പേജുകള്‍‌

2013, ജൂൺ 17, തിങ്കളാഴ്‌ച

പേടി.

രാവിലെ 8 മുതൽ 8 15 വരെയുള്ള സമയം എനിക്ക് വളരേ വിലപ്പെട്ടതാണ്. മകൻ കണ്ണനെ സ്കൂളിലേക്ക് ഡ്രൈവ് ചെയ്യുന്ന സമയമാണ് അത്. കണ്ണന് 4 വയസ്സാണ്. വാതോരാതേയുള്ള വർത്തമാനം. ഒന്നിനേ കുറിച്ചും മുൻധാരണകൾ ഇല്ലാത്തത് കൊണ്ടാവാം, വളരേ പുതുമയുള്ളതാണ് അവന്റെ ചോദ്യങ്ങളും നിരീക്ഷണങ്ങളും. മിക്കവാറും ദിവസം മുഴുവനും, പിന്നെ കുറച്ചും, ആലോചിക്കാനുള്ള വകുപ്പ് ആ 15  മിനുട്ടിൽ കിട്ടും. 
സൂപ്പർ ഹീറോയിൽ തുടങ്ങിയ സംസാരം അലഞ്ഞു തിരിഞ്ഞു പേടികളെ കുറിച്ചായി. അവനു പേടിയുള്ള കാര്യങ്ങൾ പുറത്തു വന്നു തുടങ്ങി. 
"അമ്മയ്ക് ഇടിയും മിന്നലും പേടിയാണോ?"
'മരത്തീന്നു ഏകോൻ വീഴുന്നത്?"
'കട്ടിലിന്റെ അടിയിലെ മോൻസ്ടർ?"
'വലിയ ഷൂ ?"
ഇതിലൊക്കെ പേടിക്കാൻ എന്താണ് എന്ന് പറഞ്ഞു ( ചിലപ്പോ ചിരിച്ചും) ഞാൻ എല്ലാം ഒന്നൊന്നായി നിഷേധിച്ചു സൂപ്പർ ഹീറോ ചമഞ്ഞു. 
"പിന്നെ അമ്മയ്ക് എന്തിനെയാണ് പേടി?"
'അമ്മ ഇങ്ങനെ നടന്നു വരുമ്പോ, കണ്ണൻ വാതിലിന്റെ പിന്നിൽ നിന്ന് ചാടി വന്നു 'റോർ' ചെയ്യില്ലേ, അപ്പൊ അമ്മ പേടിച്ചു വിറക്കും'. 
കുടുകുടെ ചിരി. 
പിന്നെയും ഏതൊക്കെയോ വള്ളികളിൽ തൂങ്ങിയാടി ഞങ്ങൾ സ്കൂളിൽ എത്തി. ക്ലാസ്സിന്റെ വാതിൽ കടന്നു, അവൻ അവരിൽ ഒരാളായി. അവൻ മറന്നു പോയ ഉമ്മയും പ്രതീക്ഷിച്ചു ഞാൻ കുറച്ചു നേരം ചുറ്റിപറ്റി നിന്നു. 
തിരിച്ചു കാറിൽ വന്നു കുറച്ചു കണ്ണടച്ച് ഇരുന്നു. കുറച്ചു നേരത്തേക്ക് ആണെങ്കിലും വിട്ടു പോവാൻ ഇപ്പോളും ബുദ്ധിമുട്ടാണ്. ഈ മാസം രണ്ടു വർഷം ആവുന്നു. അവൻ നഷ്ടപ്പെട്ടു പോയേനെ. എന്തൊക്കേയോ ഭാഗ്യം, ആരൊക്കെയോ ചെയ്ത പുണ്യം, മെഡിക്കൽ സയൻസിന്റെ കഴിവ്, അവൻ കളിച്ചു ചിരിച്ചു ഓടിനടക്കുന്നു, വളരുന്നു, ചോദ്യങ്ങൾ ചോദിക്കുന്നു. 
"അമ്മയ്ക് എന്തിനെയാണ് പേടി?" അവൻ കൊഞ്ചുന്നു. 
കണ്ണിനുള്ളിലെ ഇരുട്ടിൽ അവനില്ലാത്ത ലോകം എന്നെ വിഴുങ്ങാൻ വരുന്നു. 
കാറിൽ കരുതാറുള്ള കോട്ട് എടുത്തു, മറന്നു വെച്ചത് കൊണ്ട് കൊടുക്കാനെന്ന ഭാവത്തിൽ ഞാൻ ക്ലാസ്സിലേക്ക് നടന്നു. ഒരു നോക്കും കൂടി കാണാൻ. 

2013, ജൂൺ 7, വെള്ളിയാഴ്‌ച

വിചാരിക്കണ്ടേ?

മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം നിറങ്ങളും മണങ്ങളും ചലനങ്ങളും മടങ്ങിവരുന്ന സമയമാണ് വസന്തം. കൊടും തണുപ്പിനും കൊടും ചൂടിനും ഇടയിലെ പാലം. സുന്ദരി മഴകളുടെ കാലം. ആകപ്പാടെ ഉണർവ്വ് . തുടക്കങ്ങൾ.

പക്ഷേ ... മനസ്സിലൊരു മൊട്ടുസൂചി.  റോഡിനു നടുവിൽ അണ്ണാന്മാരുടെ, മുയലുകളുടെ, പേരറിയാത്ത കുഞ്ഞു ജീവികളുടെ ശവശരീരങ്ങൾ.  എത്രയെണ്ണം എന്നും കാണുന്നു എന്നതിന് കണക്കില്ല.  പല നിലയിൽ ജീർണിച്ചതും ചതഞ്ഞതും. 

ഇന്ന് രാവിലെ ഇട റോഡിൽ വെച്ച് ഒരു അണ്ണാൻ കാറിന് കുറുകേ ചാടി.  25 മൈൽ മാത്രം സ്പീഡ് ലിമിറ്റ് ഉള്ള, ഏഴ് ബമ്പുകൾ ഉള്ള, മിക്കവാറും വിജനമായ സ്ഥലം. ഞാൻ കാർ  നിറുത്തി കൊടുത്തു.  അത് ഇങ്ങോട്ടും പിന്നെ അങ്ങോട്ടും ഓടി, കുറച്ചു അനങ്ങാതെ നിന്നു. എന്തൊരു കൌതുകം എന്നോർത്ത് ഞാനും നിന്നു.

രണ്ടു നിമിഷത്തിൽ, ഞങ്ങളുടെ നിർഭാഗ്യത്തിനു, ഒരു കാർ  പിന്നിൽ വന്നു ചവുട്ടി നിർത്തി. ഞാൻ പരിഭ്രമിച്ചു . അണ്ണാൻ ഇപ്പോളും ചിന്താകുഴപ്പത്തിൽ. എന്ത് എന്നാലോചിക്കുന്നതിനു മുൻപ്,  പിന്നിൽ നിന്നയാൾ വശത്തൂടെ എടുത്തു, മുന്നില് കേറ്റി കൊണ്ടുപോയി.  പോകുന്ന വഴിക്ക് എന്തൊക്കെയോ വിളിച്ചു പറയുകയും, നടുവിരൽ ഉയർത്തി കാണിക്കുകയും, ഉച്ചത്തിൽ ഹോണ്‍ അടിക്കുകയും ചെയ്തു.

അയ്യോ. കൊലപാതകം. എന്റെ അണ്ണാൻ. കാണാൻ വയ്യാതെ, ആലോചിക്കാൻ വയ്യാതെ, കണ്ണും പൊത്തി ഞാനിരുന്നു.

ഒരു ശബ്ദം കേട്ടു. കാറിന്റെ മേലേ എന്തോ വീണ പോലെ.  അണ്ണാൻ.  പോയില്ല. രക്ഷപ്പെട്ടു. ഇപ്രാവശ്യം ഭാഗ്യം. ഇനിയൊരിക്കൽ ? അതിനു വിചാരമില്ല. അതങ്ങനെ ഒരു സൃഷ്ടി. നമ്മൾ വിചാരിക്കണ്ടേ? എവിടെ കാലു വെക്കുന്നു എന്ന്,  എവിടെ കാർ ഓടിച്ച് കേറ്റുന്നു എന്ന് ?