മീറ്റിംഗ് ഇഴഞ്ഞുകൊണ്ടേയിരിക്കുന്നു. ഏന്തൊക്കേയോ അക്ഷരങ്ങളും അപ്പ (പൈ) ച്ചാർട്ടുകളും സ്ക്രീനിൽ വന്നു-നിന്നു-പോയി കൊണ്ടിരിക്കുന്നു. എനിക്കു കേട്ടിട്ടു ചെവി കഴയ്ക്കുന്നു; എന്നിട്ടും അപരനു നാവു കഴയ്ക്കുന്നില്ല! മനസ്സു മുഴുവൻ അവനാണു; ഞാനും അവനും മാത്രമുള്ള സ്വപ്നങ്ങൾ.
സ്വപ്നത്തിൽ, ഉച്ചയൂണു കഴിഞ്ഞു വീടിന്റെ പിൻഭാഗത്തെ വരാന്തയിലെ സൊഫയിൽ ടീപോയിലേക്കു കാലും കയറ്റിവെച്ചു ഇരിക്കുന്നു ഞാൻ. ശരത്ക്കാലത്തിന്റെ ഇളവെയിലും, ചെറിയ കുളിരുള്ള കാറ്റും. പച്ചയിൽ നിന്നും മഞ്ഞയിലേക്കും ചുവപ്പിലേക്കുമുള്ള യാത്രാത്തെരക്കിൽ ഇലകൾ. ലോകം മുഴുവൻ ഉച്ചയുറക്കത്തിൽ. പാലുകുടി കഴിഞ്ഞു തള്ളവിരലും വായിൽ തിരുകി പകുതി ഉറക്കത്തിൽ, എന്റെ മടിയിൽ ഇരുന്നു, നെഞ്ചിലേക്കു ചാരി കിടക്കുന്നു, എന്റെ കണ്ണൻ. അവനെ കണ്ടു മതിവരാതെ അങ്ങനേ നോക്കി പുഞ്ചിരിച്ചു കൊണ്ടിരിക്കുന്നു ഞാൻ.
അതിലും വലിയ സന്തോഷം എന്തുണ്ടു! അതിനു പറ്റാതെ, ഈ നരച്ച മുറിയിലിരുന്നു മുഷിയുന്നതിലും വലിയ സങ്കടം എന്താണു!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ