ഇന്നലെയുടെ തിരമാലകള്‍ തന്ന മുത്തുകള്‍
കോര്‍ത്ത് കഴുത്തില്‍ അണിയരുത് നീ,
മണിച്ചെപ്പില്‍ അടച്ചു വെക്കുകയും അരുത്.
അലങ്കാരമാവില്ല, അവ ഭാരമായേ വരൂ .
നഷ്ടബോധങ്ങളുടെ നീറ്റലിനു,
കണ്ണീരിനും കാരണമായെ വരൂ.
ആ ബന്ധനങ്ങളെ തകര്‍ക്കണം,
കാലത്തിന്റെ തീയിലെരിക്കണം,
അതിന്റെ ചാരം ഇന്നിനു വളമാകണം.
നിന്റെ കണ്ണീരിലൂടെയല്ല ,
നിശ്വാസങ്ങളിലൂടെയല്ല,
പുഞ്ചിരിയിലൂടെ, ആത്മവിശ്വാസത്തിലൂടെ,
നിന്റെ ഇന്നലെകളെ അറിയട്ടെ,
നിന്റെ കൂടുകാരിയെ അറിയട്ടെ.
അവള്‍ അക്ഷരങ്ങളാക്കി കുറിച്ച
നിങ്ങളുടെ സ്നേഹത്തെ അറിയട്ടെ.