വെറും വെറുതെ നടന്നിരുന്ന കാലം, തോന്നുമ്പോള്‍ എണീറ്റ്, തോന്നുന്ന സ്ഥലത്ത് കറങ്ങി നടന്നു, തോന്നിയപ്പോള്‍ വയറു നിറയെ മസാല ദോശയും അടിച്ചു, അതൊരു സമയം!
കല്യാണം കഴിഞ്ഞു, ഗൃഹ ഭരണവും തുടങ്ങി. കറങ്ങി നടക്കാനും കടല കൊറിക്കാനും കൂട്ടായി. തോന്നിയതൊക്കെ പറഞ്ഞും തണുപ്പത്ത് കെട്ടിപ്പിടിച്ചു കിടന്നും ദിവസങ്ങള്‍ നിമിഷങ്ങളായി. മനസ്സ് പറഞ്ഞു : ആഹ, ഇതാണ് സമയം!
അവനെന്റെ ഉള്ളില്‍ വളരുന്നു എന്ന് അറിഞ്ഞു - പുഞ്ചിരികള്‍ ഉള്ളില്‍ കിടന്നു തുള്ളി; നിവൃത്തിയില്ലാതെ ചുണ്ടത്ത് ചാടി വന്നു. നടപ്പ് ആകാശത്ത്. മനസ്സ് പിന്നെയും : "ഇത്രയും വിലപിടിച്ച ഒരു സമയമുണ്ടാവില്ല!"
എത്രയോ അധ്വാനം കഴിഞ്ഞു ഞാന്‍ അവനെ ആദ്യം കണ്ടപ്പോള്‍ വാക്കുകളില്ലതെയായി, ഈ ലോകമേ ഇല്ലാതെയായി. സമയവും ഇല്ലാതെയായി. തിരിച്ചു വന്നപ്പോള്‍ തോന്നി : ഇതാണ്, ഇതാണ്, ഇതാണ്.
അവന്‍ ചിരിച്ചു, കൊഞ്ചി, കമിഴ്ന്നു, ഉരുണ്ടു, നീന്തി, ഇരുന്നു, പിടിച്ചു നിന്നു, നടന്നു, അമ്മേ എന്ന് വിളിച്ചു. കിട്ടിയതെല്ലാം ക്യാമറ കണ്ണ് അമര്‍ത്തി കാറ്റ് കേറാതെ എടുത്തു വെച്ചു. ഇനിയൊരിക്കല്‍ ആ അനുഭവങ്ങളിലേക്ക് തിരിഞ്ഞു നടക്കാന്‍ ഒരു പിടിവള്ളി.
സ്കൂളില്‍ പോയി വന്ന് പാല്‍ കുടിച്ചു കൊണ്ട് ഇന്നത്തെ അങ്കത്തിന്റെ വിവരണം നടക്കുന്നു എന്റെ മടിയില്‍ . അവന്റെ മുടിച്ചുരുളിലൂടെ വിരലോടിച്ചു, കേട്ടും കേള്‍ക്കാതെയും പല രീതിയില്‍ മൂളിയും അവനില്‍ അലിഞ്ഞു ഞാന്‍ . മനസ്സ് പിറുപിറുക്കുന്നു : "ഇനി എത്ര കാലം?"