പത്തു വർഷം കൊണ്ട് നടന്ന ഒരു സംഭവമാണ്. പക്ഷേ അങ്ങനെ പറയാൻ തുടങ്ങിയാൽ കുറെ അധികം പറയണം, മുഷിച്ചിൽ ആയേക്കും. അതുകൊണ്ട് പത്തു മിനിറ്റ് ആക്കി ചുരുക്കി. വായനക്കാരൻ ദയവു ചെയ്തു അളവ് പരിഭാഷപ്പെടുത്തി വായിക്കാൻ അപേക്ഷ.
ഞാനിങ്ങനെ ഒരു സ്ഥലത്ത് പോവാൻ ഒരു വണ്ടിയിൽ കേറി. വണ്ടിയിൽ കുറെ പേരുണ്ടായിരുന്നു. ഞാനൊരു ജോളി ടൈപ്പ് ആണേ, എല്ലാരോടും സംസാരവും പാട്ടും ഡാൻസും ഒക്കെയായി. കുറച്ചു കഴിഞ്ഞപ്പോളാണ് ഒരു പന്തികേട്? എല്ലാരും ചിരിക്കുന്നു, മൂളുന്നു, പക്ഷേ അങ്ങോട്ട് അടുക്കുന്നില്ല. വർത്തമാനവും കഷ്ടി. ഓരോരുത്തരും ഓരോ മട്ടല്ലേ, ശരി.
ഇങ്ങനെ വെറുതെ ഇരുന്ന ഒരാളുടെ അടുത്ത് കുറച്ചു കാര്യങ്ങൾ ചോദിക്കാം എന്ന് വിചാരിച്ചു, ആദ്യത്തെ ചോദ്യത്തിന് ഒരു കുഞ്ഞു ഉത്തരം, രണ്ടാമത്തേതിന് മൂളൽ, മൂന്നാമത്തേതിനു മൌനം, നാലാമത്തേതിനു ദഹിപ്പിക്കുന്ന ഒരു നോട്ടം. മതി മതി. ഇനി മിണ്ടുന്നില്ല. അയാൾ എണീറ്റ് പോയി. ഞാൻ അമ്പരന്നു ഇരിപ്പായി.
വേറൊരാൾ വന്നു അടുത്തിരുന്നു.
അയാൾ: "നാണമില്ലല്ലോ?"
ഞാൻ: "എഹ് ? എന്താ അങ്ങനെ പറഞ്ഞേ ?"
അയാൾ: "സന്തോഷമായി ഇരുന്ന ഓരാളെ അസുഖവും പിടിപ്പിച്ചു, സ്വൈരവും കെടുത്തി, നാടും കടത്തി. എന്നിട്ട് എന്നോട് ചോദിക്കുന്നോ? ഒന്നും അറിയാത്ത ഭാവം! നാണം ഇല്ല തന്നെ.
ഞാൻ: "ഇതെന്താ തമാശയോ? ആരെ കുറിച്ചാണ് പറയുന്നത്? ഇങ്ങനെ അപവാദം ഒക്കെ എവിടെ കേട്ടു ?"
അയാൾ: "തന്റെ അടുത്ത് മുൻപ് ഇരുന്ന ആളെക്കുറിച്ച് തന്നെ. അപവാദവും മറ്റുമല്ല, അയാൾ തന്നെ പറഞ്ഞതാണ്. തന്റെ കൈ അകലത്തു ഇനി വരില്ല അയാൾ. അത്രയ്ക്ക് ദ്രോഹിച്ചില്ലേ!"
ഞാൻ: (മൌനം)
അയാൾ: "വാ പൊളിച്ചു ഇരുന്നിട്ട് എന്ത് കാര്യം? ഒരു പരിസര ബോധം ഇല്ലേ? മറ്റുള്ളവരോട് ഒരു പരിഗണന വേണ്ടേ? എന്തൊരു ഒച്ചയിലാണ് സംസാരം? ആരെ കാണിക്കാനാണ് ഈ കോമാളിത്തരം? ലോകത്തിന്റെ കേന്ദ്രം താനാണോ ? എല്ലാം തെകഞ്ഞു എന്നാണല്ലോ ഭാവം!"
ഞാൻ: "ഞാൻ അങ്ങനെയൊന്നും ആലോചിച്ചില്ല, ഞാൻ അന്വേഷിക്കട്ടെ, പറഞ്ഞാൽ തീരാനല്ലേ ഉള്ളു?"
അയാൾ: "അതെ, താൻ ആലോചിച്ചില്ല. അത് തന്നെയാണ് കാര്യം. എനിക്കും മതിയായി. ഞാനും പോണു. ഇനി എന്നോട് മിണ്ടാൻ വരണ്ട."
ഞാൻ അന്വേഷിച്ചു. കാര്യം സത്യം. ഇപ്പോൾ കാര്യങ്ങൾ വ്യക്തമായി. ഈ ആനയുടെ ചവിട്ടൊക്കെ ചിരിച്ചു കൊണ്ട് സഹിക്കുകയായിരുന്നു കരിമ്പിൻ ചെടികൾ. വിഷമ സ്ഥിതി. എന്ത് നല്ല മനുഷ്യർ! പന്ന ഞാൻ ഭൂമിക്കു ഭാരം. നെഞ്ചിൽ ഒരു കല്ല് ഉരുണ്ടു കൂടി.
നടന്നു പോയാൽ മതിയായിരുന്നു. അല്ലെങ്കിൽ കേറിയ ഉടനെ ഒരു ബുക്കും എടുത്തു ഒരു മൂലയിൽ ഇരുന്നാൽ മതിയായിരുന്നു, ആൾക്കാർക്ക് ബദ്ധപ്പാട് ഉണ്ടാക്കാതെ. യാത്ര അങ്ങനെ കഴിഞ്ഞു പോയേനെ. "മിണ്ടാട്ടം ഇല്ല" എന്ന് അപ്പോളും കുറ്റം കേൾക്കും, പക്ഷേ ഇങ്ങനെ അലങ്കോലം ആവില്ല. ബുക്ക് എടുത്തു, കുനിഞ്ഞിരുന്നു.
വായിക്കാൻ പറ്റുന്നില്ല. പാളി നോക്കി, എല്ലാവരും പുഞ്ചിരിയോടെ തമ്മിൽ തലയാട്ടുന്നു, പതിഞ്ഞ സ്വരത്തിൽ എന്തൊക്കെയോ തമ്മിൽ പറയുന്നു. വണ്ടിയിൽ ഞാൻ ഉള്ള കാര്യം അവർ മറന്നു എന്ന് തോന്നുന്നു. എനിക്കും അവരുടെ കൂടെ കൂടിയാൽ കൊള്ളാം, പക്ഷേ വേണ്ട. അയാളെ മാത്രം കാണാനില്ല. ഇപ്പോളും വിഷമത്തിലോ? അറിയാൻ ഒരു വഴിയില്ല.
നേരം പോകെ കല്ല് വലുതായി വരുന്നു. എന്തൊരു ഭാരം. കണ്ണീരു കുത്തുന്നു. നെഞ്ച് എരിയുന്നു. അരികിൽ ഇത്തിരി ഇരുട്ട് ഒരാശ്വാസം. ഇനി എത്ര നേരം ?