പേജുകള്‍‌

2013, ജൂൺ 17, തിങ്കളാഴ്‌ച

പേടി.

രാവിലെ 8 മുതൽ 8 15 വരെയുള്ള സമയം എനിക്ക് വളരേ വിലപ്പെട്ടതാണ്. മകൻ കണ്ണനെ സ്കൂളിലേക്ക് ഡ്രൈവ് ചെയ്യുന്ന സമയമാണ് അത്. കണ്ണന് 4 വയസ്സാണ്. വാതോരാതേയുള്ള വർത്തമാനം. ഒന്നിനേ കുറിച്ചും മുൻധാരണകൾ ഇല്ലാത്തത് കൊണ്ടാവാം, വളരേ പുതുമയുള്ളതാണ് അവന്റെ ചോദ്യങ്ങളും നിരീക്ഷണങ്ങളും. മിക്കവാറും ദിവസം മുഴുവനും, പിന്നെ കുറച്ചും, ആലോചിക്കാനുള്ള വകുപ്പ് ആ 15  മിനുട്ടിൽ കിട്ടും. 
സൂപ്പർ ഹീറോയിൽ തുടങ്ങിയ സംസാരം അലഞ്ഞു തിരിഞ്ഞു പേടികളെ കുറിച്ചായി. അവനു പേടിയുള്ള കാര്യങ്ങൾ പുറത്തു വന്നു തുടങ്ങി. 
"അമ്മയ്ക് ഇടിയും മിന്നലും പേടിയാണോ?"
'മരത്തീന്നു ഏകോൻ വീഴുന്നത്?"
'കട്ടിലിന്റെ അടിയിലെ മോൻസ്ടർ?"
'വലിയ ഷൂ ?"
ഇതിലൊക്കെ പേടിക്കാൻ എന്താണ് എന്ന് പറഞ്ഞു ( ചിലപ്പോ ചിരിച്ചും) ഞാൻ എല്ലാം ഒന്നൊന്നായി നിഷേധിച്ചു സൂപ്പർ ഹീറോ ചമഞ്ഞു. 
"പിന്നെ അമ്മയ്ക് എന്തിനെയാണ് പേടി?"
'അമ്മ ഇങ്ങനെ നടന്നു വരുമ്പോ, കണ്ണൻ വാതിലിന്റെ പിന്നിൽ നിന്ന് ചാടി വന്നു 'റോർ' ചെയ്യില്ലേ, അപ്പൊ അമ്മ പേടിച്ചു വിറക്കും'. 
കുടുകുടെ ചിരി. 
പിന്നെയും ഏതൊക്കെയോ വള്ളികളിൽ തൂങ്ങിയാടി ഞങ്ങൾ സ്കൂളിൽ എത്തി. ക്ലാസ്സിന്റെ വാതിൽ കടന്നു, അവൻ അവരിൽ ഒരാളായി. അവൻ മറന്നു പോയ ഉമ്മയും പ്രതീക്ഷിച്ചു ഞാൻ കുറച്ചു നേരം ചുറ്റിപറ്റി നിന്നു. 
തിരിച്ചു കാറിൽ വന്നു കുറച്ചു കണ്ണടച്ച് ഇരുന്നു. കുറച്ചു നേരത്തേക്ക് ആണെങ്കിലും വിട്ടു പോവാൻ ഇപ്പോളും ബുദ്ധിമുട്ടാണ്. ഈ മാസം രണ്ടു വർഷം ആവുന്നു. അവൻ നഷ്ടപ്പെട്ടു പോയേനെ. എന്തൊക്കേയോ ഭാഗ്യം, ആരൊക്കെയോ ചെയ്ത പുണ്യം, മെഡിക്കൽ സയൻസിന്റെ കഴിവ്, അവൻ കളിച്ചു ചിരിച്ചു ഓടിനടക്കുന്നു, വളരുന്നു, ചോദ്യങ്ങൾ ചോദിക്കുന്നു. 
"അമ്മയ്ക് എന്തിനെയാണ് പേടി?" അവൻ കൊഞ്ചുന്നു. 
കണ്ണിനുള്ളിലെ ഇരുട്ടിൽ അവനില്ലാത്ത ലോകം എന്നെ വിഴുങ്ങാൻ വരുന്നു. 
കാറിൽ കരുതാറുള്ള കോട്ട് എടുത്തു, മറന്നു വെച്ചത് കൊണ്ട് കൊടുക്കാനെന്ന ഭാവത്തിൽ ഞാൻ ക്ലാസ്സിലേക്ക് നടന്നു. ഒരു നോക്കും കൂടി കാണാൻ. 

6 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു... [Reply]

കുഞ്ഞുങ്ങളുടെ ചില ചോദ്യങ്ങള്‍ക്ക് മറുപടിയായി ചിലപ്പോള്‍ നമുക്ക് ഒരു ഉത്തരവും ഉണ്ടാകില്ല. ഇതിപ്പോള്‍ അങ്ങനത്തെ ചോദ്യങ്ങളല്ലാത്തത് ഭാഗ്യം :)

sajitha പറഞ്ഞു... [Reply]

ശരിയാണ്‌ ശ്രീ, പലപ്പോളും ഉത്തരം മുട്ടാറുണ്ട്. പിന്നെ ഒരു കാര്യം മനസ്സിലായത്, കുട്ടികൾക്ക് കുട്ടി ഉത്തരങ്ങളേ വേണ്ടൂ . ചന്ദ്രനെ വേണം എന്ന് വാശി പിടിച്ച രാജകുമാരി യുടെ കഥ പോലെ. കേട്ടിട്ടുണ്ടോ ആ കഥ?

Unknown പറഞ്ഞു... [Reply]

amma manassu..thanka manasssu...

Kaniyapuram Noushad പറഞ്ഞു... [Reply]

പ്രവാസികൾ വായിക്കരുത്.

ajith പറഞ്ഞു... [Reply]

അമ്മമനസ്സേ

പ്രണാമം

kambarRm പറഞ്ഞു... [Reply]

ഗുഡ്...ഈ അമ്മക്കും മോനൂസിനും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.