പേജുകള്‍‌

2010, നവംബർ 10, ബുധനാഴ്‌ച

നിന്റെ ഓര്‍മയില്‍.

വെളിച്ചം വീണു തുടങ്ങുന്നതേയുള്ളൂ. രാത്രിയില്‍ വീണ മഞ്ഞ് ജനല്‍ ചില്ലില്‍ പറ്റിപിടിച്ചിരിക്കുന്നു. സ്വാതി പകുതി ഉറക്കത്തില്‍ ക്ലോക്ക് നോക്കി. 7 മണി. എണീക്കണോ എന്നാലോചിച്ചു. എണീട്ടിട്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. പ്രശാന്ത് നേരത്തെ എണീറ്റു എന്ന് തോന്നുന്നു. രാവിലെ ഒരു കാപ്പിയും ന്യുസ്പേപ്പരിന്റെ കോമിക്സ് കഷണവും കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക്-ഉം കൂടിയാല്‍ സ്വര്‍ഗം എന്നാണ് പ്രശാന്തിന്. സ്വാതിക്കും ഒരു കാപ്പി കിട്ടിയാല്‍ കൊള്ളാമായിരുന്നു; ബെഡ് കോഫി ആണെങ്ങില്‍ അടിപൊളി. പ്രശാന്തിനെ വിളിച്ചു നോക്കി, ഉത്തരം കിട്ടിയില്ല. ടിവിയുടെ ശബ്ദം കേള്‍ക്കുന്നില്ല. ശീലം തെറ്റിച്ചു നടക്കാന്‍ പോയിരിക്കാം. കുറച്ചൂടെ ഉറങ്ങാം.
* * *
പ്രശാന്ത്‌ അതിരാവിലെ സുഖമുള്ള ഒരു സ്വപ്നം കണ്ടു കൊണ്ടാണ് ഉണര്‍ന്നത്. സ്വപ്നം എന്തായിരുന്നു എന്നോര്‍മ വന്നില്ല. പക്ഷേ അതില്‍ നീന ഉണ്ടായിരുന്നു. നീനയുടെ വിളി കേട്ടാണ് ഉണര്‍ന്നത്. അതിന്റെ സുഖം പിടിച്ചു കുറച്ചു നേരം കിടന്നു. നീന പതുക്കെ അലിഞ്ഞില്ലാതായി. സ്വാതി നല്ല ഉറക്കം. ഉറങ്ങിക്കോട്ടെ. ഇന്ന് കുറച്ചു അവധി വേണം, കുറച്ചു സമയം നീനക്ക് വേണ്ടി മാത്രം. ഒരു കാപ്പി എടുത്തു. പുറത്തിറങ്ങി, വാതില്‍ അടച്ചു, പടിയില്‍ ഇരുന്നു. സുഖമുള്ള തണുപ്പില്‍ കാപ്പി ഊതി കുടിക്കാന്‍ ഒരു പ്രത്യേക സുഖമുണ്ട്. നീന ഓര്‍മ മാത്രമായിട്ടു എത്ര വര്‍ഷം? ആല്‍ബം തുറന്നു താളുകള്‍ പൊടിതട്ടി. കാപ്പി തീര്‍ന്നപ്പോള്‍ അടച്ചു വെച്ചു. ഇന്ന് പിറന്നാളാണ്. നീനക്കെന്താണ് പിറന്നാളിന് സമ്മാനം വേണ്ടത്?
* * *
അടുക്കളയില്‍ ചെറിയ തട്ടും മുട്ടും. കാപ്പി പോരാതെ ഓംലെറ്റ് ഉണ്ടാക്കാനോ മറ്റോ നോക്കുകയാണോ? എന്തെങ്കിലും തപ്പുകയാണോ? സ്വാതി സാധനങ്ങള്‍ സ്ഥലം മാറ്റി വെക്കുന്നു എന്നുള്ളത് പ്രശാന്തിന്റെ സ്ഥിരം പരാതിയാണ്. സ്വാതിക്ക് ചെറിയ ഒരു ശുണ്ടി ഒക്കെ വന്നു. ഞായറാഴ്ച രാവിലെ തല്ലു കൂടാനുള്ള പുറപ്പാടാണോ? അടുക്കളയില്‍ എത്തുന്നതിനു മുന്‍പേ മണം കിട്ടി, പായസം! തവിയും കൈയില്‍ പിടിച്ചു നില്‍കുന്ന പ്രശാന്തിനെ സ്വാതി അത്ഭുതത്തോടെ നോക്കി. പ്രശാന്തിന് ഇതിനും മാത്രം പാചകം അറിയാം എന്ന് സ്വാതിക്ക് ഊഹം പോലും ഉണ്ടായിരുന്നില്ല. ഇന്നെന്താണ് പ്രത്യേകത? സ്വാതി ഓര്‍ത്തു നോക്കി - പ്രശാന്തിന്റെ പിറന്നാള്‍ അല്ല, ആനിവേര്‍സറി അല്ല.. വെറും ഒരു ഞായറാഴ്ച. അപ്പൊ പായസം? രണ്ടാള്‍ക്ക്‌ വേണ്ടി ഇത്രയും പായസം? കണക്കു തെറ്റിയതാണോ?
* * *
തളിര്‍ സെന്ററില്‍ മുപ്പതിനടുത്തു കുട്ടികളുണ്ട്, പല പ്രായക്കാര്‍. രഘു ആണ് കാര്യസ്ഥന്‍. ഓഫീസ് എഴുമണി അടിക്കുന്നതിനു മുന്‍പ് തന്നെ തുറന്നു. ഇത്രയും നേരത്തെ ആരും വരില്ലായിരിക്കാം, പക്ഷേ ആരെങ്കിലും വന്നിട്ട് ആളില്ലാതെ തിരിച്ചു പോവേണ്ടി വന്നാല്‍ കുട്ടികള്‍ക്കാണ് അത് നഷ്ടം. സാധാരണ ഒരു അനാധാലയതിനുള്ള അരിഷ്ടതകളൊക്കെ ഇവിടെയും ഉണ്ട്, എന്നാലും തെറ്റില്ല. രഘു ഓഫീസില്‍ കുറച്ചു നേരമേ ഇരുന്നുള്ളൂ. ആരെങ്കിലും വന്നാല്‍ ബെല്‍ അടിച്ചു ആളെ വരുത്താന്‍ സൗകര്യം ഉണ്ട്. ഞായറാഴ്ച രാവിലെ കാര്‍ട്ടൂണ്‍ ഷോ ഉണ്ട്; കുറെ പേരൊക്കെ ടിവിയുടെ മുന്‍പില്‍ ഇപ്പോളേ സ്ഥാനം പിടിച്ചിട്ടുണ്ട്. പഴയ ടിവിയാണ്. ഒന്ന് ടൂണ് ചെയ്തു ചാനല്‍ കിട്ടിക്കണം. സാധാരണയായി തുടങ്ങിയ ഞായറാഴ്ചയ്ക്ക് ചെറിയൊരു മാറ്റം വന്നത് രഘുവിന് ഒരു ഫോണ്‍ കാള്‍ വന്നപ്പോളാണ്. വിരോധമില്ലെങ്കില്‍, കുറച്ചു പാല്‍പായസം ഉള്ളത് കുട്ടികള്‍ക്ക് പ്രാതലിനൊപ്പം കൊടുക്കാമോ എന്ന് ചോദ്യം. എന്താണ് വിരോധം?
* * *
കാര്‍ട്ടൂണ്‍ എന്നോര്‍ത്ത് കൊണ്ടാണ് നീന രാവിലെ എണീറ്റത് തന്നെ. രഘു അമ്മാവന്‍ തല്ലിപ്പൊളി ടിവിയെ കുത്തും അടിയും ഒക്കെ കഴിഞ്ഞു, എന്നാലും പ്രോഗ്രാം ഇടയ്ക്കു ചാടി പോവുന്നു. നീന ഒളികണ്ണിട്ടു രഘുവിനെ നോക്കി. രഘു അമ്മാവന്‍ എപ്പോളും ഗൌരവത്തിലാണ്. ദേഷ്യം വന്നാല്‍ മീശയുടെ തുമ്പ് വിറക്കും; മുന്‍പില്‍ നില്കുന്നവരും വിറക്കും. പക്ഷേ ഇന്ന് നല്ലോണം ക്ഷമ ഉണ്ട്. പോരാത്തതിനു നീനയുടെ അലങ്കോലം മുടിയൊക്കെ മാടി ക്ലിപ്പ് ഒക്കെ ശെരിയാക്കി തരുകയും ചെയ്തു. ആരെങ്കിലും കുഞ്ഞു വാവമാരെ കൊണ്ട് പോവാന്‍ വരുന്നോ ആവൊ? നാന്‍സി വാതില്കല്‍ നിന്ന് ഊണ് മുറിയിലേക്ക് വരാന്‍ ‍ആംഗ്യം കാണിക്കുന്നു. രാവിലെ അടുക്കളയില്‍ പോയി നോക്കിയതാണല്ലോ.. ഇഡ്ഡലി! ആര്‍ക്കു വേണം! ഇപ്പൊ പോയാല്‍ ഇനി ഇവിടെ സീറ്റ്‌ കിട്ടില്ല. കാര്‍ട്ടൂണ്‍ കാണണ്ടേ? നാന്‍സി വിടുന്നില്ല.. പോയേക്കാം! ഓടുന്നതിനിടയില്‍ നാന്‍സി സ്വകാര്യം പറഞ്ഞു ... പായസം!

അഭിപ്രായങ്ങളൊന്നുമില്ല: