില്ല. കോട്ടിന്റെ ഒരു ബട്ടണ്‍ പൊട്ടി കിടക്കുകയാണ്. തുന്നണം, അത് വരെ കൈ കൊണ്ട് കൂടി പിടിക്കുകയല്ലാതെ നിവൃത്തിയില്ല. പിടിച്ചിട്ടു വല്യ കാര്യം ഉണ്ടായിട്ടല്ല, കോട്ട്‌ ഇട്ടിട്ടു തന്നെ വല്യ കാര്യം ഉണ്ടായിട്ടല്ല.. ഒരു മനസ്സമാധാനത്തിന് അത്ര തന്നെ. തണുപ്പ് ചെവിയിലൂടെ കേറി മൂക്കിലൂടെയും വായിലൂടെയും പുറത്തേക്കു. തലക്കകത്ത് എല്ലാം ഐസ് ക്രീം ആയി. എങ്ങനേലും ക്ലാസ്സില്‍ എത്തിയാലും പരീക്ഷക്ക്‌ എന്ത് എഴുതുമോ ആവൊ?

തിരിവ് തിരിഞ്ഞപ്പോ രണ്ടു കെട്ടിടത്തിന്റെയും ഇടയില്‍ കൊടുംകാറ്റു!! wind tunnel എന്ന് പറഞ്ഞു കേട്ടിരുന്നു. എന്നെ എന്തിനു ദ്രോഹിക്കുന്നു? ഞാനല്ലല്ലോ ഇങ്ങനെ കുന്നോളം വല്യ കെട്ടിടങ്ങളും ഇടുക്കുകളും ഉണ്ടാക്കിയത്!! കാറ്റിനോട് പറഞ്ഞിട്ടെന്തു കാര്യം!! തണുപ്പ് കണ്ണില്‍ അടിച്ചു കേറി കണ്ണും കാണാന്‍ വയ്യ. വിചാരിക്കുന്നതിനു മുന്‍പേ ദേ കിടക്കുന്നു ചട്ടീം കലോം താഴെ. അവസാനത്തെ തുമ്പും കൈ വിട്ടു. പരീക്ഷിച്ചു മതിയായി എന്ന് തോന്നിയിട്ടാവാം, ഈശ്വരന്‍ പ്രത്യക്ഷപ്പെട്ടു കുടയും വടിയും ഒക്കെ പെറുക്കി തന്നു. "താങ്ക്യൂ" എന്ന് പറഞ്ഞപ്പോള്‍ തിരിച്ചു മറുപടി "യു ആരെ വെല്‍ക്കം, യു സ്മെല്‍ നൈസ്! എന്ജോയ്‌" ഏഹ്? അവന്‍ പോയിക്കഴിഞ്ഞു. പോയ വഴിയെ നോക്കി പേടിപ്പിക്കുകയല്ലാതെ വേറെ എന്ത് ചെയ്യാന്‍! ഇതെന്തൊരു തല തിരിഞ്ഞ രാജ്യം! ഏതു ശനി പിടിച്ച നേരത്താണോ ഇങ്ങോട്ട് വരാന്‍ തോന്നിയത്. എന്ത് പരീക്ഷ! എനിക്കെങ്ങും വയ്യ തലയിട്ടടിക്കാന്‍.

തിരിച്ചു പോവാനുള്ള അഞ്ചു ഡോളര്‍ ഉണ്ട് കൈയില്‍. ഒരു കാപ്പി കുടിച്ചു കളയാം. അത്രയെങ്ങിലും പ്രയോജനം ഉണ്ടാവട്ടെ. വാതില്‍ തുറന്നപ്പോള്‍ ചൂടും കാപ്പി-മണവും കൂടെ കോരിയെടുത്തു കൌണ്ടെറില്‍ കൊണ്ട് നിര്‍ത്തി. "വൈറ്റ് ചോക്ലേറ്റ് മൊക്ക". നാല് ഡോളര്‍. ആഹാ! ജീവന്‍ വായിലൂടെ കഴുത്തിലൂടെ ഹൃദയത്തിലൂടെ വയറിലേക്ക്; ഒരു നിശ്വാസമായി പുറത്തേക്കും. ഇരുന്നൂറു വാട്ടിന്റെ ഒരു പുഞ്ചിരി താനേ തെളിഞ്ഞു. പരീക്ഷ തുടങ്ങി കാണും; പ്രൊഫ്‌ എന്ത് പറയുമോ - കുറച്ചു ശ്രമപ്പെട്ടു പ്രൊഫ്‌ ഇനേയും പരീക്ഷ യെയും പുറത്തു വലിച്ചെറിഞ്ഞു. കാപ്പി കപ്പു ഒട്ടും ചൂട് പുറത്തു വിടാതെ രണ്ടു കൈയിലും കൂടി ഒതുക്കി പിടിച്ചു, ഈ സ്വര്‍ഗം എത്ര നേരം നിലനിര്‍ത്താന്‍ പറ്റുമോ എന്നാലോചിച്ചു.

വിചാരിച്ചിരിക്കാതെ ഒരാളെ കണ്ടു. മുന്‍പും കണ്ടിട്ട് ഇയാളെ ഈ ഭാഗത്ത്‌. നില്കാനും നോക്കാനും സമയം ഇല്ലാതെ പായുകയായിരുന്നു അന്നൊക്കെ. ഇന്ന് സമയം ധാരാളം. പറയുമ്പോ വല്യ വിശേഷം ഒന്നും ഇല്ലാത്ത ഒരു സാധാരണക്കാരന്‍. പൊക്കം വളരെ കുറവ്. തടിച്ച പ്രകൃതം. വളരെ വയസ്സയിട്ടുണ്ട്, നില്കുന്നതിനു അടുത്ത് ഒരു വാകിംഗ് സ്ടിക് സ്വന്തം ദേഹത്ത് തന്നെ ചാരി വെച്ചിട്ടുണ്ട്. വെള്ള സ്പോര്‍ട്സ് ഷൂ, പച്ച പാന്‍റ്, നീല ഷര്‍ട്ട്, വയലറ്റ് കോട്ട്, മഞ്ഞ ബാഗ്‌. തല കഷണ്ടി, കുറച്ചു തൂവെള്ള മുടി. എല്ലാം കൂടി ഒരു കളിപ്പാട്ടം ലുക്ക്‌. പുറത്തു നിറത്തില്‍ ആരും അയാളെ രണ്ടാമത് നോക്കില്ല, പക്ഷെ ആ ഹൈ ക്ലാസ്സ്‌ കാപ്പി കടയില്‍ അയാള്‍ വല്ലാതെ മുഴച്ചു നിന്നു. അയാള്‍ ഇതൊന്നും അറിയുന്നില്ല. എന്താന് അയാള്‍ ചെയ്യുന്നത് എന്നറിയാന്‍ എത്തി നോക്കി. ലോട്ടറി ഫലം നോക്കുകയാണ്! കുറെ കുഞ്ഞു കടലാസ് തുണ്ടുകളില്‍ കുറിച്ച് വെച്ച കുറെ അക്കങ്ങളെയും, മുകളില്‍ ടിവി സ്ക്രീനില്‍ വന്നു പോയി കൊണ്ടിരിക്കുന്ന അക്കങ്ങളെയും മാറി മാറി നോക്കി അയാള്‍. അയാളുടെ മുഖത്തെ ഭാവം വായിക്കാന്‍ പറ്റുന്നില്ല - അടിച്ചു എന്ന സന്തോഷമോ, പോയി എന്ന വിഷമമോ ഒന്നും കാണുന്നില്ല. അയാള്‍ കൈയിലെ തുണ്ടുകള്‍ തീരുന്നത് വരെയും അങ്ങനെ തന്നെ തുടര്‍ന്നു. പിന്നെ കടലാസ് തുണ്ടുകള്‍ പിടിച്ചു കൊണ്ട് തന്നെ പുറത്തേക്കു നടന്നു.

ഈ ലോട്ടറി ഫലത്തിന് അയാളുടെ ജീവിതത്തില്‍ എത്ര പ്രാധാന്യം ഉണ്ടാവാം എന്നറിയില്ല. കണ്ടിട്ട് പണക്കാരന്‍ അല്ലെങ്കിലും, പൈസക്ക് ബുദ്ധിമുട്ട് എന്നും തോന്നുന്നില്ല. എങ്കിലും അയാള്‍ നോക്കാന്‍ മേനക്കെട്ടത്‌ കാരണം ആ ഫലത്തിന് ഒരു അളവ് വരെ പ്രാധാന്യം ഉണ്ടാവണം. എന്തെങ്ങിലും ഒരു സ്വപ്നം ഉണ്ടാവാം. ഇങ്ങനെ നാലഞ്ചു, വേണ്ട ഒരു നൂറു ടിക്കറ്റ്‌ എടുത്താല്‍ തന്നെ, അത് കിട്ടുമെന്ന് ഒരു ഉറപ്പും ഇല്ലല്ലോ. അപ്പൊ പിന്നെ എന്തിനു ഇങ്ങനെ സമയവും പൈസയും ആരോഗ്യവും കളയുന്നു! അയാളോട് ചോദിക്കാം എന്ന് വിചാരിച്ചാല്‍, ധൈര്യവും ഇല്ല. അങ്ങനെ നോക്കി ഇരിക്കെ, അയാള്‍ പോയി കഴിഞ്ഞു. പെട്ടെന്നാണ് ഓര്‍ത്തത്‌: അയാള്‍ ടിക്കറ്റ്‌ എടുതില്ലെങ്ങില്‍, അയാള്‍ക് ലോട്ടറി അടിക്കാന്‍ ഒരു ചാന്‍സും ഇല്ല; എടുത്താല്‍ അടിച്ചാല്‍ ആയല്ലോ.. സ്വന്തം സ്വപ്നത്തിലേക്ക് എത്താന്‍ ഓരോരുത്തര്കും ഓരോ വഴി. അയാള്‍ കണ്ടെത്തിയ വഴി ലോട്ടറി. എടുത്തു കൊണ്ടിരുന്നാല്‍, ഒരു ദിവസം അടിച്ചേക്കാം, എടുത്തില്ലെങ്ങില്‍.. ശ്രമിച്ച്ചില്ലെങ്ങില്‍.. എന്തൊരു സ്വപ്നമയിരിക്കും അത്!? എത്ര കാലമായോ ഇയാള്‍ ഇങ്ങനെ എന്നും കടലാസും ടിവിയുമായി മല്പിടിത്തം തുടങ്ങിയിട്ട്? ഇത്ര കലയമായി കിട്ടാഞ്ഞിട്ടും കൈവിട്ടു കളയാന്‍ വയ്യാത്ത സ്വപ്നം?!

പരീക്ഷ വീണ്ടും ഒളിച്ചു കേറി വന്നു കാപ്പിയില്‍ പാറ്റായിട്ടു. ഇപ്രാവശ്യം ഒരു സ്വപ്നത്തിനെ ചാടി പിടിക്കാനുള്ള ആവേശം ഒക്കെ തോന്നി. കുടയും, പുസ്തകവും, തോള്‍ സഞ്ചിയും, കാപ്പി കപ്പും ഏറ്റി ഞാനും എന്റെ ക്ലാസ്സിലേക്ക് യാത്രയായി.

2010 ജൂൺ 17, വ്യാഴാഴ്‌ച

എന്നെ കാണാമോ നിനക്ക്?

എന്നെ കാണാമോ നിനക്ക്?

വര്‍ഷങ്ങളായി ഞാന്‍ നിന്റെ കൂടെ നടക്കുന്നു,
നീ പറയുന്നത് കേട്ടു മൂളുന്നു .

നിന്റെ തീരുമാനങ്ങള്‍ നമ്മുടെതെന്ന് നീ;
ശരിയെന്നു ഞാനും.

വഴിയെത് എന്ന് എന്തിനറിയണം,
കൊണ്ടു പോവുന്നതു നീയാണല്ലോ.

നിന്നില്‍ മുങ്ങി ഞാന്‍ മരിച്ചാലെന്താണ്,
നീയും ഞാനും വേറെയാണോ?

കൂട്ടും, വഴികാട്ടിയും, താങ്ങും,
പകലും, രാത്രിയും, സന്ധ്യയും നീ തന്നെ.
എനിക്കു ചുറ്റിലും, ഉള്ളിലും, പുറത്തും,
എന്റെ വാക്കിലും, മൌനത്തിലും നീ മാത്രം.

ഉറക്കത്തിന്റെ വാതില്കല്‍ ഒരു മാത്ര തിരിഞ്ഞു നിന്നു
നിന്റെ കണ്ണുകള്‍ ചിരിച്ചു. എന്നെ കണ്ടോ നീ?
കഴിഞ്ഞു, ഉറക്കത്തിലേക്കു നീയും, മറവിയിലേക്കു ഞാനും.
ഇനിയെപ്പോള്‍ ആവാം എനിക്കു വീണ്ടുമൊരു ജനനം?

2010 മാർച്ച് 15, തിങ്കളാഴ്‌ച

വഴിയോരക്കാഴ്ച്ച

തണുപ്പുള്ള പ്രഭാതം. വസന്തം വന്നു എത്തി നോക്കി തുടങ്ങിയതേയുള്ളു. ഒരേ നിരയിൽ നട്ടിരിക്കുന്ന ചെറി മരങ്ങൾ നിരയെ പിങ്ക്‌ നിറതിലുള്ള പൂക്കൾ. രണ്ടു പേർ. ഒരാണും ഒരു പെണ്ണും. രണ്ടാൾക്കും 20-നു താഴെ പ്രായം.

റോഡിന്റെ അരികിൽ, ട്രാഫിക്‌ സിഗ്നലിനു വളരെ അടുത്താണു അവർ നിൽക്കുന്നത്‌. റോഡ്‌ ക്രോസ്സ്‌ ചെയ്യാൻ നിൽകുകയോ?

പെങ്കുട്ടിയുടെ ആകെ ഭാവം 'whatever' എന്നനു. അതിനെ മലയാളത്തിലാക്കാൻ ബുദ്ധിമുട്ട്‌. താഴ്തി പിടിച്ച വലതു കൈയിൽ വിരലിനിടയിൽ സിഗരട്ട്‌. തണുപ്പിനെ ചെരുക്കാനാവാം. കണ്ണെഴുതിയതാണോ അതോ ഉറക്കമില്ലാതെ വന്ന കറുത്ത വലയങ്ങളാണോ കണ്ണിനു ചുറ്റും? മുടി കൊണ്ടു തലക്കു മുകളിൽ ഒരു ഓലപ്പുര പോലെ തോന്നിക്കുന്ന കെട്ടിടം കെട്ടിയിട്ടുണ്ടു; അതിനു ചുവപ്പും, മഞ്ഞയും പെയ്ന്റും അടിച്ചിട്ടുണ്ടു. ആങ്കുട്ടി ഇപ്പൊ കിടക്കയിൽ നിന്നു എണീറ്റ പോലെയുണ്ട്‌! - ചെറുപ്പത്തിന്റെ ഭാരമില്ലായ്മ എന്നാലോചിച്ചു പുഞ്ചിരിക്കാൻ തുടങ്ങിയതാനു. പക്ഷെ, അപ്പോളാണു കണ്ടത്‌ -

ആണിന്റെ കൈയിൽ "HUNGRY GOD BLESS" എന്നു രണ്ടു വരിയായി കൈപ്പടയിൽ എഴുതിയ കാർഡ്ബോർഡ്‌. കാറുകൾ ഒന്നും നിർത്തുന്നില്ല. സിഗ്നൽ ചുവപ്പാവുമ്പൊൾ, കാറുകൾക്‌ നിർത്തേണ്ടി വരും. ആരെങ്കിലും ഇവർ ക്കു എന്തെങ്കിലും കൊടുക്കുമായിരിക്കുമോ?

2009 നവംബർ 25, ബുധനാഴ്‌ച

വിളിച്ചിരിക്കുന്നു. വരണം എന്നു നിർബന്ധമായിട്ടു പറഞ്ഞിരിക്കുന്നു.

"ആകെ ഒരാഴ്ചയേ അവധി ഉള്ളു, അതു സമാധാനമായി ഒരിടത്തു കുത്തിയിരുന്നാൽ പോരെ, ഈ കൊച്ചു കുഞ്ഞിനേയും കൊണ്ടു ഇത്രയും ദൂരെ തെരക്കിൽ.. വേണൊ?"

"എന്തു പറ്റിയെടൊ?" ഫോൺ ചോദിക്കുന്നു. ജീവിതം ബാധിച്ചു എന്നു മുറിയാതെ എങ്ങനെ പറയും?

2009 ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

എന്റെ കണ്ണൻ

മീറ്റിംഗ്‌ ഇഴഞ്ഞുകൊണ്ടേയിരിക്കുന്നു. ഏന്തൊക്കേയോ അക്ഷരങ്ങളും അപ്പ (പൈ) ച്ചാർട്ടുകളും സ്ക്രീനിൽ വന്നു-നിന്നു-പോയി കൊണ്ടിരിക്കുന്നു. എനിക്കു കേട്ടിട്ടു ചെവി കഴയ്ക്കുന്നു; എന്നിട്ടും അപരനു നാവു കഴയ്ക്കുന്നില്ല! മനസ്സു മുഴുവൻ അവനാണു; ഞാനും അവനും മാത്രമുള്ള സ്വപ്നങ്ങൾ.

സ്വപ്നത്തിൽ, ഉച്ചയൂണു കഴിഞ്ഞു വീടിന്റെ പിൻഭാഗത്തെ വരാന്തയിലെ സൊഫയിൽ ടീപോയിലേക്കു കാലും കയറ്റിവെച്ചു ഇരിക്കുന്നു ഞാൻ. ശരത്ക്കാലത്തിന്റെ ഇളവെയിലും, ചെറിയ കുളിരുള്ള കാറ്റും. പച്ചയിൽ നിന്നും മഞ്ഞയിലേക്കും ചുവപ്പിലേക്കുമുള്ള യാത്രാത്തെരക്കിൽ ഇലകൾ. ലോകം മുഴുവൻ ഉച്ചയുറക്കത്തിൽ. പാലുകുടി കഴിഞ്ഞു തള്ളവിരലും വായിൽ തിരുകി പകുതി ഉറക്കത്തിൽ, എന്റെ മടിയിൽ ഇരുന്നു, നെഞ്ചിലേക്കു ചാരി കിടക്കുന്നു, എന്റെ കണ്ണൻ. അവനെ കണ്ടു മതിവരാതെ അങ്ങനേ നോക്കി പുഞ്ചിരിച്ചു കൊണ്ടിരിക്കുന്നു ഞാൻ.

അതിലും വലിയ സന്തോഷം എന്തുണ്ടു! അതിനു പറ്റാതെ, ഈ നരച്ച മുറിയിലിരുന്നു മുഷിയുന്നതിലും വലിയ സങ്കടം എന്താണു!

2007 നവംബർ 13, ചൊവ്വാഴ്ച

സ്വപ്നവും യാഥാര്‍ഥ്യവും

ശ്രീമാന്‍ വീടുകള്‍ സ്വപ്നം കാണാറില്ല. വേറേ എന്തൊക്കെ കിടക്കുന്നു കാണാന്‍!

ശ്രീമതിയുടെ സ്വപ്നത്തിലെ വീടു: നീളത്തില്‍ ഒരു വരാന്ത. മൂന്നു മുറികള്‍ - ഒരു അടുക്കള, ഒരു സ്വീകരണ മുറി, ഒരു കിടപ്പു മുറി. നിറയേ ജനാലകള്‍, വെള്ളയില്‍ മഞ്ഞ പൂക്കളുള്ള കര്‍ട്ടന്‍. മുറ്റത്തു നിറയേ പൂച്ചെടികള്‍ - ചെമ്പരത്തിയും തെച്ചിയും മുല്ലയും. (അമേരിക്കയിലേക്കു പറിച്ചു നട്ടപ്പോള്‍ അസീലിയ-യും ബെഗോണിയ-യും പാന്‍സി-യും).

വീടു വാങ്ങി. അഞ്ചു കിടപ്പു മുറികള്‍ - ഒരെണ്ണം താഴത്തെ നിലയില്‍, ബാക്കി രണ്ടാം നിലയില്‍. താഴത്തെ നിലയിലുള്ളതു വിരുന്നുകാര്‍ വന്നാല്‍ കിടക്കാന്‍. മുകളിലുള്ളതില്‍ ഒന്നു ഓഫീസ്‌ മുറി, ഇനിയൊന്നു കുട്ടികള്‍ക്ക്‌ (ഭാവിയില്‍). ഒരു ഊണു മുറി. ഒരു "ഫോര്‍മല്‍" സ്വീകരണ മുറി. ഒരു "ഫാമിലി" മുറി (ടിവി ഒക്കെ ഈ മുറിയിലാണു. കുടുംബത്തിലെ എല്ലവര്‍കും ഒത്തു കൂടാനുള്ള മുറി). ഇനിയും ഉണ്ട്‌ - പ്രാതല്‍ കഴിക്കാന്‍ വേറെ ഒരു സ്തലം. കാറ്റു കൊള്ളാന്‍ ഒരു വരാന്ത. ആവൂ...!! ഒരു കൊട്ടാരം...!

സ്വപ്നവും യാഥാര്‍ഥ്യവും തമ്മിലെന്തു വ്യത്യാസം!