പേജുകള്‍‌

anubhavam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
anubhavam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015 മാർച്ച് 31, ചൊവ്വാഴ്ച

ഒരു ട്രെയിൻ യാത്ര

ട്രെയിൻ യാത്രകൾ എനിക്ക് പണ്ടേ വളരെ ഇഷ്ടമാണ്. ഒരു മൂലയിൽ ഒതുങ്ങി ഇരുന്നു, ഒരു ബുക്കോ ന്യൂസ്‌ പേപ്പറോ മറയായി പിടിച്ചു, ഒളി കണ്ണിട്ടു ജീവിതത്തിന്റെ തുണ്ടുകൾ ചികയാം. ചില സിദ്ധാന്തങ്ങൾ പരീക്ഷിക്കുകയും ആവാം. ഒന്നോ രണ്ടോ പ്രാവശ്യം നല്ല കൂട്ടുകളും പരിചയങ്ങളും തുടങ്ങിട്ടും ഉണ്ട്. ഒരു പെട്ടി നിറയേ, ഒരിഞ്ചു സ്ഥലമില്ലാതെ, ഇറങ്ങി ഓടാൻ ഇടയില്ലാതെ, കുത്തി നിറച്ച ആളുകള്! എല്ലാവരിലും എത്ര കഥകൾ!  മണികൂര് കണക്കിനുള്ള ട്രെയിൻ യാത്രകളാണ് എന്നെകൊണ്ട്‌ എഴുതിച്ചിരുന്നത്, ചിന്തിപ്പിച്ചിരുന്നത്.  ഇപ്പോളിപ്പോൾ യാത്രകൾക് മിനുടുകളുടെ ആയുസ്സ്‌. സബ് വെ ട്രെയിനിൽ. മറയായി പിടിക്കുന്നത്‌ ഫോണ്‍.  കുറച്ചു ദാരിദ്ര്യം ഉണ്ടെങ്കിലും, കഥകളുണ്ട്, കഥാപാത്രങ്ങളും.  കഥകൾ അറിയാൻ ബുദ്ധിമുട്ടാണ്, സങ്കല്പിക്കാനേ പറ്റു.

അപ്പോൾ, എന്റെ നായിക. ആറടിയിലധികം പൊക്കം. വളരേ മെലിഞ്ഞിട്ടു. ഇരുപതിൽ പ്രായം. കറുത്ത വര്ഗക്കാരി. തിളങ്ങുന്ന ഹൈ ഹീൽ ഷൂസ്, കറുത്ത സ്ടോക്കിങ്ങ്സ്, ചാര നിറത്തിൽ മിനി സ്കര്റ്റ്, ചേരുന്ന ബ്ലൌസ്. അസാമാന്യ മേക്കപ്പ്. മോഡൽ തന്നെ. നടത്തവും ഇരുപ്പും ഒക്കെ അങ്ങനെ തന്നെ.  ഈ ട്രെയിൻ നഗരത്തിലെ പാവപ്പെട്ട ഭാഗങ്ങളിലേക്ക് പോവുന്നതാണ്.  സാധാരണ കാണുന്ന കഥാപാത്രങ്ങൾ എല്ല് മുറിയെ പണിയെടുത്തു തളർന്ന ആത്മാക്കളാണ്. ഞാൻ അവരെ തന്നെ നോക്കിക്കൊണ്ടിരുന്നു. എന്താണ് അവരുടെ കഥ എന്നാലോചിച്ചു കൊണ്ടിരുന്നു. എന്റെ കഥകളിൽ അവർ ഒരു മോഡൽ,  എയർ ഹോസ്റെസ്സ്, ഫിലിം അക്ട്രെസ്സ് ഒക്കെയായി വേഷമിട്ടു.  എന്നിട്ടും ശേരിയാവാതെ ഞാൻ വീണ്ടും അന്വേഷിച്ചു കൊണ്ടിരുന്നു. അവരുടെ ഹൈ ഹീൽ ചെരുപ്പ് എന്നെ വല്ലാതെ ആകർഷിച്ചു. 5 ഇഞ്ച്‌ എങ്കിലും പൊക്കം ഉണ്ടാവും അതിന്റെ ഹീലിനു.

അവസാനത്തെ എത്തുന്നുന്നതിനു കുറച്ചു മുൻപ്, അപ്പോളേക്കും ബോഗ്ഗി മിക്കവാറും കാലിയായിരുന്നു, അത് വരെ അനങ്ങാതെ, ഇയർ ഫോണ്‍ വെച്ച് കണ്ണടച്ച് മോഡൽ പോസിൽ ഇരുന്ന അവർ പെട്ടെന്ന് ഓരോ കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. ബാഗു തുറന്നു രണ്ടു ചെരുപ്പ് പുറത്തെടുത്തു. ഹൈ ഹീൽസ് അഴിച്ചു ബാഗിൽ തിരുകി. മുടി ഒരു ഹെയർ ബാൻഡ് ഇട്ടു കെട്ടി. ഒരു നനഞ്ഞ തുണി എടുത്തു മുഖം നന്നായി തുടച്ചു. ഒരു ഷർട്ട്‌ എടുത്തിട്ടു. മേക്കപ്പ് പോയപ്പോൾ അവരുടെ കണ്ണിനു ചുറ്റുമുള്ള കറുത്ത വലയങ്ങൾ പൊങ്ങി വന്നു. ജീവിതം കുത്തിക്കോരിയ വരകളും. ഇപ്പോൾ പെട്ടെന്ന് അവർ ഞങ്ങളിൽ ഒരാളായി. ട്രെയിൻ ഇറങ്ങി മൈലുകളോളം അവർ നടക്കുന്നതും, വഴിയിൽ പലവ്യഞ്ജനം വാങ്ങിക്കുന്നതും, അതും താങ്ങി നടന്നു ഒരു കിളികൂടു പോലുള്ള ഫ്ലാറ്റിൽ വന്നു കേറുന്നതും, അവരുടെ കുട്ടികൾ അവരെ കണ്ടു ഓടി വരുന്നതും ഒക്കെ പെട്ടെന്ന് എന്റെ കണ്ണിൽ തെളിഞ്ഞു വന്നു. അവർ എന്നെ നോക്കി ചിരിച്ചു, തളര്ന്നതെങ്കിലും ആത്മാർഥതയുള്ള ചിരി.  അവസാന സ്റ്റേഷൻ എത്തി. ഹൈ ഹീൽ ചെരുപ്പുകൾ ബാഗിൽ ഇരുന്നു തന്നെ വീട്ടിൽ പോയി.

ജീവിതം ആൾകാരെ കൊണ്ട് എന്തൊക്കെ വേഷം കെട്ടിക്കുന്നു! ഉടുപ്പുകൾകും ചെരിപ്പുകല്കും മേകപ്പിനും (കണ്ണിൽ കാണുന്ന വേറെ ഒരായിരം സാധനങ്ങൾക്കും) അടിയിൽ എല്ലാവരും സാധാരണ മനുഷ്യർ, അല്ലേ?

2015 മാർച്ച് 30, തിങ്കളാഴ്‌ച

ഒരിക്കൽ ഒരു മാലാഖയെ കണ്ടപ്പോൾ...

ഹൃദയത്തിനു ശക്തി അത്ര പോരാ. എനിക്ക് പണ്ടേ തോന്നിയിരുന്നു, ഇപ്പോൾ ഡോക്ടറിന്റെ സർട്ടിഫിക്കറ്റ് ആയി എന്ന് മാത്രം.  ഇനി എന്താണ് ചെയ്യേണ്ടത് എന്നറിയാൻ ഡോക്ടറിനെ കാണാൻ കാത്തിരിക്കുന്നു. 

ഈ മുറിയിൽ ഞാൻ മുഴച്ചു നില്ക്കുന്നു. എനിക്ക് 30 വയസ്സ്, കറുത്ത മുടി. ഞാനോഴിച്ചാൽ മുറിയിൽ ആവറേജ് പ്രായം 80, കഷണ്ടി അല്ലെങ്കിൽ വെള്ളി മുടി.  രണ്ടു പേർ വീൽ ചെയറിൽ.  അതിൽ ഒരാളെ പ്രത്യേകം ശ്രദ്ധിച്ചു.  ഏകദേശം 75 മറ്റോ ആവാം പ്രായം, വെള്ളക്കാരി, മുഖത്ത് ചുളിവുകൾ, മുടി മിക്കവാറും നരച്ചു, തോളിനു മുകളില വെട്ടി നിര്ത്തിയിരിക്കുന്നു. അവരെ ശ്രദ്ധിക്കാൻ കാരണം, അവരുടെ കണ്ണുകൾ എന്റെ അമ്മയുടേത് പോലെ. ചാര നിറം,  അഭൗമികത.  അമ്മയുടെത് എപ്പോളും ഒരിത്തിരി ക്ഷീണിച്ചും എന്നാൽ കരുണ പ്രധാനമായിട്ടും. ഇവരുടേത് ശൂന്യം. ദൂരേ ഇല്ലാത്ത ഒരു ബിന്ദുവിൽ തറഞ്ഞ്.  

വാതിൽ തുറന്നു ഒരാൾ കൂടി മുറിയിലേക്ക് വന്നു. കറുത്ത വര്ഗക്കാരി, പ്രായം ഊഹിച്ചാൽ 80 ? വെള്ളി നിറത്തില നീണ്ട, ഉള്ളുള്ള മുടി, മിടഞ്ഞു ഇട്ടിരിക്കുന്നു. കറുപ്പ് ടോപ്പ്, വെള്ള പാവാട, തുന്നി പിടിപ്പിച്ച ചുവപ്പ് പൂക്കൾ ചിതറി കിടക്കുന്നു. അവരുടെ എല്ലാ ചലനങ്ങൾക്കും ഒരു നിശബ്ദമായ, മുദൃലമായ ഉറപ്പു.  നർസിനു പേര് കൊടുത്തതിനു ശേഷം അവർ ഒരു നിമിഷം നിന്നു, മുറി മുഴുവൻ ഒന്ന് ഇരുത്തി നോക്കി.  മറ്റാരും അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഞാൻ ഒരു മാഗസിൻ എടുത്തു അതിനു പിന്നിൽ ഒളിച്ചു. എത്രയോ ഒഴിഞ്ഞ സീറ്റുകൾ ഉണ്ടായിട്ടും, അവർ ആ വീൽ ചെയറിന് അടുത്ത സീറ്റ് ആണ് തെരഞ്ഞെടുത്തത്.  

അവിടെ ഇരുന്നിട്ട് ഒട്ടും സമയം കളയാതെ അവർ വീൽ ചെയറിലെ സ്ത്രീയോട് സംസാരിക്കാൻ തുടങ്ങി. ആദ്യം ഒന്നോ രണ്ടോ വാചകങ്ങൾ , വലിയ ഇടവേളകൾ.  വളരെ മൃദുവായ, ആംഗ്യങ്ങൾ ഇല്ലാത്ത സംസാരം. പറയുന്നത് എന്താണെന്നു വ്യക്തമല്ല. ഞാൻ മാഗസീനിന്റെ ഉള്ളിലൂടെ ഇടയ്ക്കിടെ അവരെ നോക്കി കൊണ്ടിരുന്നു. ആദ്യം കാര്യമായ പ്രതികരണം ഒന്നും ഉണ്ടായില്ല.  ഇടയ്ക്കു എന്തോ ഒരു കാര്യം ക്ലിക്ക് ചെയ്തിരിക്കണം, നോക്കുമ്പോൾ രണ്ടു പേരും വളരേ താത്പര്യത്തിൽ സംസാരിക്കുന്നു.  ശൂന്യതയുടെ സ്ഥാനത്ത് പുഞ്ചിരി. എന്തൊരു ഭംഗി, ആ ചിരി പത്തു വയസ്സെങ്കിലും കുറച്ചത് പോലെ തോന്നി. പണ്ടേ പരിചയമുള്ള രണ്ടു സുഹൃത്തുക്കൾ ചായയും കുടിച്ചു സൊറ പറയുന്ന പോലെ.  

ഡോക്ടറെ കാണാൻ എന്റെ ഊഴം ആയി.  കുറെ അധികം വീണ്ടും കാത്തിരിക്കേണ്ടി വന്നു, ലാബിലും മറ്റുമായി.  അങ്ങനെ ഒരു ഇരുപ്പിനിടയിൽ ജനാലയിൽ കൂടി പുറത്തേക്ക് നോക്കിയപ്പോൾ അവർ രണ്ടു പേരും പുറത്തു നിന്ന് സംസാരിക്കുന്നതു കണ്ടു, പൊട്ടിച്ചിരിക്കുന്നതും.  വീൽ ചെയറുള്ള സ്ത്രീ അവരുടെ ഡ്രൈവർ വരാൻ വേണ്ടി കാക്കുകയായിരുന്നു,  അയാൾ വന്നു അവരെ കാറിൽ കേറ്റി  കൊണ്ട് പോയി. അത് വരെ കൂടെ നിന്ന് വർത്തമാനം  പറയുകയും കെട്ടിപ്പിടിച്ചു യാത്ര പറയുകയും  കൈ വീശി കാണിക്കുകയും കാർ വളവു തിരിഞ്ഞു പോകുന്ന വരെ നോക്കി നിൽകുകയും ചെയ്തു ആ സ്ത്രീ.  ഇനി ഏതു നിമിഷവും അവർ അദ്രശ്യയാകും അല്ലെങ്കിൽ ചിറകുകൾ മുളച്ചു പറന്നു പോകും എന്ന് എനിക്കൊരു തോന്നൽ. 

പക്ഷേ അങ്ങനെ അല്ല ഉണ്ടായതു.  അത് വരെ ഇതെല്ലാം കണ്ടു കൊണ്ട് കുറച്ചു അകലേ ഒരു ഊന്നുവടിയും പിടിച്ചു മരം ചാരി നിന്നിരുന്ന,  85 -90 വയസ്സുള്ള,  കണ്ണിൽ നനവുള്ള ഒരാൾ,  അവരുടെ അരികിലേക്ക് വന്നു.  ഒരു കൈ ഹൃദയത്തിൽ വെച്ച്,  മറു കൈയ്യിൽ കരുതിയിരുന്ന ഒരു കാട്ടു പൂവ് അവർക്ക് സമ്മാനിച്ചു.  അവർ ചിരിച്ചു കൊണ്ട് അത് വാങ്ങിച്ചു,  അയാളുടെ കവിളിൽ ഒരു ഉമ്മ വെച്ചു.  രണ്ടാളും കൈ കോർത്ത്‌ വളരെ പതുക്കെ നടന്നു. നോക്കി നിൽകെ, ആ വഴിയിലെ പുല്ലും പൂക്കളും കാറ്റും മേഘങ്ങളും സൂര്യനും വരെ അവരുടെ അകമ്പടി പോകുന്നത് പോലെ തോന്നി.  എന്റെ ഹൃദയം സന്തോഷവും കൊണ്ട് അതിന്റെ ബലമില്ലായ്മ മറന്നു പട പട എന്നിടിച്ചു അവർക്ക് മംഗളം നേർന്നു. 

2013 ജൂൺ 17, തിങ്കളാഴ്‌ച

പേടി.

രാവിലെ 8 മുതൽ 8 15 വരെയുള്ള സമയം എനിക്ക് വളരേ വിലപ്പെട്ടതാണ്. മകൻ കണ്ണനെ സ്കൂളിലേക്ക് ഡ്രൈവ് ചെയ്യുന്ന സമയമാണ് അത്. കണ്ണന് 4 വയസ്സാണ്. വാതോരാതേയുള്ള വർത്തമാനം. ഒന്നിനേ കുറിച്ചും മുൻധാരണകൾ ഇല്ലാത്തത് കൊണ്ടാവാം, വളരേ പുതുമയുള്ളതാണ് അവന്റെ ചോദ്യങ്ങളും നിരീക്ഷണങ്ങളും. മിക്കവാറും ദിവസം മുഴുവനും, പിന്നെ കുറച്ചും, ആലോചിക്കാനുള്ള വകുപ്പ് ആ 15  മിനുട്ടിൽ കിട്ടും. 
സൂപ്പർ ഹീറോയിൽ തുടങ്ങിയ സംസാരം അലഞ്ഞു തിരിഞ്ഞു പേടികളെ കുറിച്ചായി. അവനു പേടിയുള്ള കാര്യങ്ങൾ പുറത്തു വന്നു തുടങ്ങി. 
"അമ്മയ്ക് ഇടിയും മിന്നലും പേടിയാണോ?"
'മരത്തീന്നു ഏകോൻ വീഴുന്നത്?"
'കട്ടിലിന്റെ അടിയിലെ മോൻസ്ടർ?"
'വലിയ ഷൂ ?"
ഇതിലൊക്കെ പേടിക്കാൻ എന്താണ് എന്ന് പറഞ്ഞു ( ചിലപ്പോ ചിരിച്ചും) ഞാൻ എല്ലാം ഒന്നൊന്നായി നിഷേധിച്ചു സൂപ്പർ ഹീറോ ചമഞ്ഞു. 
"പിന്നെ അമ്മയ്ക് എന്തിനെയാണ് പേടി?"
'അമ്മ ഇങ്ങനെ നടന്നു വരുമ്പോ, കണ്ണൻ വാതിലിന്റെ പിന്നിൽ നിന്ന് ചാടി വന്നു 'റോർ' ചെയ്യില്ലേ, അപ്പൊ അമ്മ പേടിച്ചു വിറക്കും'. 
കുടുകുടെ ചിരി. 
പിന്നെയും ഏതൊക്കെയോ വള്ളികളിൽ തൂങ്ങിയാടി ഞങ്ങൾ സ്കൂളിൽ എത്തി. ക്ലാസ്സിന്റെ വാതിൽ കടന്നു, അവൻ അവരിൽ ഒരാളായി. അവൻ മറന്നു പോയ ഉമ്മയും പ്രതീക്ഷിച്ചു ഞാൻ കുറച്ചു നേരം ചുറ്റിപറ്റി നിന്നു. 
തിരിച്ചു കാറിൽ വന്നു കുറച്ചു കണ്ണടച്ച് ഇരുന്നു. കുറച്ചു നേരത്തേക്ക് ആണെങ്കിലും വിട്ടു പോവാൻ ഇപ്പോളും ബുദ്ധിമുട്ടാണ്. ഈ മാസം രണ്ടു വർഷം ആവുന്നു. അവൻ നഷ്ടപ്പെട്ടു പോയേനെ. എന്തൊക്കേയോ ഭാഗ്യം, ആരൊക്കെയോ ചെയ്ത പുണ്യം, മെഡിക്കൽ സയൻസിന്റെ കഴിവ്, അവൻ കളിച്ചു ചിരിച്ചു ഓടിനടക്കുന്നു, വളരുന്നു, ചോദ്യങ്ങൾ ചോദിക്കുന്നു. 
"അമ്മയ്ക് എന്തിനെയാണ് പേടി?" അവൻ കൊഞ്ചുന്നു. 
കണ്ണിനുള്ളിലെ ഇരുട്ടിൽ അവനില്ലാത്ത ലോകം എന്നെ വിഴുങ്ങാൻ വരുന്നു. 
കാറിൽ കരുതാറുള്ള കോട്ട് എടുത്തു, മറന്നു വെച്ചത് കൊണ്ട് കൊടുക്കാനെന്ന ഭാവത്തിൽ ഞാൻ ക്ലാസ്സിലേക്ക് നടന്നു. ഒരു നോക്കും കൂടി കാണാൻ. 

2013 ജൂൺ 7, വെള്ളിയാഴ്‌ച

വിചാരിക്കണ്ടേ?

മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം നിറങ്ങളും മണങ്ങളും ചലനങ്ങളും മടങ്ങിവരുന്ന സമയമാണ് വസന്തം. കൊടും തണുപ്പിനും കൊടും ചൂടിനും ഇടയിലെ പാലം. സുന്ദരി മഴകളുടെ കാലം. ആകപ്പാടെ ഉണർവ്വ് . തുടക്കങ്ങൾ.

പക്ഷേ ... മനസ്സിലൊരു മൊട്ടുസൂചി.  റോഡിനു നടുവിൽ അണ്ണാന്മാരുടെ, മുയലുകളുടെ, പേരറിയാത്ത കുഞ്ഞു ജീവികളുടെ ശവശരീരങ്ങൾ.  എത്രയെണ്ണം എന്നും കാണുന്നു എന്നതിന് കണക്കില്ല.  പല നിലയിൽ ജീർണിച്ചതും ചതഞ്ഞതും. 

ഇന്ന് രാവിലെ ഇട റോഡിൽ വെച്ച് ഒരു അണ്ണാൻ കാറിന് കുറുകേ ചാടി.  25 മൈൽ മാത്രം സ്പീഡ് ലിമിറ്റ് ഉള്ള, ഏഴ് ബമ്പുകൾ ഉള്ള, മിക്കവാറും വിജനമായ സ്ഥലം. ഞാൻ കാർ  നിറുത്തി കൊടുത്തു.  അത് ഇങ്ങോട്ടും പിന്നെ അങ്ങോട്ടും ഓടി, കുറച്ചു അനങ്ങാതെ നിന്നു. എന്തൊരു കൌതുകം എന്നോർത്ത് ഞാനും നിന്നു.

രണ്ടു നിമിഷത്തിൽ, ഞങ്ങളുടെ നിർഭാഗ്യത്തിനു, ഒരു കാർ  പിന്നിൽ വന്നു ചവുട്ടി നിർത്തി. ഞാൻ പരിഭ്രമിച്ചു . അണ്ണാൻ ഇപ്പോളും ചിന്താകുഴപ്പത്തിൽ. എന്ത് എന്നാലോചിക്കുന്നതിനു മുൻപ്,  പിന്നിൽ നിന്നയാൾ വശത്തൂടെ എടുത്തു, മുന്നില് കേറ്റി കൊണ്ടുപോയി.  പോകുന്ന വഴിക്ക് എന്തൊക്കെയോ വിളിച്ചു പറയുകയും, നടുവിരൽ ഉയർത്തി കാണിക്കുകയും, ഉച്ചത്തിൽ ഹോണ്‍ അടിക്കുകയും ചെയ്തു.

അയ്യോ. കൊലപാതകം. എന്റെ അണ്ണാൻ. കാണാൻ വയ്യാതെ, ആലോചിക്കാൻ വയ്യാതെ, കണ്ണും പൊത്തി ഞാനിരുന്നു.

ഒരു ശബ്ദം കേട്ടു. കാറിന്റെ മേലേ എന്തോ വീണ പോലെ.  അണ്ണാൻ.  പോയില്ല. രക്ഷപ്പെട്ടു. ഇപ്രാവശ്യം ഭാഗ്യം. ഇനിയൊരിക്കൽ ? അതിനു വിചാരമില്ല. അതങ്ങനെ ഒരു സൃഷ്ടി. നമ്മൾ വിചാരിക്കണ്ടേ? എവിടെ കാലു വെക്കുന്നു എന്ന്,  എവിടെ കാർ ഓടിച്ച് കേറ്റുന്നു എന്ന് ?

2012 ജൂലൈ 18, ബുധനാഴ്‌ച

ഉഴുന്ന് വടയുടെ ആനിവേര്‍സറി



എന്റെ 3 വയസ്സുകാരന്‍ പയ്യന്‍സ് കണ്ണന്‍...  പ്ലേ സ്കൂള്‍ കഴിഞ്ഞു വന്നു മന്നുരുട്ടി കളിയിലാണ്.  ഞാനും കൂടെ.  മണ്ണ് പലഹാരങ്ങള്‍ ഉണ്ടാക്കി എന്നെ കഴിപ്പിക്കലാണ് കളിയുടെ പ്രമേയം. നല്ല സ്വാദ് എന്നൊക്കെ തലകുലുക്കി ആസ്വദിച്ച്  "കഴിച്ചു" കൊണ്ടിരുന്നതിനു ഇടയില്‍ 'ഉഴുന്ന് വട' മനസ്സില്‍ തലനീട്ടി. എന്റെ ആദ്യം വെളിച്ചം കണ്ട കഥയാണ് 'ഉഴുന്ന് വട'.  കോളേജ് മാഗസിനില്‍ .  കോളേജ് കാന്റീനിലെ കാപ്പിയുടെയും ഉഴുന്ന് വടയുടെയും പ്രചോദനത്തില്‍ ഞാനും ഒരു എഴുത്തുകാരിയായി.  അന്നത്തെ ആ വടയുടെ സ്വാദ് ഇത്തിരി എന്റെ പയ്യനും അറിയാന്‍ എന്ത് ചെയ്യണം എന്നാലോചിച്ചു,  പതുക്കെ പാചക ജോലി ഏറ്റെടുത്തു, മണ്ണ് കൊണ്ട് ഒരു കുഞ്ഞു ഉഴുന്ന് വടയുണ്ടാക്കി പ്ലേറ്റില്‍ വെച്ചു. കണ്ണന്റെ പ്രതികരണം എന്താണെന്നു അറിയാമല്ലോ.  അവനിത് വരെ ഉഴുന്ന് വട കണ്ടിട്ടില്ല.  അമേരിക്കയിലെന്തു ഉഴുന്ന് വട!! വല്ലപ്പോളും  സരവണഭവനില്‍ ചെന്ന്‍ ഒരു മസാല ദോശ കഴിച്ചാലായി.  ആദ്യം അവനത്ര ശ്രദ്ധിച്ചില്ല, പിന്നെ നോക്കുമ്പോ അവന്റെ കപ്പ്‌ കേക്ക് ഇന്റെയും സാന്‍ഡ്വിട്ച്ഇന്റെയും  ഇടയില്‍ ഒരു പുതിയ പലഹാരം.  അവന്റെ കണ്ണുകള്‍ വിടരുന്നു , കൈകള്‍ അതിനെ പരിശോധിക്കാന്‍ ചെല്ലുന്നു.   ഇതെന്താണ് എന്നൊക്കെ ചോദിക്കും, അപ്പൊ കുറച്ചു കഥയും അതിലൊരു കൊച്ചു കേരളവും ഒക്കെ കൊണ്ട് വരാം എന്നൊക്കെ ഉത്സാഹിച്ചു ഞാന്‍ അടക്കി പിടിച്ചു ഇരിക്കുന്നു.  അവന്‍ അതെടുത്തു ശ്രദ്ധയോടെ കത്തി കൊണ്ട് മുറിച്ചു പ്ലേറ്റില്‍ വെച്ചു, എന്റെ നേരെ:  "have a donut അമ്മേ,  yummy!"

തിരിച്ചു വരാത്ത സമയങ്ങള്‍

വെറും വെറുതെ നടന്നിരുന്ന കാലം, തോന്നുമ്പോള്‍ എണീറ്റ്, തോന്നുന്ന സ്ഥലത്ത് കറങ്ങി നടന്നു, തോന്നിയപ്പോള്‍ വയറു നിറയെ മസാല ദോശയും അടിച്ചു, അതൊരു സമയം!

കല്യാണം കഴിഞ്ഞു, ഗൃഹ ഭരണവും തുടങ്ങി. കറങ്ങി നടക്കാനും കടല കൊറിക്കാനും കൂട്ടായി. തോന്നിയതൊക്കെ പറഞ്ഞും തണുപ്പത്ത് കെട്ടിപ്പിടിച്ചു കിടന്നും ദിവസങ്ങള്‍ നിമിഷങ്ങളായി. മനസ്സ് പറഞ്ഞു : ആഹ, ഇതാണ് സമയം!

അവനെന്റെ ഉള്ളില്‍ വളരുന്നു എന്ന് അറിഞ്ഞു - പുഞ്ചിരികള്‍ ഉള്ളില്‍ കിടന്നു തുള്ളി; നിവൃത്തിയില്ലാതെ ചുണ്ടത്ത് ചാടി വന്നു. നടപ്പ് ആകാശത്ത്. മനസ്സ് പിന്നെയും : "ഇത്രയും വിലപിടിച്ച ഒരു സമയമുണ്ടാവില്ല!"

എത്രയോ അധ്വാനം കഴിഞ്ഞു ഞാന്‍ അവനെ ആദ്യം കണ്ടപ്പോള്‍ വാക്കുകളില്ലതെയായി, ഈ ലോകമേ ഇല്ലാതെയായി. സമയവും ഇല്ലാതെയായി. തിരിച്ചു വന്നപ്പോള്‍ തോന്നി : ഇതാണ്, ഇതാണ്, ഇതാണ്.

അവന്‍ ചിരിച്ചു, കൊഞ്ചി, കമിഴ്ന്നു, ഉരുണ്ടു, നീന്തി, ഇരുന്നു, പിടിച്ചു നിന്നു, നടന്നു, അമ്മേ എന്ന് വിളിച്ചു. കിട്ടിയതെല്ലാം ക്യാമറ കണ്ണ് അമര്‍ത്തി കാറ്റ് കേറാതെ എടുത്തു വെച്ചു. ഇനിയൊരിക്കല്‍ ആ അനുഭവങ്ങളിലേക്ക് തിരിഞ്ഞു നടക്കാന്‍ ഒരു പിടിവള്ളി.

സ്കൂളില്‍ പോയി വന്ന് പാല്‍ കുടിച്ചു കൊണ്ട് ഇന്നത്തെ അങ്കത്തിന്റെ വിവരണം നടക്കുന്നു എന്റെ മടിയില്‍ . അവന്റെ മുടിച്ചുരുളിലൂടെ വിരലോടിച്ചു, കേട്ടും കേള്‍ക്കാതെയും പല രീതിയില്‍ മൂളിയും അവനില്‍ അലിഞ്ഞു ഞാന്‍ . മനസ്സ് പിറുപിറുക്കുന്നു : "ഇനി എത്ര കാലം?"

2010 മാർച്ച് 15, തിങ്കളാഴ്‌ച

വഴിയോരക്കാഴ്ച്ച

തണുപ്പുള്ള പ്രഭാതം. വസന്തം വന്നു എത്തി നോക്കി തുടങ്ങിയതേയുള്ളു. ഒരേ നിരയിൽ നട്ടിരിക്കുന്ന ചെറി മരങ്ങൾ നിരയെ പിങ്ക്‌ നിറതിലുള്ള പൂക്കൾ. രണ്ടു പേർ. ഒരാണും ഒരു പെണ്ണും. രണ്ടാൾക്കും 20-നു താഴെ പ്രായം.

റോഡിന്റെ അരികിൽ, ട്രാഫിക്‌ സിഗ്നലിനു വളരെ അടുത്താണു അവർ നിൽക്കുന്നത്‌. റോഡ്‌ ക്രോസ്സ്‌ ചെയ്യാൻ നിൽകുകയോ?

പെങ്കുട്ടിയുടെ ആകെ ഭാവം 'whatever' എന്നനു. അതിനെ മലയാളത്തിലാക്കാൻ ബുദ്ധിമുട്ട്‌. താഴ്തി പിടിച്ച വലതു കൈയിൽ വിരലിനിടയിൽ സിഗരട്ട്‌. തണുപ്പിനെ ചെരുക്കാനാവാം. കണ്ണെഴുതിയതാണോ അതോ ഉറക്കമില്ലാതെ വന്ന കറുത്ത വലയങ്ങളാണോ കണ്ണിനു ചുറ്റും? മുടി കൊണ്ടു തലക്കു മുകളിൽ ഒരു ഓലപ്പുര പോലെ തോന്നിക്കുന്ന കെട്ടിടം കെട്ടിയിട്ടുണ്ടു; അതിനു ചുവപ്പും, മഞ്ഞയും പെയ്ന്റും അടിച്ചിട്ടുണ്ടു. ആങ്കുട്ടി ഇപ്പൊ കിടക്കയിൽ നിന്നു എണീറ്റ പോലെയുണ്ട്‌! - ചെറുപ്പത്തിന്റെ ഭാരമില്ലായ്മ എന്നാലോചിച്ചു പുഞ്ചിരിക്കാൻ തുടങ്ങിയതാനു. പക്ഷെ, അപ്പോളാണു കണ്ടത്‌ -

ആണിന്റെ കൈയിൽ "HUNGRY GOD BLESS" എന്നു രണ്ടു വരിയായി കൈപ്പടയിൽ എഴുതിയ കാർഡ്ബോർഡ്‌. കാറുകൾ ഒന്നും നിർത്തുന്നില്ല. സിഗ്നൽ ചുവപ്പാവുമ്പൊൾ, കാറുകൾക്‌ നിർത്തേണ്ടി വരും. ആരെങ്കിലും ഇവർ ക്കു എന്തെങ്കിലും കൊടുക്കുമായിരിക്കുമോ?

2009 ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

എന്റെ കണ്ണൻ

മീറ്റിംഗ്‌ ഇഴഞ്ഞുകൊണ്ടേയിരിക്കുന്നു. ഏന്തൊക്കേയോ അക്ഷരങ്ങളും അപ്പ (പൈ) ച്ചാർട്ടുകളും സ്ക്രീനിൽ വന്നു-നിന്നു-പോയി കൊണ്ടിരിക്കുന്നു. എനിക്കു കേട്ടിട്ടു ചെവി കഴയ്ക്കുന്നു; എന്നിട്ടും അപരനു നാവു കഴയ്ക്കുന്നില്ല! മനസ്സു മുഴുവൻ അവനാണു; ഞാനും അവനും മാത്രമുള്ള സ്വപ്നങ്ങൾ.

സ്വപ്നത്തിൽ, ഉച്ചയൂണു കഴിഞ്ഞു വീടിന്റെ പിൻഭാഗത്തെ വരാന്തയിലെ സൊഫയിൽ ടീപോയിലേക്കു കാലും കയറ്റിവെച്ചു ഇരിക്കുന്നു ഞാൻ. ശരത്ക്കാലത്തിന്റെ ഇളവെയിലും, ചെറിയ കുളിരുള്ള കാറ്റും. പച്ചയിൽ നിന്നും മഞ്ഞയിലേക്കും ചുവപ്പിലേക്കുമുള്ള യാത്രാത്തെരക്കിൽ ഇലകൾ. ലോകം മുഴുവൻ ഉച്ചയുറക്കത്തിൽ. പാലുകുടി കഴിഞ്ഞു തള്ളവിരലും വായിൽ തിരുകി പകുതി ഉറക്കത്തിൽ, എന്റെ മടിയിൽ ഇരുന്നു, നെഞ്ചിലേക്കു ചാരി കിടക്കുന്നു, എന്റെ കണ്ണൻ. അവനെ കണ്ടു മതിവരാതെ അങ്ങനേ നോക്കി പുഞ്ചിരിച്ചു കൊണ്ടിരിക്കുന്നു ഞാൻ.

അതിലും വലിയ സന്തോഷം എന്തുണ്ടു! അതിനു പറ്റാതെ, ഈ നരച്ച മുറിയിലിരുന്നു മുഷിയുന്നതിലും വലിയ സങ്കടം എന്താണു!