ഹൃദയത്തിനു ശക്തി അത്ര പോരാ. എനിക്ക് പണ്ടേ തോന്നിയിരുന്നു, ഇപ്പോൾ ഡോക്ടറിന്റെ സർട്ടിഫിക്കറ്റ് ആയി എന്ന് മാത്രം. ഇനി എന്താണ് ചെയ്യേണ്ടത് എന്നറിയാൻ ഡോക്ടറിനെ കാണാൻ കാത്തിരിക്കുന്നു.
ഈ മുറിയിൽ ഞാൻ മുഴച്ചു നില്ക്കുന്നു. എനിക്ക് 30 വയസ്സ്, കറുത്ത മുടി. ഞാനോഴിച്ചാൽ മുറിയിൽ ആവറേജ് പ്രായം 80, കഷണ്ടി അല്ലെങ്കിൽ വെള്ളി മുടി. രണ്ടു പേർ വീൽ ചെയറിൽ. അതിൽ ഒരാളെ പ്രത്യേകം ശ്രദ്ധിച്ചു. ഏകദേശം 75 മറ്റോ ആവാം പ്രായം, വെള്ളക്കാരി, മുഖത്ത് ചുളിവുകൾ, മുടി മിക്കവാറും നരച്ചു, തോളിനു മുകളില വെട്ടി നിര്ത്തിയിരിക്കുന്നു. അവരെ ശ്രദ്ധിക്കാൻ കാരണം, അവരുടെ കണ്ണുകൾ എന്റെ അമ്മയുടേത് പോലെ. ചാര നിറം, അഭൗമികത. അമ്മയുടെത് എപ്പോളും ഒരിത്തിരി ക്ഷീണിച്ചും എന്നാൽ കരുണ പ്രധാനമായിട്ടും. ഇവരുടേത് ശൂന്യം. ദൂരേ ഇല്ലാത്ത ഒരു ബിന്ദുവിൽ തറഞ്ഞ്.
വാതിൽ തുറന്നു ഒരാൾ കൂടി മുറിയിലേക്ക് വന്നു. കറുത്ത വര്ഗക്കാരി, പ്രായം ഊഹിച്ചാൽ 80 ? വെള്ളി നിറത്തില നീണ്ട, ഉള്ളുള്ള മുടി, മിടഞ്ഞു ഇട്ടിരിക്കുന്നു. കറുപ്പ് ടോപ്പ്, വെള്ള പാവാട, തുന്നി പിടിപ്പിച്ച ചുവപ്പ് പൂക്കൾ ചിതറി കിടക്കുന്നു. അവരുടെ എല്ലാ ചലനങ്ങൾക്കും ഒരു നിശബ്ദമായ, മുദൃലമായ ഉറപ്പു. നർസിനു പേര് കൊടുത്തതിനു ശേഷം അവർ ഒരു നിമിഷം നിന്നു, മുറി മുഴുവൻ ഒന്ന് ഇരുത്തി നോക്കി. മറ്റാരും അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഞാൻ ഒരു മാഗസിൻ എടുത്തു അതിനു പിന്നിൽ ഒളിച്ചു. എത്രയോ ഒഴിഞ്ഞ സീറ്റുകൾ ഉണ്ടായിട്ടും, അവർ ആ വീൽ ചെയറിന് അടുത്ത സീറ്റ് ആണ് തെരഞ്ഞെടുത്തത്.
അവിടെ ഇരുന്നിട്ട് ഒട്ടും സമയം കളയാതെ അവർ വീൽ ചെയറിലെ സ്ത്രീയോട് സംസാരിക്കാൻ തുടങ്ങി. ആദ്യം ഒന്നോ രണ്ടോ വാചകങ്ങൾ , വലിയ ഇടവേളകൾ. വളരെ മൃദുവായ, ആംഗ്യങ്ങൾ ഇല്ലാത്ത സംസാരം. പറയുന്നത് എന്താണെന്നു വ്യക്തമല്ല. ഞാൻ മാഗസീനിന്റെ ഉള്ളിലൂടെ ഇടയ്ക്കിടെ അവരെ നോക്കി കൊണ്ടിരുന്നു. ആദ്യം കാര്യമായ പ്രതികരണം ഒന്നും ഉണ്ടായില്ല. ഇടയ്ക്കു എന്തോ ഒരു കാര്യം ക്ലിക്ക് ചെയ്തിരിക്കണം, നോക്കുമ്പോൾ രണ്ടു പേരും വളരേ താത്പര്യത്തിൽ സംസാരിക്കുന്നു. ശൂന്യതയുടെ സ്ഥാനത്ത് പുഞ്ചിരി. എന്തൊരു ഭംഗി, ആ ചിരി പത്തു വയസ്സെങ്കിലും കുറച്ചത് പോലെ തോന്നി. പണ്ടേ പരിചയമുള്ള രണ്ടു സുഹൃത്തുക്കൾ ചായയും കുടിച്ചു സൊറ പറയുന്ന പോലെ.
ഡോക്ടറെ കാണാൻ എന്റെ ഊഴം ആയി. കുറെ അധികം വീണ്ടും കാത്തിരിക്കേണ്ടി വന്നു, ലാബിലും മറ്റുമായി. അങ്ങനെ ഒരു ഇരുപ്പിനിടയിൽ ജനാലയിൽ കൂടി പുറത്തേക്ക് നോക്കിയപ്പോൾ അവർ രണ്ടു പേരും പുറത്തു നിന്ന് സംസാരിക്കുന്നതു കണ്ടു, പൊട്ടിച്ചിരിക്കുന്നതും. വീൽ ചെയറുള്ള സ്ത്രീ അവരുടെ ഡ്രൈവർ വരാൻ വേണ്ടി കാക്കുകയായിരുന്നു, അയാൾ വന്നു അവരെ കാറിൽ കേറ്റി കൊണ്ട് പോയി. അത് വരെ കൂടെ നിന്ന് വർത്തമാനം പറയുകയും കെട്ടിപ്പിടിച്ചു യാത്ര പറയുകയും കൈ വീശി കാണിക്കുകയും കാർ വളവു തിരിഞ്ഞു പോകുന്ന വരെ നോക്കി നിൽകുകയും ചെയ്തു ആ സ്ത്രീ. ഇനി ഏതു നിമിഷവും അവർ അദ്രശ്യയാകും അല്ലെങ്കിൽ ചിറകുകൾ മുളച്ചു പറന്നു പോകും എന്ന് എനിക്കൊരു തോന്നൽ.
പക്ഷേ അങ്ങനെ അല്ല ഉണ്ടായതു. അത് വരെ ഇതെല്ലാം കണ്ടു കൊണ്ട് കുറച്ചു അകലേ ഒരു ഊന്നുവടിയും പിടിച്ചു മരം ചാരി നിന്നിരുന്ന, 85 -90 വയസ്സുള്ള, കണ്ണിൽ നനവുള്ള ഒരാൾ, അവരുടെ അരികിലേക്ക് വന്നു. ഒരു കൈ ഹൃദയത്തിൽ വെച്ച്, മറു കൈയ്യിൽ കരുതിയിരുന്ന ഒരു കാട്ടു പൂവ് അവർക്ക് സമ്മാനിച്ചു. അവർ ചിരിച്ചു കൊണ്ട് അത് വാങ്ങിച്ചു, അയാളുടെ കവിളിൽ ഒരു ഉമ്മ വെച്ചു. രണ്ടാളും കൈ കോർത്ത് വളരെ പതുക്കെ നടന്നു. നോക്കി നിൽകെ, ആ വഴിയിലെ പുല്ലും പൂക്കളും കാറ്റും മേഘങ്ങളും സൂര്യനും വരെ അവരുടെ അകമ്പടി പോകുന്നത് പോലെ തോന്നി. എന്റെ ഹൃദയം സന്തോഷവും കൊണ്ട് അതിന്റെ ബലമില്ലായ്മ മറന്നു പട പട എന്നിടിച്ചു അവർക്ക് മംഗളം നേർന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ