പേജുകള്‍‌

2012, ജൂലൈ 22, ഞായറാഴ്‌ച

ഇന്നലെയില്‍നിന്നും നാളെയിലേക്ക് നടക്കുമ്പോള്‍


ഇന്നലെയുടെ തിരമാലകള്‍ തന്ന മുത്തുകള്‍ 
കോര്‍ത്ത്‌ കഴുത്തില്‍ അണിയരുത് നീ,
മണിച്ചെപ്പില്‍ അടച്ചു വെക്കുകയും അരുത്. 

അലങ്കാരമാവില്ല, അവ ഭാരമായേ വരൂ .
നഷ്ടബോധങ്ങളുടെ നീറ്റലിനു, 
കണ്ണീരിനും കാരണമായെ വരൂ. 

ആ ബന്ധനങ്ങളെ തകര്‍ക്കണം, 
കാലത്തിന്റെ തീയിലെരിക്കണം, 
അതിന്റെ ചാരം ഇന്നിനു വളമാകണം. 

 നിന്റെ കണ്ണീരിലൂടെയല്ല ,
നിശ്വാസങ്ങളിലൂടെയല്ല, 
പുഞ്ചിരിയിലൂടെ,  ആത്മവിശ്വാസത്തിലൂടെ,

ലോകം നിന്നെയറിയട്ടെ.
നിന്റെ ഇന്നലെകളെ അറിയട്ടെ,
നിന്റെ കൂടുകാരിയെ അറിയട്ടെ.

അവള്‍ അക്ഷരങ്ങളാക്കി കുറിച്ച
നിങ്ങളുടെ സ്നേഹത്തെ അറിയട്ടെ.

മത്സ്യകന്യക


തിരമാലകളെയും മണല്‍പരപ്പിനേയും  തേടി വീണ്ടും അവള്‍ വന്നു. അവളുടെ മഴക്കാറുകള്‍ കൂടെയും. 

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വറ്റാത്ത സ്നേഹവുമായി വെള്ളം അവളുടെ കാല്‍ വിരല്‍  തുമ്പ് തൊട്ടു വിളിച്ചു. പോരു..  എന്റെ മകളേ, തിരിച്ചു വരൂ,  നിന്‍റെ ഭാരങ്ങള്‍ കരയില്‍ ഉപേക്ഷിച്ച്‌ എന്നില് അലിയൂ. കരയും കാറ്റും നിന്നെ ക്ഷീണിപ്പിച്ചിരിക്കുന്നു. വിശ്രമിക്കു.. വെയിലേറ്റു കരിഞ്ഞു കൊഴിഞ്ഞ നിന്റെ ശലകങ്ങള്‍ വീണ്ടും ജീവിക്കട്ടെ.  ആഴങ്ങള്‍ നിനക്ക് വേണ്ടി കാത്തിരിക്കുന്നു.

വയ്യ അമ്മേ, എനിക്കിവിടെ ജീവിക്കാന്‍ വയ്യ.  ഈ കര എന്നെ വീണ്ടും വീണ്ടും തോല്‍പ്പിക്കുന്നു.  എനിക്ക് തിരിച്ചു വരാനും വയ്യ.  എന്നെ കാത്തിരിക്കുന്ന മൂന്നു ജോടി കണ്ണുകള്‍ എന്നെ കെട്ടിയിട്ടിരിക്കുന്നു.  ഞാന്‍ ഇവിടെ വെറുതെ കുറച്ചു നേരം ഇരുന്നോട്ടെ,  നിന്റെ മടിയില്‍ കിടന്നോട്ടെ. എന്നെ ഒന്ന് ഉറക്കാമോ?

2012, ജൂലൈ 18, ബുധനാഴ്‌ച

ഉഴുന്ന് വടയുടെ ആനിവേര്‍സറി



എന്റെ 3 വയസ്സുകാരന്‍ പയ്യന്‍സ് കണ്ണന്‍...  പ്ലേ സ്കൂള്‍ കഴിഞ്ഞു വന്നു മന്നുരുട്ടി കളിയിലാണ്.  ഞാനും കൂടെ.  മണ്ണ് പലഹാരങ്ങള്‍ ഉണ്ടാക്കി എന്നെ കഴിപ്പിക്കലാണ് കളിയുടെ പ്രമേയം. നല്ല സ്വാദ് എന്നൊക്കെ തലകുലുക്കി ആസ്വദിച്ച്  "കഴിച്ചു" കൊണ്ടിരുന്നതിനു ഇടയില്‍ 'ഉഴുന്ന് വട' മനസ്സില്‍ തലനീട്ടി. എന്റെ ആദ്യം വെളിച്ചം കണ്ട കഥയാണ് 'ഉഴുന്ന് വട'.  കോളേജ് മാഗസിനില്‍ .  കോളേജ് കാന്റീനിലെ കാപ്പിയുടെയും ഉഴുന്ന് വടയുടെയും പ്രചോദനത്തില്‍ ഞാനും ഒരു എഴുത്തുകാരിയായി.  അന്നത്തെ ആ വടയുടെ സ്വാദ് ഇത്തിരി എന്റെ പയ്യനും അറിയാന്‍ എന്ത് ചെയ്യണം എന്നാലോചിച്ചു,  പതുക്കെ പാചക ജോലി ഏറ്റെടുത്തു, മണ്ണ് കൊണ്ട് ഒരു കുഞ്ഞു ഉഴുന്ന് വടയുണ്ടാക്കി പ്ലേറ്റില്‍ വെച്ചു. കണ്ണന്റെ പ്രതികരണം എന്താണെന്നു അറിയാമല്ലോ.  അവനിത് വരെ ഉഴുന്ന് വട കണ്ടിട്ടില്ല.  അമേരിക്കയിലെന്തു ഉഴുന്ന് വട!! വല്ലപ്പോളും  സരവണഭവനില്‍ ചെന്ന്‍ ഒരു മസാല ദോശ കഴിച്ചാലായി.  ആദ്യം അവനത്ര ശ്രദ്ധിച്ചില്ല, പിന്നെ നോക്കുമ്പോ അവന്റെ കപ്പ്‌ കേക്ക് ഇന്റെയും സാന്‍ഡ്വിട്ച്ഇന്റെയും  ഇടയില്‍ ഒരു പുതിയ പലഹാരം.  അവന്റെ കണ്ണുകള്‍ വിടരുന്നു , കൈകള്‍ അതിനെ പരിശോധിക്കാന്‍ ചെല്ലുന്നു.   ഇതെന്താണ് എന്നൊക്കെ ചോദിക്കും, അപ്പൊ കുറച്ചു കഥയും അതിലൊരു കൊച്ചു കേരളവും ഒക്കെ കൊണ്ട് വരാം എന്നൊക്കെ ഉത്സാഹിച്ചു ഞാന്‍ അടക്കി പിടിച്ചു ഇരിക്കുന്നു.  അവന്‍ അതെടുത്തു ശ്രദ്ധയോടെ കത്തി കൊണ്ട് മുറിച്ചു പ്ലേറ്റില്‍ വെച്ചു, എന്റെ നേരെ:  "have a donut അമ്മേ,  yummy!"

തിരിച്ചു വരാത്ത സമയങ്ങള്‍

വെറും വെറുതെ നടന്നിരുന്ന കാലം, തോന്നുമ്പോള്‍ എണീറ്റ്, തോന്നുന്ന സ്ഥലത്ത് കറങ്ങി നടന്നു, തോന്നിയപ്പോള്‍ വയറു നിറയെ മസാല ദോശയും അടിച്ചു, അതൊരു സമയം!

കല്യാണം കഴിഞ്ഞു, ഗൃഹ ഭരണവും തുടങ്ങി. കറങ്ങി നടക്കാനും കടല കൊറിക്കാനും കൂട്ടായി. തോന്നിയതൊക്കെ പറഞ്ഞും തണുപ്പത്ത് കെട്ടിപ്പിടിച്ചു കിടന്നും ദിവസങ്ങള്‍ നിമിഷങ്ങളായി. മനസ്സ് പറഞ്ഞു : ആഹ, ഇതാണ് സമയം!

അവനെന്റെ ഉള്ളില്‍ വളരുന്നു എന്ന് അറിഞ്ഞു - പുഞ്ചിരികള്‍ ഉള്ളില്‍ കിടന്നു തുള്ളി; നിവൃത്തിയില്ലാതെ ചുണ്ടത്ത് ചാടി വന്നു. നടപ്പ് ആകാശത്ത്. മനസ്സ് പിന്നെയും : "ഇത്രയും വിലപിടിച്ച ഒരു സമയമുണ്ടാവില്ല!"

എത്രയോ അധ്വാനം കഴിഞ്ഞു ഞാന്‍ അവനെ ആദ്യം കണ്ടപ്പോള്‍ വാക്കുകളില്ലതെയായി, ഈ ലോകമേ ഇല്ലാതെയായി. സമയവും ഇല്ലാതെയായി. തിരിച്ചു വന്നപ്പോള്‍ തോന്നി : ഇതാണ്, ഇതാണ്, ഇതാണ്.

അവന്‍ ചിരിച്ചു, കൊഞ്ചി, കമിഴ്ന്നു, ഉരുണ്ടു, നീന്തി, ഇരുന്നു, പിടിച്ചു നിന്നു, നടന്നു, അമ്മേ എന്ന് വിളിച്ചു. കിട്ടിയതെല്ലാം ക്യാമറ കണ്ണ് അമര്‍ത്തി കാറ്റ് കേറാതെ എടുത്തു വെച്ചു. ഇനിയൊരിക്കല്‍ ആ അനുഭവങ്ങളിലേക്ക് തിരിഞ്ഞു നടക്കാന്‍ ഒരു പിടിവള്ളി.

സ്കൂളില്‍ പോയി വന്ന് പാല്‍ കുടിച്ചു കൊണ്ട് ഇന്നത്തെ അങ്കത്തിന്റെ വിവരണം നടക്കുന്നു എന്റെ മടിയില്‍ . അവന്റെ മുടിച്ചുരുളിലൂടെ വിരലോടിച്ചു, കേട്ടും കേള്‍ക്കാതെയും പല രീതിയില്‍ മൂളിയും അവനില്‍ അലിഞ്ഞു ഞാന്‍ . മനസ്സ് പിറുപിറുക്കുന്നു : "ഇനി എത്ര കാലം?"