സബ്‌വെ ട്രെയിന്‍ സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോ ധൃതി പിടിച്ചാണ് ഇറങ്ങിയത്. എല്ലാം കൈയില്‍ എടുത്തിട്ടുണ്ട് എന്ന് ഉറപ്പു വരുത്തി escalator-ന്റെ നേര്‍ക് നടന്നു. അപ്പോളാണ് ആദ്യത്തെ തടസ്സം - escalator അടഞ്ഞു കിടക്കുന്നു. repair ആണത്രേ. മുകളിലേക്ക് എത്തിയാല്‍ അവിടെ തന്നെയാണ് പുറത്തേക്കുള്ള ഗേറ്റ്. രണ്ടു മാസമായി ദിവസവും ഇതിലെയാണ് വരവ്. ഇതുവരെ ഇങ്ങനെ ഒരു പറ്റു പറ്റിയിട്ടില്ല. കൂടെ സഹമുറിയത്തി ഉള്ളപ്പോ വല്ലതും കേടാവാമായിരുന്നില്ലേ ആവൊ? അവള്‍ രക്ഷിച്ചേനെ. ഇനിയിപ്പോ എങ്ങനെ പുറത്തിറങ്ങും? ആള്‍കാര്‍ക്ക് ഇതൊരു സംഭവമേയല്ല! ആരും ഇങ്ങോട്ട് വരുന്നേയില്ല- ഈ കോണി ആരും ഉപയോഗിക്കാറേ ഇല്ല! ഹും! അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. ഒരു സബ്‌വെ പോലീസിനെ പിടിച്ചു നിര്‍ത്തി. "ഹൌ ടു ഗോ ഔട്ട്" എന്ന് ഒപ്പിച്ചു. തിരിച്ചു 'എവെരെസ്റ്റ് എങ്ങനെ കേറും' എന്നാ ചോദ്യം കേട്ടപോലെ പകച്ചു ഒരു നോട്ടം.. പോലീസുഅമ്മാവന് ഒന്നും മനസ്സിലായില്ല എന്ന് മനസ്സിലായി. അവസാനം കോണി കേറുന്ന ആംഗ്യം ഒക്കെ കാണിച്ചു കാര്യം ശെരിയാക്കി. വഴി കിട്ടി. ഫൈനല്‍ പരീക്ഷയാണ്; വൈകാന്‍ പറ്റില്ല. ഓടി.
ഓട്ടം ഗേറ്റ് കടക്കുന്നതിനു മുന്‍പേ പിടിച്ചു നിര്‍ത്തിയപോലെ നിന്നു. എന്തൊരു തണുപ്പ്! നവംബര്‍ തുടങ്ങിയതെയുള്ളു. ഇപ്പോളേ ഇത്രയും തണുപ്പ് ആണെങ്ങില്‍..! വഴിയുടെ മറുവശത്ത് burgerking -ഇന്‍റെ ചിമ്മിനിയില്‍ നിന്നു പുക വരുന്നു; കൂടെ തലമുടി കരിഞ്ഞ മണവും; സ്ടോപും ഗേറ്റ്-ഉം ശരി തന്നെ. വലത്തോട്ട് തിരിഞ്ഞു. ക്ലാസ്സിലെത്താന്‍ ഇനിയും നടക്കണം നാലു ബ്ലോക്ക് കൂടെ. വീട്ടില്‍ നിന്ന് രാമചന്ദ്രന്റെ കടയിലെക്കുള്ള ദൂരമേയുള്ളൂ. രണ്ടു മിനുട്ട് കൊണ്ട് പോവലും, തീപ്പട്ടി വാങ്ങലും വരലും കത്തിക്കലും കഴിയും. ഇതിപ്പോ നടന്നിട്ടും നടന്നിട്ടും എത്തുന്നില്ല.. ട്രെയിന്‍ ഇറങ്ങി പതിനഞ്ചു മിനിട്ടെങ്ങിലും ആയില്ലേ? നാശം പിടിച്ച തണുപ്പും കാറ്റും. ഇനി അവിടെ പോയി വായിക്കാന്‍ സമയം ഒന്നും കിട്ടില്ല, വെറുതെ ടെക്സ്റ്റ് ബുക്ക് കൈയില്‍ എടുക്കണ്ടായിരുന്നു. മഴ പെയ്താലോ എന്ന് വിചാരിച്ചു കടം വാങ്ങിയതാണ് കാലന്‍ കുട; എല്ലാം കൂടി കൈയില്‍ ഒതുങ്ങുന്നില്ല. കോട്ടിന്റെ ഒരു ബട്ടണ്‍ പൊട്ടി കിടക്കുകയാണ്. തുന്നണം, അത് വരെ കൈ കൊണ്ട് കൂടി പിടിക്കുകയല്ലാതെ നിവൃത്തിയില്ല. പിടിച്ചിട്ടു വല്യ കാര്യം ഉണ്ടായിട്ടല്ല, കോട്ട് ഇട്ടിട്ടു തന്നെ വല്യ കാര്യം ഉണ്ടായിട്ടല്ല.. ഒരു മനസ്സമാധാനത്തിന് അത്ര തന്നെ. തണുപ്പ് ചെവിയിലൂടെ കേറി മൂക്കിലൂടെയും വായിലൂടെയും പുറത്തേക്കു. തലക്കകത്ത് എല്ലാം ഐസ് ക്രീം ആയി. എങ്ങനേലും ക്ലാസ്സില്‍ എത്തിയാലും പരീക്ഷക്ക് എന്ത് എഴുതുമോ ആവൊ?
തിരിവ് തിരിഞ്ഞപ്പോ രണ്ടു കെട്ടിടത്തിന്റെയും ഇടയില്‍ കൊടുംകാറ്റു!! wind tunnel എന്ന് പറഞ്ഞു കേട്ടിരുന്നു. എന്നെ എന്തിനു ദ്രോഹിക്കുന്നു? ഞാനല്ലല്ലോ ഇങ്ങനെ കുന്നോളം വല്യ കെട്ടിടങ്ങളും ഇടുക്കുകളും ഉണ്ടാക്കിയത്!! കാറ്റിനോട് പറഞ്ഞിട്ടെന്തു കാര്യം!! തണുപ്പ് കണ്ണില്‍ അടിച്ചു കേറി കണ്ണും കാണാന്‍ വയ്യ. വിചാരിക്കുന്നതിനു മുന്‍പേ ദേ കിടക്കുന്നു ചട്ടീം കലോം താഴെ. അവസാനത്തെ തുമ്പും കൈ വിട്ടു. പരീക്ഷിച്ചു മതിയായി എന്ന് തോന്നിയിട്ടാവാം, ഈശ്വരന്‍ പ്രത്യക്ഷപ്പെട്ടു കുടയും വടിയും ഒക്കെ പെറുക്കി തന്നു. "താങ്ക്യൂ" എന്ന് പറഞ്ഞപ്പോള്‍ തിരിച്ചു മറുപടി "യു ആരെ വെല്‍ക്കം, യു സ്മെല്‍ നൈസ്! എന്ജോയ്" ഏഹ്? അവന്‍ പോയിക്കഴിഞ്ഞു. പോയ വഴിയെ നോക്കി പേടിപ്പിക്കുകയല്ലാതെ വേറെ എന്ത് ചെയ്യാന്‍! ഇതെന്തൊരു തല തിരിഞ്ഞ രാജ്യം! ഏതു ശനി പിടിച്ച നേരത്താണോ ഇങ്ങോട്ട് വരാന്‍ തോന്നിയത്. എന്ത് പരീക്ഷ! എനിക്കെങ്ങും വയ്യ തലയിട്ടടിക്കാന്‍.
തിരിച്ചു പോവാനുള്ള അഞ്ചു ഡോളര്‍ ഉണ്ട് കൈയില്‍. ഒരു കാപ്പി കുടിച്ചു കളയാം. അത്രയെങ്ങിലും പ്രയോജനം ഉണ്ടാവട്ടെ. വാതില്‍ തുറന്നപ്പോള്‍ ചൂടും കാപ്പി-മണവും കൂടെ കോരിയെടുത്തു കൌണ്ടെറില്‍ കൊണ്ട് നിര്‍ത്തി. "വൈറ്റ് ചോക്ലേറ്റ് മൊക്ക". നാല് ഡോളര്‍. ആഹാ! ജീവന്‍ വായിലൂടെ കഴുത്തിലൂടെ ഹൃദയത്തിലൂടെ വയറിലേക്ക്; ഒരു നിശ്വാസമായി പുറത്തേക്കും. ഇരുന്നൂറു വാട്ടിന്റെ ഒരു പുഞ്ചിരി താനേ തെളിഞ്ഞു. പരീക്ഷ തുടങ്ങി കാണും; പ്രൊഫ് എന്ത് പറയുമോ - കുറച്ചു ശ്രമപ്പെട്ടു പ്രൊഫ് ഇനേയും പരീക്ഷ യെയും പുറത്തു വലിച്ചെറിഞ്ഞു. കാപ്പി കപ്പു ഒട്ടും ചൂട് പുറത്തു വിടാതെ രണ്ടു കൈയിലും കൂടി ഒതുക്കി പിടിച്ചു, ഈ സ്വര്‍ഗം എത്ര നേരം നിലനിര്‍ത്താന്‍ പറ്റുമോ എന്നാലോചിച്ചു.
വിചാരിച്ചിരിക്കാതെ ഒരാളെ കണ്ടു. മുന്‍പും കണ്ടിട്ട് ഇയാളെ ഈ ഭാഗത്ത്. നില്കാനും നോക്കാനും സമയം ഇല്ലാതെ പായുകയായിരുന്നു അന്നൊക്കെ. ഇന്ന് സമയം ധാരാളം. പറയുമ്പോ വല്യ വിശേഷം ഒന്നും ഇല്ലാത്ത ഒരു സാധാരണക്കാരന്‍. പൊക്കം വളരെ കുറവ്. തടിച്ച പ്രകൃതം. വളരെ വയസ്സയിട്ടുണ്ട്, നില്കുന്നതിനു അടുത്ത് ഒരു വാകിംഗ് സ്ടിക് സ്വന്തം ദേഹത്ത് തന്നെ ചാരി വെച്ചിട്ടുണ്ട്. വെള്ള സ്പോര്‍ട്സ് ഷൂ, പച്ച പാന്‍റ്, നീല ഷര്‍ട്ട്, വയലറ്റ് കോട്ട്, മഞ്ഞ ബാഗ്. തല കഷണ്ടി, കുറച്ചു തൂവെള്ള മുടി. എല്ലാം കൂടി ഒരു കളിപ്പാട്ടം ലുക്ക്. പുറത്തു നിറത്തില്‍ ആരും അയാളെ രണ്ടാമത് നോക്കില്ല, പക്ഷെ ആ ഹൈ ക്ലാസ്സ് കാപ്പി കടയില്‍ അയാള്‍ വല്ലാതെ മുഴച്ചു നിന്നു. അയാള്‍ ഇതൊന്നും അറിയുന്നില്ല. എന്താന് അയാള്‍ ചെയ്യുന്നത് എന്നറിയാന്‍ എത്തി നോക്കി. ലോട്ടറി ഫലം നോക്കുകയാണ്! കുറെ കുഞ്ഞു കടലാസ് തുണ്ടുകളില്‍ കുറിച്ച് വെച്ച കുറെ അക്കങ്ങളെയും, മുകളില്‍ ടിവി സ്ക്രീനില്‍ വന്നു പോയി കൊണ്ടിരിക്കുന്ന അക്കങ്ങളെയും മാറി മാറി നോക്കി അയാള്‍. അയാളുടെ മുഖത്തെ ഭാവം വായിക്കാന്‍ പറ്റുന്നില്ല - അടിച്ചു എന്ന സന്തോഷമോ, പോയി എന്ന വിഷമമോ ഒന്നും കാണുന്നില്ല. അയാള്‍ കൈയിലെ തുണ്ടുകള്‍ തീരുന്നത് വരെയും അങ്ങനെ തന്നെ തുടര്‍ന്നു. പിന്നെ കടലാസ് തുണ്ടുകള്‍ പിടിച്ചു കൊണ്ട് തന്നെ പുറത്തേക്കു നടന്നു.
ഈ ലോട്ടറി ഫലത്തിന് അയാളുടെ ജീവിതത്തില്‍ എത്ര പ്രാധാന്യം ഉണ്ടാവാം എന്നറിയില്ല. കണ്ടിട്ട് പണക്കാരന്‍ അല്ലെങ്കിലും, പൈസക്ക് ബുദ്ധിമുട്ട് എന്നും തോന്നുന്നില്ല. എങ്കിലും അയാള്‍ നോക്കാന്‍ മേനക്കെട്ടത് കാരണം ആ ഫലത്തിന് ഒരു അളവ് വരെ പ്രാധാന്യം ഉണ്ടാവണം. എന്തെങ്ങിലും ഒരു സ്വപ്നം ഉണ്ടാവാം. ഇങ്ങനെ നാലഞ്ചു, വേണ്ട ഒരു നൂറു ടിക്കറ്റ് എടുത്താല്‍ തന്നെ, അത് കിട്ടുമെന്ന് ഒരു ഉറപ്പും ഇല്ലല്ലോ. അപ്പൊ പിന്നെ എന്തിനു ഇങ്ങനെ സമയവും പൈസയും ആരോഗ്യവും കളയുന്നു! അയാളോട് ചോദിക്കാം എന്ന് വിചാരിച്ചാല്‍, ധൈര്യവും ഇല്ല. അങ്ങനെ നോക്കി ഇരിക്കെ, അയാള്‍ പോയി കഴിഞ്ഞു. പെട്ടെന്നാണ് ഓര്‍ത്തത്: അയാള്‍ ടിക്കറ്റ് എടുതില്ലെങ്ങില്‍, അയാള്‍ക് ലോട്ടറി അടിക്കാന്‍ ഒരു ചാന്‍സും ഇല്ല; എടുത്താല്‍ അടിച്ചാല്‍ ആയല്ലോ.. സ്വന്തം സ്വപ്നത്തിലേക്ക് എത്താന്‍ ഓരോരുത്തര്കും ഓരോ വഴി. അയാള്‍ കണ്ടെത്തിയ വഴി ലോട്ടറി. എടുത്തു കൊണ്ടിരുന്നാല്‍, ഒരു ദിവസം അടിച്ചേക്കാം, എടുത്തില്ലെങ്ങില്‍.. ശ്രമിച്ച്ചില്ലെങ്ങില്‍.. എന്തൊരു സ്വപ്നമയിരിക്കും അത്!? എത്ര കാലമായോ ഇയാള്‍ ഇങ്ങനെ എന്നും കടലാസും ടിവിയുമായി മല്പിടിത്തം തുടങ്ങിയിട്ട്? ഇത്ര കലയമായി കിട്ടാഞ്ഞിട്ടും കൈവിട്ടു കളയാന്‍ വയ്യാത്ത സ്വപ്നം?!
പരീക്ഷ വീണ്ടും ഒളിച്ചു കേറി വന്നു കാപ്പിയില്‍ പാറ്റായിട്ടു. ഇപ്രാവശ്യം ഒരു സ്വപ്നത്തിനെ ചാടി പിടിക്കാനുള്ള ആവേശം ഒക്കെ തോന്നി. കുടയും, പുസ്തകവും, തോള്‍ സഞ്ചിയും, കാപ്പി കപ്പും ഏറ്റി ഞാനും എന്റെ ക്ലാസ്സിലേക്ക് യാത്രയായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ