പേജുകള്‍‌

2015, മാർച്ച് 31, ചൊവ്വാഴ്ച

ഒരു ട്രെയിൻ യാത്ര

ട്രെയിൻ യാത്രകൾ എനിക്ക് പണ്ടേ വളരെ ഇഷ്ടമാണ്. ഒരു മൂലയിൽ ഒതുങ്ങി ഇരുന്നു, ഒരു ബുക്കോ ന്യൂസ്‌ പേപ്പറോ മറയായി പിടിച്ചു, ഒളി കണ്ണിട്ടു ജീവിതത്തിന്റെ തുണ്ടുകൾ ചികയാം. ചില സിദ്ധാന്തങ്ങൾ പരീക്ഷിക്കുകയും ആവാം. ഒന്നോ രണ്ടോ പ്രാവശ്യം നല്ല കൂട്ടുകളും പരിചയങ്ങളും തുടങ്ങിട്ടും ഉണ്ട്. ഒരു പെട്ടി നിറയേ, ഒരിഞ്ചു സ്ഥലമില്ലാതെ, ഇറങ്ങി ഓടാൻ ഇടയില്ലാതെ, കുത്തി നിറച്ച ആളുകള്! എല്ലാവരിലും എത്ര കഥകൾ!  മണികൂര് കണക്കിനുള്ള ട്രെയിൻ യാത്രകളാണ് എന്നെകൊണ്ട്‌ എഴുതിച്ചിരുന്നത്, ചിന്തിപ്പിച്ചിരുന്നത്.  ഇപ്പോളിപ്പോൾ യാത്രകൾക് മിനുടുകളുടെ ആയുസ്സ്‌. സബ് വെ ട്രെയിനിൽ. മറയായി പിടിക്കുന്നത്‌ ഫോണ്‍.  കുറച്ചു ദാരിദ്ര്യം ഉണ്ടെങ്കിലും, കഥകളുണ്ട്, കഥാപാത്രങ്ങളും.  കഥകൾ അറിയാൻ ബുദ്ധിമുട്ടാണ്, സങ്കല്പിക്കാനേ പറ്റു.

അപ്പോൾ, എന്റെ നായിക. ആറടിയിലധികം പൊക്കം. വളരേ മെലിഞ്ഞിട്ടു. ഇരുപതിൽ പ്രായം. കറുത്ത വര്ഗക്കാരി. തിളങ്ങുന്ന ഹൈ ഹീൽ ഷൂസ്, കറുത്ത സ്ടോക്കിങ്ങ്സ്, ചാര നിറത്തിൽ മിനി സ്കര്റ്റ്, ചേരുന്ന ബ്ലൌസ്. അസാമാന്യ മേക്കപ്പ്. മോഡൽ തന്നെ. നടത്തവും ഇരുപ്പും ഒക്കെ അങ്ങനെ തന്നെ.  ഈ ട്രെയിൻ നഗരത്തിലെ പാവപ്പെട്ട ഭാഗങ്ങളിലേക്ക് പോവുന്നതാണ്.  സാധാരണ കാണുന്ന കഥാപാത്രങ്ങൾ എല്ല് മുറിയെ പണിയെടുത്തു തളർന്ന ആത്മാക്കളാണ്. ഞാൻ അവരെ തന്നെ നോക്കിക്കൊണ്ടിരുന്നു. എന്താണ് അവരുടെ കഥ എന്നാലോചിച്ചു കൊണ്ടിരുന്നു. എന്റെ കഥകളിൽ അവർ ഒരു മോഡൽ,  എയർ ഹോസ്റെസ്സ്, ഫിലിം അക്ട്രെസ്സ് ഒക്കെയായി വേഷമിട്ടു.  എന്നിട്ടും ശേരിയാവാതെ ഞാൻ വീണ്ടും അന്വേഷിച്ചു കൊണ്ടിരുന്നു. അവരുടെ ഹൈ ഹീൽ ചെരുപ്പ് എന്നെ വല്ലാതെ ആകർഷിച്ചു. 5 ഇഞ്ച്‌ എങ്കിലും പൊക്കം ഉണ്ടാവും അതിന്റെ ഹീലിനു.

അവസാനത്തെ എത്തുന്നുന്നതിനു കുറച്ചു മുൻപ്, അപ്പോളേക്കും ബോഗ്ഗി മിക്കവാറും കാലിയായിരുന്നു, അത് വരെ അനങ്ങാതെ, ഇയർ ഫോണ്‍ വെച്ച് കണ്ണടച്ച് മോഡൽ പോസിൽ ഇരുന്ന അവർ പെട്ടെന്ന് ഓരോ കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. ബാഗു തുറന്നു രണ്ടു ചെരുപ്പ് പുറത്തെടുത്തു. ഹൈ ഹീൽസ് അഴിച്ചു ബാഗിൽ തിരുകി. മുടി ഒരു ഹെയർ ബാൻഡ് ഇട്ടു കെട്ടി. ഒരു നനഞ്ഞ തുണി എടുത്തു മുഖം നന്നായി തുടച്ചു. ഒരു ഷർട്ട്‌ എടുത്തിട്ടു. മേക്കപ്പ് പോയപ്പോൾ അവരുടെ കണ്ണിനു ചുറ്റുമുള്ള കറുത്ത വലയങ്ങൾ പൊങ്ങി വന്നു. ജീവിതം കുത്തിക്കോരിയ വരകളും. ഇപ്പോൾ പെട്ടെന്ന് അവർ ഞങ്ങളിൽ ഒരാളായി. ട്രെയിൻ ഇറങ്ങി മൈലുകളോളം അവർ നടക്കുന്നതും, വഴിയിൽ പലവ്യഞ്ജനം വാങ്ങിക്കുന്നതും, അതും താങ്ങി നടന്നു ഒരു കിളികൂടു പോലുള്ള ഫ്ലാറ്റിൽ വന്നു കേറുന്നതും, അവരുടെ കുട്ടികൾ അവരെ കണ്ടു ഓടി വരുന്നതും ഒക്കെ പെട്ടെന്ന് എന്റെ കണ്ണിൽ തെളിഞ്ഞു വന്നു. അവർ എന്നെ നോക്കി ചിരിച്ചു, തളര്ന്നതെങ്കിലും ആത്മാർഥതയുള്ള ചിരി.  അവസാന സ്റ്റേഷൻ എത്തി. ഹൈ ഹീൽ ചെരുപ്പുകൾ ബാഗിൽ ഇരുന്നു തന്നെ വീട്ടിൽ പോയി.

ജീവിതം ആൾകാരെ കൊണ്ട് എന്തൊക്കെ വേഷം കെട്ടിക്കുന്നു! ഉടുപ്പുകൾകും ചെരിപ്പുകല്കും മേകപ്പിനും (കണ്ണിൽ കാണുന്ന വേറെ ഒരായിരം സാധനങ്ങൾക്കും) അടിയിൽ എല്ലാവരും സാധാരണ മനുഷ്യർ, അല്ലേ?

2015, മാർച്ച് 30, തിങ്കളാഴ്‌ച

ഒരിക്കൽ ഒരു മാലാഖയെ കണ്ടപ്പോൾ...

ഹൃദയത്തിനു ശക്തി അത്ര പോരാ. എനിക്ക് പണ്ടേ തോന്നിയിരുന്നു, ഇപ്പോൾ ഡോക്ടറിന്റെ സർട്ടിഫിക്കറ്റ് ആയി എന്ന് മാത്രം.  ഇനി എന്താണ് ചെയ്യേണ്ടത് എന്നറിയാൻ ഡോക്ടറിനെ കാണാൻ കാത്തിരിക്കുന്നു. 

ഈ മുറിയിൽ ഞാൻ മുഴച്ചു നില്ക്കുന്നു. എനിക്ക് 30 വയസ്സ്, കറുത്ത മുടി. ഞാനോഴിച്ചാൽ മുറിയിൽ ആവറേജ് പ്രായം 80, കഷണ്ടി അല്ലെങ്കിൽ വെള്ളി മുടി.  രണ്ടു പേർ വീൽ ചെയറിൽ.  അതിൽ ഒരാളെ പ്രത്യേകം ശ്രദ്ധിച്ചു.  ഏകദേശം 75 മറ്റോ ആവാം പ്രായം, വെള്ളക്കാരി, മുഖത്ത് ചുളിവുകൾ, മുടി മിക്കവാറും നരച്ചു, തോളിനു മുകളില വെട്ടി നിര്ത്തിയിരിക്കുന്നു. അവരെ ശ്രദ്ധിക്കാൻ കാരണം, അവരുടെ കണ്ണുകൾ എന്റെ അമ്മയുടേത് പോലെ. ചാര നിറം,  അഭൗമികത.  അമ്മയുടെത് എപ്പോളും ഒരിത്തിരി ക്ഷീണിച്ചും എന്നാൽ കരുണ പ്രധാനമായിട്ടും. ഇവരുടേത് ശൂന്യം. ദൂരേ ഇല്ലാത്ത ഒരു ബിന്ദുവിൽ തറഞ്ഞ്.  

വാതിൽ തുറന്നു ഒരാൾ കൂടി മുറിയിലേക്ക് വന്നു. കറുത്ത വര്ഗക്കാരി, പ്രായം ഊഹിച്ചാൽ 80 ? വെള്ളി നിറത്തില നീണ്ട, ഉള്ളുള്ള മുടി, മിടഞ്ഞു ഇട്ടിരിക്കുന്നു. കറുപ്പ് ടോപ്പ്, വെള്ള പാവാട, തുന്നി പിടിപ്പിച്ച ചുവപ്പ് പൂക്കൾ ചിതറി കിടക്കുന്നു. അവരുടെ എല്ലാ ചലനങ്ങൾക്കും ഒരു നിശബ്ദമായ, മുദൃലമായ ഉറപ്പു.  നർസിനു പേര് കൊടുത്തതിനു ശേഷം അവർ ഒരു നിമിഷം നിന്നു, മുറി മുഴുവൻ ഒന്ന് ഇരുത്തി നോക്കി.  മറ്റാരും അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഞാൻ ഒരു മാഗസിൻ എടുത്തു അതിനു പിന്നിൽ ഒളിച്ചു. എത്രയോ ഒഴിഞ്ഞ സീറ്റുകൾ ഉണ്ടായിട്ടും, അവർ ആ വീൽ ചെയറിന് അടുത്ത സീറ്റ് ആണ് തെരഞ്ഞെടുത്തത്.  

അവിടെ ഇരുന്നിട്ട് ഒട്ടും സമയം കളയാതെ അവർ വീൽ ചെയറിലെ സ്ത്രീയോട് സംസാരിക്കാൻ തുടങ്ങി. ആദ്യം ഒന്നോ രണ്ടോ വാചകങ്ങൾ , വലിയ ഇടവേളകൾ.  വളരെ മൃദുവായ, ആംഗ്യങ്ങൾ ഇല്ലാത്ത സംസാരം. പറയുന്നത് എന്താണെന്നു വ്യക്തമല്ല. ഞാൻ മാഗസീനിന്റെ ഉള്ളിലൂടെ ഇടയ്ക്കിടെ അവരെ നോക്കി കൊണ്ടിരുന്നു. ആദ്യം കാര്യമായ പ്രതികരണം ഒന്നും ഉണ്ടായില്ല.  ഇടയ്ക്കു എന്തോ ഒരു കാര്യം ക്ലിക്ക് ചെയ്തിരിക്കണം, നോക്കുമ്പോൾ രണ്ടു പേരും വളരേ താത്പര്യത്തിൽ സംസാരിക്കുന്നു.  ശൂന്യതയുടെ സ്ഥാനത്ത് പുഞ്ചിരി. എന്തൊരു ഭംഗി, ആ ചിരി പത്തു വയസ്സെങ്കിലും കുറച്ചത് പോലെ തോന്നി. പണ്ടേ പരിചയമുള്ള രണ്ടു സുഹൃത്തുക്കൾ ചായയും കുടിച്ചു സൊറ പറയുന്ന പോലെ.  

ഡോക്ടറെ കാണാൻ എന്റെ ഊഴം ആയി.  കുറെ അധികം വീണ്ടും കാത്തിരിക്കേണ്ടി വന്നു, ലാബിലും മറ്റുമായി.  അങ്ങനെ ഒരു ഇരുപ്പിനിടയിൽ ജനാലയിൽ കൂടി പുറത്തേക്ക് നോക്കിയപ്പോൾ അവർ രണ്ടു പേരും പുറത്തു നിന്ന് സംസാരിക്കുന്നതു കണ്ടു, പൊട്ടിച്ചിരിക്കുന്നതും.  വീൽ ചെയറുള്ള സ്ത്രീ അവരുടെ ഡ്രൈവർ വരാൻ വേണ്ടി കാക്കുകയായിരുന്നു,  അയാൾ വന്നു അവരെ കാറിൽ കേറ്റി  കൊണ്ട് പോയി. അത് വരെ കൂടെ നിന്ന് വർത്തമാനം  പറയുകയും കെട്ടിപ്പിടിച്ചു യാത്ര പറയുകയും  കൈ വീശി കാണിക്കുകയും കാർ വളവു തിരിഞ്ഞു പോകുന്ന വരെ നോക്കി നിൽകുകയും ചെയ്തു ആ സ്ത്രീ.  ഇനി ഏതു നിമിഷവും അവർ അദ്രശ്യയാകും അല്ലെങ്കിൽ ചിറകുകൾ മുളച്ചു പറന്നു പോകും എന്ന് എനിക്കൊരു തോന്നൽ. 

പക്ഷേ അങ്ങനെ അല്ല ഉണ്ടായതു.  അത് വരെ ഇതെല്ലാം കണ്ടു കൊണ്ട് കുറച്ചു അകലേ ഒരു ഊന്നുവടിയും പിടിച്ചു മരം ചാരി നിന്നിരുന്ന,  85 -90 വയസ്സുള്ള,  കണ്ണിൽ നനവുള്ള ഒരാൾ,  അവരുടെ അരികിലേക്ക് വന്നു.  ഒരു കൈ ഹൃദയത്തിൽ വെച്ച്,  മറു കൈയ്യിൽ കരുതിയിരുന്ന ഒരു കാട്ടു പൂവ് അവർക്ക് സമ്മാനിച്ചു.  അവർ ചിരിച്ചു കൊണ്ട് അത് വാങ്ങിച്ചു,  അയാളുടെ കവിളിൽ ഒരു ഉമ്മ വെച്ചു.  രണ്ടാളും കൈ കോർത്ത്‌ വളരെ പതുക്കെ നടന്നു. നോക്കി നിൽകെ, ആ വഴിയിലെ പുല്ലും പൂക്കളും കാറ്റും മേഘങ്ങളും സൂര്യനും വരെ അവരുടെ അകമ്പടി പോകുന്നത് പോലെ തോന്നി.  എന്റെ ഹൃദയം സന്തോഷവും കൊണ്ട് അതിന്റെ ബലമില്ലായ്മ മറന്നു പട പട എന്നിടിച്ചു അവർക്ക് മംഗളം നേർന്നു. 

അന്വേഷണത്തിന്റെ അവസാനം

പെട്ടെന്ന് ഒരു ദിവസം മുതൽ, വീടിൽ അവിടവിടെ ഓരോ പ്രത്യേക തരം ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി. കുറച്ചു ദിവസങ്ങൾ കഴിഞ്ഞിട്ടും തനിയെ ശേരിയാവാത്തത് കൊണ്ട്,  എവിടെ നിന്ന് വരുന്നു, എന്താണ് പ്രശ്നം എന്ന് കണ്ടു പിടിക്കാൻ ഞാൻ അന്വേഷണം തുടങ്ങി. പൈപ്പ് ആണോ? കറന്റിന്റെ വയറിംഗ് ആണോ? ഫോണ്‍ കേബിൾ ആണോ? മിക്സി? ഫ്രിഡ്ജ്‌? ഗ്യാസ്? ഓരോന്നായി എല്ലാം പരീക്ഷിച്ചു. പ്ലംബർ, ലൈൻ മാൻ, സർവീസ് മനുഷ്യര് ഓരോരുത്തരായി വന്നു പോയി. എല്ലാവരും പറഞ്ഞു : എല്ലാം ഓക്കേ.  വീട് പിന്നെയും തോന്നുമ്പോൾ ചൂളം വിളിച്ചും,  പിറുപിറുത്തും ഞരങ്ങിയും അങ്ങനെ. ഇനി എന്ത്?

ഒരു പകുതി ഉറക്കത്തിൽ ഒരു തോന്നൽ വന്നു കേറി. മൊത്തത്തിൽ ഒരു പഴഞ്ചൻ കമ്പ്യൂട്ടർ മോങ്ങുന്നത് പോലെയുണ്ട്. അപ്പോൾ, ഞാനറിയാത്ത ഒരു കമ്പ്യൂട്ടർ വീട്ടിൽ ഒളിച്ചിരിപ്പുണ്ടോ? അത് കണ്ടു പിടിച്ചിട്ടു തന്നെ! ഓരോ മുറിയും അലമാരയും ഇടുക്കുകളും തെരച്ചിൽ തുടങ്ങി.  അങ്ങനെയാണ് ഞാൻ ആ വാതിൽ കണ്ടു പിടിച്ചത്.  മുട്ട് വരെ പൊക്കത്തിൽ, ചുമരിന്റെ അതെ നിറത്തിൽ.  വിട്ടു പോവാൻ എളുപ്പം.  അതിനുള്ളിൽ കിട്ടി, ഞാൻ അന്വേഷിച്ചു കൊണ്ടിരുന്ന കമ്പ്യൂട്ടർ.

വാതിൽ തുറന്നു ഉള്ളിലേക്ക് തലയിട്ട നിമിഷം എനിക്ക് മനസ്സിലായി ഞാൻ സ്വപ്ന ലോകത്തിലാണ്; ഒരു വിശദീകരണവും ഇല്ലാതെ.  സ്വപ്നത്തിലാണ് എന്ന് മനസ്സിലായിട്ടും ഞാൻ ഉണരാൻ ശ്രമിച്ചില്ല.  വല്ലാത്തൊരു കൌതുകം എന്നെ പൊതിഞ്ഞിരുന്നു. കമ്പ്യൂട്ടറിൽ ഓരോ പ്രോഗ്രാമുകൾ ഓടി കൊണ്ടിരുന്നു.  പല സ്ക്രീനുകളിൽ അതിന്റെ ഔട്പുട്ട് വന്നു കൊണ്ടിരുന്നു.  കുറച്ചു സമയം കൊണ്ട് തന്നെ എനിക്ക് മനസ്സിലായി, ഇത് വെറും കമ്പ്യൂട്ടർ അല്ല, ഇതെന്റെ വിധി എഴുതുന്ന കമ്പ്യൂട്ടർ ആണ്.  ഞാൻ ചെയ്തതും, പറഞ്ഞതും ഒക്കെ ഇൻപുട്ട് ആയി എടുത്തു, എന്തൊക്കെയോ നിയമങ്ങൾ അനുസരിച്ച് എന്റെ അടുത്ത ദിവസം, മാസം, കൊല്ലം.. അത് ഔട്പുട്ട് തരുന്നു.

പേടി, ദേഷ്യം, സങ്കടം, വേദന, പരാതി, തമാശ ഒക്കെ ഓരോന്നായി വന്നു കേറി. അതിന്റെ അവസാനം പക്ഷെ വളരെ ആഴത്തിൽ ഒരു ശൂന്യത. പിന്നെ ഒരു നിശ്വാസവും സമാധാനവും വന്നു.  എനിക്ക് ചുറ്റും ഒരു ചെറു ചൂടുള്ള സ്വർണ പ്രകാശം നിറഞ്ഞു.  ഒരു കുസൃതി ചിരിയോടെ ഞാൻ കൈ നീട്ടി കമ്പ്യൂട്ടർ ഓഫ്‌ ചെയ്തു.