പേജുകള്‍‌

2010, നവംബർ 17, ബുധനാഴ്‌ച

പരിചയം

പ്രഭയുടെ ഓഫീസില്‍ വെച്ചാണ്‌ സുമിത്ര അയാളെ ആദ്യം കാണുന്നത്. അന്ന് ഉച്ചഭക്ഷണം പുറത്തു പോയി കഴിക്കാനായിരുന്നു പ്ലാന്‍. പ്രഭ കുടയും ബാഗും എടുത്തു ഇറങ്ങി കഴിഞ്ഞിരുന്നു അയാള്‍ വന്നപ്പോളേക്കും. എവിടെയോ കണ്ടു പരിചയം ഉള്ള പോലെ തോന്നി സുമിത്രയ്ക്ക്, പക്ഷേ ഒരേ ഓഫീസില്‍ ജോലി ചെയ്യുന്ന ഒരാളെ കുറിച്ച് അങ്ങനെ തോന്നുന്നത് സ്വാഭാവികം മാത്രം. പ്രഭയോടു എന്തോ സംശയം ചോദിക്കാനാണ് അയാള്‍ വന്നത്. പുറത്തേക്കു ഇറങ്ങാന്‍ തുടങ്ങുകയാണ് എന്ന് കണ്ടു കാര്യം ഇമെയില്‍ ചെയ്യാം എന്നും പറഞ്ഞു അയാള്‍ ഒഴിഞ്ഞു. വളരെ പ്രസാദവും ഭവ്യതയും നിറഞ്ഞ പെരുമാറ്റം - ഇദ്ദേഹത്തെ ഒന്ന് പരിചയപ്പെടണം എന്ന് സുമിത്ര മനസ്സില്‍ വിചാരിച്ചു.

അതിനുള്ള അവസരം കിട്ടിയത് അന്ന് വൈകിട്ട് വീടിലേക്ക്‌ പോവാന്‍ വേണ്ടി ലിഫ്റ്റില്‍ കയറിയപ്പോളാണ്. ശ്രീജിത്ത് വാവയെ ഡേയ് കേറില്‍ നിന്ന് എടുത്തു ഓഫീസിനു താഴെ കാത്തു നില്‍പ്പുണ്ടാവും. വര്‍ത്താനം പറയാനുള്ള മൂഡ്‌ അല്ല, എന്നാലും അവസരം വെറുതെ കളയാന്‍ മടി തോന്നി. അയാളാണെങ്കില്‍ വളരെ പരിചയം ഉള്ള പോലെ ചിരിക്കുകയും ചെയ്തു.

സുമിത്ര: "പ്രഭുയുടെ ടീം - ഇല്‍ ആണോ?"
അയാള്‍: "ഏയ്! ഞാന്‍ സിസ്റ്റം എഞ്ചിനീയറിംഗ് ഡിപാര്‍ട്ട്‌മെന്റ് -ഇല്‍ തന്നെയാണ്. "
സുമിത്ര: (ഓഹോ. അപ്പോള്‍ അതാണ് ടീം.) " ഇപ്പോള്‍ റിലീസ് 15 ഇന്റെ തിരക്കാവും അല്ലെ?"
അയാള്‍: "അതെ. തെരക്കായി വരുന്നു. നിങ്ങളുടെ വര്‍ക്ക്‌ എങ്ങനെ? വിരുന്നുകാരും ഒക്കെയായി വീട്ടിലും തെരക്കാവും അല്ലെ?"
സുമിത്ര: (ഏഹ്? വീട്ടിലെ കാര്യം ഇയാള്‍ക്കെങ്ങനെ...?) "കുഴപ്പമില്ല."
അയാള്‍: "വാവ ഡേ കേര്‍ ഒക്കെയായി അഡ്ജസ്റ്റ് ആയോ?"
സുമിത്ര: (വാവ രണ്ടു ദിവസമേ ആയുള്ളൂ ഡേ കേറില്‍ വിടുമ്പോ കരയാതെ ആയിട്ടു. ഇയാള്‍ക്ക് ഇതൊക്കെ എങ്ങനെ അറിയാം? ) "ഇപ്പൊ അഡ്ജസ്റ്റ് ആയി... ക്ഷമിക്കണം, എനിക്ക്.. മനസ്സിലായില്ല.. ഇദ്ദേഹത്തിന്റെ പേരെന്താണ്?"
അയാള്‍: "ദിആസ് ആഹ്മെദ്‌".
സുമിത്ര എത്ര ചിക്കി ചികഞ്ഞിട്ടും അങ്ങനെ ഒരു പേര് ഓര്‍മയില്‍ ഇല്ല. സുമിത്രയുടെ അങ്കലാപ്പ് കണ്ടിട്ടാവാം, കുറച്ചു വിശദീകരിക്കാം എന്ന് ദിആസ് കരുതിയത്‌.
ദിആസ്: "നിങ്ങളുടെ ഭര്‍ത്താവിന്റെ വളരെ അടുത്ത കൂട്ടുകാരനാണ് ഞാന്‍. ഞങ്ങള്‍ ഒരുമിച്ചു പഠിച്ചു, ഒരുമിച്ചു ജോലിയില്‍ കയറി, വേറെ ടീമില്‍ മാറുന്നതിനു മുന്‍പ് കുറെ ഒരുമിച്ചു ജോലി ചെയ്തു. ഭര്‍ത്താവിന്റെ കൂട്ടുകാരെ ഒക്കെ അറിഞ്ഞിരിക്കണ്ടേ? നിങ്ങളെ കഴിഞ്ഞ മാസം ഓഫീസ് ഫാമിലി ഗെറ്റ് ടുഗേതര്‍-ഇല്‍ വെച്ച് കണ്ടു സംസാരിച്ചതും ആണല്ലോ. അപ്പോളാണ് വാവയെ കണ്ടതും. വാവക്ക് ബലൂണ്‍ വീര്‍പ്പിച്ചു കൊടുത്ത ഒരു തടിയനെ ഓര്‍മയില്ലേ, അയാള്‍ തന്നെയാണ് ഞാന്‍. ഇത്ര പെട്ടെന്ന് മറന്നോ?"
സുമിത്രയ്ക് ഓര്‍മ വന്നു. വെറുതെയല്ല മുന്‍പ് കണ്ടിരുന്നു എന്ന് തോന്നിയത്. പക്ഷേ ശ്രീജിത്തിനു ഇങ്ങനെ ഒരു കൂട്ടുകാരന്‍? സുമിത്രയ്ക് കുറച്ചു കുറ്റബോധം തോന്നി, ശ്രീജിത്തിനോട് നല്ല ദേഷ്യവും. അത് മായ്ച്ചു വെച്ച് പുഞ്ചിരിച്ചു. "ശെരിയാണ്‌, എന്റെ മറവിയാണ്, മാപ്പ് പറയുന്നു."
ദിആസ്: "ഹേയ്! മാപ്പൊന്നും വേണ്ട. കുറെ ഡ്രൈവ് ഉണ്ടല്ലോ, എളുപ്പം ചെന്നോളൂ, പിന്നീട് സംസാരിക്കാം!"
സുമിത്ര: "ശെരി. പിന്നെ കാണാം."
വടി കൊടുത്തു അടി വാങ്ങി എന്ന് തോന്നി സുമിത്രയ്ക്‌.
----------
സുമിത്ര: "ശ്രീജിത്തിനു അറിയാമോ ദിആസ് എന്ന ആളെ?"
സുമിത്രയുടെ ഓഫീസ് ഗെറ്റ് ടുഗേതരിനു പരിചയപ്പെട്ടിരുന്നു ദിആസ്-ഇനെ . സുമിത്രയുടെ കൂടെ ജോലി ചെയ്യുന്ന ശരത്തിന്റെ സുഹുര്‍ത്ത്. ശ്രീജിത്തിനു ശരത്തിനെ ഇഷ്ടപ്പെട്ടിരുന്നില്ല. ആ ഗ്രൂപ്പില്‍ ചെന്നിരുന്നു പൊങ്ങച്ചം പറച്ചില്‍ സഹിച്ചു മുഷിഞ്ഞു; ഇനി സുമിത്രയുടെ ഓഫീസ് വക ഒരു പരിപാടിക്കും തല കാണിക്കുക പോലും ഇല്ല എന്ന് ഉറപ്പിച്ചിരുന്നു. അയാളുടെ കാര്യം ഇപ്പോള്‍ ചോദിയ്ക്കാന്‍? ഇനിയും വല്ല പാര്‍ട്ടിയ്ക്കോ മറ്റോ വിളിച്ചെന്നാണോ? കാറോടിക്കുന്നതിനിടയില്‍ അലസമായി ശ്രീജിത്തിന്റെ മറുപടി "ഊം".
സുമിത്ര: "അയാളെ ഓഫീസില്‍ വെച്ച് കണ്ടിരുന്നു".
ശ്രീജിത്ത്‌: (അത്രെ ഉള്ളൂ? അതിലിപ്പോ പറയാന്‍ എന്താണ് ഉള്ളത്?) "ഓക്കേ."
അത്ര പറഞ്ഞപ്പോളെക്കും അമ്മുവാവ ബിസ്കറ്റ് കിട്ടാന്‍ വേണ്ടി ചിണുങ്ങാന്‍ തുടങ്ങി, അതിന്റെ തിരക്കില്‍ സുമിത്ര ദിആസ്-ഇനെ മറന്നു.
----------
ദിആസ് -ഇന് ആ കൂടിക്കാഴ്ച വളരെ വിചിത്രമായി തോന്നി. ശരത്തിനെ വളരെ കാലമായി പരിചയം ഉള്ളതാണ്. അയാളുടെ ഭാര്യ ജോലി ചെയ്യുന്നുണ്ട്, അതും ഒരേ ഓഫീസില്‍ എന്നത് ഒരു മാസം മുന്‍പ് ഓഫീസ് പാര്‍ടിയില്‍ വെച്ചാണ്‌ മനസ്സിലായത്. ഭാര്യയെ പറ്റി വളരെ സംസാരിക്കുമെങ്കിലും ഇത് വരെ ഒരു പരിപാടിക്കും ശരത് ഭാര്യയെ കൊണ്ട് വരാറില്ല. കണ്ടിട്ടില്ലെങ്കിലും പറഞ്ഞു കേട്ട് വളരെ അടുത്ത പരിചയം തോന്നിയിരുന്നു ലീനയോട്. പാര്‍ട്ടിയില്‍ ശരത്തിന്റെ അടുത്ത് ഒരു കുഞ്ഞു വാവയേയും എടുത്തു ഒരു യുവതി പ്രത്യക്ഷപ്പെട്ടപ്പോള്‍ അവസാനം ലീനയെ നേരിട്ട് പരിചയപ്പെടാമല്ലോ എന്ന്‍ വിചാരിച്ചു ഓടി ചെന്നതാണ്. പരിചയപ്പെടുത്തുന്നതിനു മുന്‍പേ ശരത്തിന് ഒരു ഫോണ്‍ വന്നു, അയാള്‍ അതെടുത്തു സംസാരിച്ചു കൊണ്ട് ദൂരേക്ക്‌ പോവുകയും ചെയ്തു. ഹലോ പറഞ്ഞപ്പോളെക്കും കുഞ്ഞു പരിചയക്കേട്‌ കൊണ്ട് കരഞ്ഞു തുടങ്ങി. കരച്ചില്‍ മാറ്റാനുള്ള വഴി നോക്കി ലീന ചുറ്റും നോക്കാനും തുടങ്ങി. ദിആസ് ഒരു ബലൂണ്‍ ഒക്കെ വീര്‍പ്പിച്ചു കൊടുത്തപ്പോളാണ് കരച്ചില്‍ നിര്‍ത്തിയത്. അപ്പോളേക്കും ഡയറക്ടര്‍ വെല്‍ക്കം ഒക്കെ പറയാന്‍ തുടങ്ങി, അങ്ങനെ ലീനയോട് ഒന്നും സംസാരിക്കാനും പറ്റിയില്ല. സത്യത്തില്‍ ഇങ്ങനെയല്ല ലീനയെ സങ്കല്‍പ്പിച്ചിരുന്നത്. വളരെ ഒതുക്കവും, വളരെ പതിഞ്ഞ സംസാരവും ആയി, ആള്‍ക്കാരോട് സംസാരിക്കാന്‍ മടിയുള്ള, ഒരു നാടന്‍ ടൈപ്പ് ആയിട്ടാണ് വിചാരിച്ചിരുന്നത്. ഇന്ന് ലിഫ്റ്റില്‍ വെച്ച് കണ്ടപ്പോള്‍ ഇങ്ങോട്ട് സംസാരിക്കും എന്ന് വിചാരിച്ചതെയില്ല. അതും തന്നെ ഒട്ടും അറിയില്ല എന്ന രീതിയില്‍ പേര് ചോദിച്ചതും, പേര് പറഞ്ഞിട്ടും അറിയാതെ പരിചയപ്പെടുത്തേണ്ടി വന്നതും ഓര്‍ത്തപ്പോള്‍ വിഷമവും തോന്നി. അപ്പോള്‍ ശരത് തന്നെപ്പറ്റി അത്രയെ വിചാരിച്ചിട്ടുള്ളൂ. എന്തായാലും ഒരു അകലം വെച്ച് പെരുമാറുന്നതാണ് നല്ലത്.
--------------

അഭിപ്രായങ്ങളൊന്നുമില്ല: