പേജുകള്‍‌

2013, ജൂലൈ 17, ബുധനാഴ്‌ച

കരിമ്പിൻ കാട്ടിലെ ആന

പത്തു വർഷം കൊണ്ട് നടന്ന ഒരു സംഭവമാണ്.  പക്ഷേ അങ്ങനെ പറയാൻ തുടങ്ങിയാൽ കുറെ അധികം പറയണം, മുഷിച്ചിൽ ആയേക്കും. അതുകൊണ്ട് പത്തു മിനിറ്റ് ആക്കി ചുരുക്കി. വായനക്കാരൻ ദയവു ചെയ്തു  അളവ് പരിഭാഷപ്പെടുത്തി വായിക്കാൻ അപേക്ഷ.

ഞാനിങ്ങനെ ഒരു സ്ഥലത്ത് പോവാൻ ഒരു വണ്ടിയിൽ കേറി.  വണ്ടിയിൽ കുറെ പേരുണ്ടായിരുന്നു. ഞാനൊരു ജോളി  ടൈപ്പ് ആണേ,  എല്ലാരോടും സംസാരവും പാട്ടും ഡാൻസും ഒക്കെയായി.  കുറച്ചു കഴിഞ്ഞപ്പോളാണ് ഒരു പന്തികേട്‌? എല്ലാരും ചിരിക്കുന്നു, മൂളുന്നു, പക്ഷേ അങ്ങോട്ട്‌ അടുക്കുന്നില്ല.  വർത്തമാനവും കഷ്ടി.  ഓരോരുത്തരും ഓരോ മട്ടല്ലേ, ശരി.

ഇങ്ങനെ വെറുതെ ഇരുന്ന ഒരാളുടെ അടുത്ത് കുറച്ചു കാര്യങ്ങൾ ചോദിക്കാം എന്ന് വിചാരിച്ചു,  ആദ്യത്തെ ചോദ്യത്തിന് ഒരു കുഞ്ഞു ഉത്തരം,  രണ്ടാമത്തേതിന് മൂളൽ,  മൂന്നാമത്തേതിനു മൌനം, നാലാമത്തേതിനു ദഹിപ്പിക്കുന്ന ഒരു നോട്ടം.  മതി മതി.  ഇനി മിണ്ടുന്നില്ല.  അയാൾ എണീറ്റ്‌ പോയി. ഞാൻ അമ്പരന്നു ഇരിപ്പായി.  

വേറൊരാൾ വന്നു അടുത്തിരുന്നു.  
അയാൾ: "നാണമില്ലല്ലോ?" 
ഞാൻ: "എഹ് ? എന്താ അങ്ങനെ പറഞ്ഞേ ?"
അയാൾ: "സന്തോഷമായി ഇരുന്ന ഓരാളെ അസുഖവും പിടിപ്പിച്ചു, സ്വൈരവും കെടുത്തി, നാടും കടത്തി. എന്നിട്ട് എന്നോട് ചോദിക്കുന്നോ? ഒന്നും അറിയാത്ത ഭാവം! നാണം ഇല്ല തന്നെ. 
ഞാൻ: "ഇതെന്താ തമാശയോ? ആരെ കുറിച്ചാണ് പറയുന്നത്? ഇങ്ങനെ അപവാദം ഒക്കെ എവിടെ കേട്ടു ?"
അയാൾ: "തന്റെ അടുത്ത് മുൻപ് ഇരുന്ന ആളെക്കുറിച്ച് തന്നെ. അപവാദവും മറ്റുമല്ല, അയാൾ തന്നെ പറഞ്ഞതാണ്‌.  തന്റെ കൈ അകലത്തു ഇനി വരില്ല അയാൾ. അത്രയ്ക്ക് ദ്രോഹിച്ചില്ലേ!" 
ഞാൻ: (മൌനം)  
അയാൾ: "വാ പൊളിച്ചു ഇരുന്നിട്ട് എന്ത് കാര്യം? ഒരു പരിസര ബോധം ഇല്ലേ? മറ്റുള്ളവരോട് ഒരു പരിഗണന വേണ്ടേ?  എന്തൊരു ഒച്ചയിലാണ്‌ സംസാരം? ആരെ കാണിക്കാനാണ് ഈ കോമാളിത്തരം? ലോകത്തിന്റെ കേന്ദ്രം താനാണോ ? എല്ലാം തെകഞ്ഞു എന്നാണല്ലോ ഭാവം!"
ഞാൻ:  "ഞാൻ അങ്ങനെയൊന്നും ആലോചിച്ചില്ല, ഞാൻ അന്വേഷിക്കട്ടെ,  പറഞ്ഞാൽ തീരാനല്ലേ ഉള്ളു?"
അയാൾ: "അതെ, താൻ ആലോചിച്ചില്ല. അത് തന്നെയാണ് കാര്യം. എനിക്കും മതിയായി. ഞാനും പോണു. ഇനി എന്നോട് മിണ്ടാൻ വരണ്ട."

ഞാൻ അന്വേഷിച്ചു. കാര്യം സത്യം. ഇപ്പോൾ കാര്യങ്ങൾ വ്യക്തമായി. ഈ ആനയുടെ ചവിട്ടൊക്കെ ചിരിച്ചു കൊണ്ട് സഹിക്കുകയായിരുന്നു കരിമ്പിൻ ചെടികൾ.  വിഷമ സ്ഥിതി.  എന്ത് നല്ല മനുഷ്യർ!  പന്ന ഞാൻ ഭൂമിക്കു ഭാരം. നെഞ്ചിൽ ഒരു കല്ല്‌ ഉരുണ്ടു കൂടി.

നടന്നു പോയാൽ  മതിയായിരുന്നു. അല്ലെങ്കിൽ കേറിയ ഉടനെ ഒരു ബുക്കും എടുത്തു ഒരു മൂലയിൽ  ഇരുന്നാൽ മതിയായിരുന്നു, ആൾക്കാർക്ക് ബദ്ധപ്പാട് ഉണ്ടാക്കാതെ. യാത്ര അങ്ങനെ കഴിഞ്ഞു പോയേനെ. "മിണ്ടാട്ടം ഇല്ല" എന്ന് അപ്പോളും കുറ്റം കേൾക്കും, പക്ഷേ ഇങ്ങനെ അലങ്കോലം ആവില്ല.  ബുക്ക്‌ എടുത്തു, കുനിഞ്ഞിരുന്നു. 

വായിക്കാൻ പറ്റുന്നില്ല. പാളി നോക്കി, എല്ലാവരും പുഞ്ചിരിയോടെ തമ്മിൽ തലയാട്ടുന്നു,  പതിഞ്ഞ സ്വരത്തിൽ എന്തൊക്കെയോ തമ്മിൽ പറയുന്നു. വണ്ടിയിൽ ഞാൻ ഉള്ള കാര്യം അവർ മറന്നു എന്ന് തോന്നുന്നു.  എനിക്കും അവരുടെ കൂടെ കൂടിയാൽ കൊള്ളാം, പക്ഷേ  വേണ്ട.  അയാളെ മാത്രം കാണാനില്ല.  ഇപ്പോളും വിഷമത്തിലോ? അറിയാൻ ഒരു വഴിയില്ല.  

നേരം പോകെ കല്ല്‌ വലുതായി വരുന്നു.  എന്തൊരു ഭാരം.  കണ്ണീരു കുത്തുന്നു. നെഞ്ച് എരിയുന്നു.  അരികിൽ ഇത്തിരി ഇരുട്ട് ഒരാശ്വാസം.  ഇനി എത്ര നേരം ?

2013, ജൂലൈ 15, തിങ്കളാഴ്‌ച

ശ്യാമായനം

ശ്യാമയുടെ ദിവസങ്ങൾ തെരക്കു പിടിച്ചവയാണ്.  അവ അങ്ങനെ ആണ് എന്നുള്ളത് ബോധത്തോടെ അല്ലെങ്കിലും  ശ്യാമയുടെ തന്നെ തീരുമാനമാണ്‌.  ഓരോ കാര്യങ്ങളും ചെയ്തു ഫലിപ്പിക്കാന് അവൾക്കൊരു  കഴിവുണ്ട്. ഒരു മണി ഇവിടെ, ഒരു മണി അവിടെയായി ഒരു കൂമ്പാരം കാര്യങ്ങൾ അവളുടെ ദിവസങ്ങളെ സമ്പന്നമാക്കുന്നു. നേരിട്ട് ചോദിച്ചാൽ എനിക്കൊന്നു ഇരുന്നാൽ മതി എന്നേ ശ്യാമ പറയൂ,  പക്ഷേ ഇരുന്നു നോക്കിയിട്ടില്ല. അങ്ങനെയൊരു സമയം കിട്ടിയാൽ ഇരിക്കുന്നതിനു പകരം അവൾ പുതിയൊരു പണി കണ്ടു പിടിച്ചിരിക്കും.  

മിക്കവാറും രാവിലെയുടെ കുഞ്ഞു തുണ്ടുകൾ തനിയേ ഇണങ്ങി ചേരും : അലാറം അടിക്കും, പാചകം നടക്കും, കുട്ടികൾ ചിരിച്ചു കൊണ്ട് എണീക്കും... ഇന്ന് കഷണ കാര്യങ്ങളൊന്നും അങ്ങോട്ട്‌ യോജിച്ചില്ല; അലാറം പണി മുടക്കി,  ദോശകൾ വരിവരിയായി കരിഞ്ഞു,  ചട്ണിയിൽ ഉപ്പു മറന്നു,  ശ്രദ്ധ കാര്യമായി കിട്ടാത്തത് കൊണ്ടാവാം കുട്ടികൾ കരച്ചിലായി. നേരം വൈകി, ഓഫീസിലെ മീറ്റിങ്ങ് വിട്ടു പോയേക്കും എന്ന് സംശയമായി.  ബാക്കി എല്ലാം ഒപ്പിച്ചു എന്നാക്കി കാറിൽ ഓടി കയറി, ഓഫീസിലേക്ക് 40 മിനിറ്റ് ഡ്രൈവ്. 

സൂചി സ്പീഡ് ലിമിറ്റ് കടന്നു പറന്നു. ചില സ്റ്റോപ്പ്‌ സൈൻ അങ്ങനേ വിട്ടു പോയി. മഞ്ഞ സിഗ്നൽ കിട്ടിയതെല്ലാം പാഞ്ഞു കടന്നു.  ഓരോ പ്രാവശ്യം ചുവന്ന സിഗ്നൽ കിട്ടുമ്പോളും ശ്യാമ വാച്ച് നോക്കി കൊണ്ടിരുന്നു.  1 മിനിറ്റ് ഇവിടെ, 3 മിനിറ്റ് അവിടെ.. സമയം കൈപിടിയിൽ നിന്ന് ഊർന്നു പോവുന്നു.  ശ്യാമ സ്റ്റിയരിങ്ങ് വീൽ അമർത്തി  പിടിച്ചു.  

10 മിനിറ്റേ ബാക്കിയുള്ളൂ മീറ്റിംഗ് റൂമിൽ ചെന്ന് കേറാൻ.  ഇനിയൊരു വളവു കൂടി, ഇതാ എത്തി.  അപ്പോളാണ് വായുവിൽ നിന്ന് ഉണ്ടായി വന്നപോലെ ഒരു വാൻ മുമ്പിൽ.  സടൻ ബ്രേക്ക്‌. തെന്നി.  ടയർ കരിഞ്ഞു പുക.  ഹോണടി ബഹളം. ഇടിച്ചില്ല. പക്ഷേ ഇടിച്ചേനെ. വാൻ നിർത്തിയത് കൊണ്ട് രക്ഷപ്പെട്ടു.  വാനിന്റെ ഡ്രൈവർ കതകു ശബ്ദത്തോടെ വലിച്ചടച്ച് ഇറങ്ങി വന്നു. ശ്യാമ പകച്ചിരുന്നു. എന്ത് ചെയ്യണം, എന്ത് പറയണം എന്നറിയില്ല.  വാൻ എവിടെ നിന്ന് വന്നു? താൻ എന്ത് കൊണ്ട് കണ്ടില്ല?  ശ്രദ്ധിച്ചില്ലേ? ഡ്രൈവർ നടന്നടുക്കുന്നു.  

അടുത്ത് വന്നപ്പോൾ ഒരു സ്ത്രീ.  60 -നടുത്ത് പ്രായം. വെള്ളക്കാരി, നര കലർന്ന സ്വർണ്ണ മുടി. മുഖത്ത് ചുളിവുകൾ, ക്ഷീണം.  മുഖം ചുവന്നിരുന്നു എങ്കിലും ശ്യാമയുടെ പകപ്പ് കണ്ടിട്ടാവാം, അവർ അലിഞ്ഞു. "എന്തെങ്ങിലും പറ്റിയോ" എന്നൊക്കെ മാത്രം ചോദിച്ചു.  ശ്യാമക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല, 'സോറി' എന്ന് മാത്രം പറഞ്ഞൊപ്പിച്ചു.  അവർ തിരിച്ചു നടക്കാൻ തുടങ്ങി, ഒരു നിമിഷം നിന്നു. പോക്കറ്റിൽ നിന്നും പേഴ്സ് എടുത്ത് അതിൽ നിന്നും മടക്കി വെച്ചിരുന്ന ഒരു കാർഡ്‌ എടുത്തു ശ്യാമയുടെ കൈയിൽ കൊടുത്തു.  മടക്കു വീണിരുന്നു എങ്കിലും വളരെ പഴയത് ആയിരുന്നില്ല ആ കാർഡ്‌.  ഒരു ചരമ ക്കുറിപ്പ്‌, ഒരു കുടുംബം, ഒരു അച്ഛൻ, അമ്മ, ഒരു മാലാഖ കുഞ്ഞ്. 2 വയസ്സ്, നിറയെ സ്വര്ണ നിറമുള്ള മുടി ചുരുളുകൾ, ചിരിക്കുന്ന കണ്ണുകൾ. അമ്മയ്കും കുഞ്ഞിനും അവരുടെ ച്ഛായ.   എങ്ങനെ?അമ്പരപ്പോടെ അവരെ നോക്കുമ്പോൾ,  അവരുടെ കണ്ണ് നിറഞ്ഞിരിക്കുന്നു. "എങ്ങനെ?" അവർ 'കാര്യമില്ല' എന്ന് തലയാട്ടി. ശ്യാമയുടെ കാറിന്റെ  റിയർ വ്യൂ  മിറ-റിൽ തൂങ്ങി കിടന്നിരുന്ന ബേബി ഷൂ ചൂണ്ടി പറഞ്ഞു "ശ്രദ്ധിക്കു."  അവരുടെ സ്വരത്തിൽ അപേക്ഷയും ശാസനയും ഒരുമിച്ച്. എന്നിട്ട് ഉത്തരം ഒന്നും കാക്കാതെ നടന്നു,  വാൻ എടുത്തു കൊണ്ട് പോയി.  

ശ്യാമയും കാർ എടുത്തു.  ഓഫീസിൽ  എത്തിയപ്പോൾ 15 മിനിറ്റ് വൈകിയിരുന്നു.  മീറ്റിങ്ങ് ശ്യാമ ഇല്ലാതെ തന്നെ തുടങ്ങിയിരുന്നു.  കാര്യങ്ങൾ നടന്നു കൊണ്ടിരുന്നു. ശ്യാമയുടെ മനസ്സില് ഓഫീസും മീറ്റിങ്ങും സമയവും ഒന്നും ഇല്ല.  കുഞ്ഞു വാവയുടെ ഷൂ  മാത്രം കണ്ണാടിയിൽ  തൂങ്ങി ആടിക്കൊണ്ടിരുന്നു. 

2013, ജൂലൈ 14, ഞായറാഴ്‌ച

എന്റെ ദിവസത്തിന്റെ ഒരു തുണ്ട്

അതിരാവിലെ.  കടും ചാര നിറമുള്ള മേഘങ്ങൾ. കാറ്റു വീശി അടിക്കുന്നു. പതിവിലും കൂടുതൽ  ഉഷ്‌ണം.  മഴയുടെ പുറപ്പാട്. നേരിയ വെളിച്ചമേ ഉള്ളു. സാധാരണ പ്രഭാതങ്ങൾക്ക് ഒരു നിശ്ചലതയും നിശബ്ദതയും ഒക്കെയുണ്ട്. ഒരു കുഞ്ഞു ഉറങ്ങുന്ന പോലെ.  ഒരു സ്വകാര്യ സ്വപ്നം, ഒരു പുഞ്ചിരി, ഒളിച്ചു വെച്ചിരിക്കുനന്തു പോലെ.  ഇന്നെല്ലാം വേറൊരു തരം. മൊത്തത്തിൽ ഒരു ഭ്രാന്തിന്റെ ഛായ? ഇതും ഒരു സൌന്ദര്യം. 

താഴെ നടക്കുന്ന വികൃതിയൊന്നും ശുക്രനെ ഇളക്കുന്നില്ല. "ശുക്രനെ തൊഴണം." അമ്മയുടെ ശബ്ദം. ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ, സംഭവങ്ങളിൽ, കാഴ്ചകളിൽ ഒളിച്ചിരിന്നു സംസാരിക്കുന്നത് അമ്മ പതിവാക്കിയിരിക്കുന്നു. നേരിട്ട് പറഞ്ഞിട്ടുള്ള അവസരങ്ങളിൽ ഒരു മില്ലി മീറ്റർ ചെവി പോലും കൊടുക്കാത്തത് കൊണ്ടാവാം.  എങ്ങനെ ചെയ്യാതിരിക്കാം എന്നാണ് കൂടുതൽ ആലോചിച്ചത്, പക്ഷേ ആലോചന അവസാനിക്കുന്ന ഏതോ സ്ഥലത്ത് ആ ഉപദേശങ്ങളൊക്കെ പന്തലിച്ചു നില്കുന്നു. അമ്മ പോയി കുറേ കഴിഞ്ഞാണ് ഞാൻ അത് മനസ്സിലാക്കിയത്‌.  വേറിട്ട വഴി നടക്കണം എന്ന് വാശി പിടിച്ച്, നടന്നു നടന്നു ചെന്നെത്തിയത് ഒരേ സ്ഥലത്ത്.  ആലോചിക്കുമ്പോൾ അത്ഭുതം, അമ്മ ഇത് നേരത്തേ കണ്ടോ എന്നൊരു ആലോചന,  വഴി തെളിച്ചു തന്നതിന്, വിത്ത് ഇട്ടു തന്നതിന്, തീരാത്ത കടപ്പാടും.

എല്ലാവർക്കും വേണ്ടതെല്ലാം ചെയ്തു, എല്ലാവർക്കും എല്ലാമായി, എല്ലാവരെയും കുറിച്ച് ആലോചിച്ചു,  അങ്ങനെ അലിഞ്ഞില്ലാതെയായ ഒരമ്മ.  പിന്തുടരാൻ  എന്ത് പ്രയാസം ആ കാലടികൾ. പിന്തുടരാൻ കിട്ടുന്ന അവസരം എന്തൊരു പുണ്യം!  പ്രാർത്ഥനയിൽ കണ്ണുകള അടച്ചു ഒരു നിമിഷം. കാപ്പിക്കപ്പിൽ ഒരു തുള്ളി മഴ.  അതിനു പിന്നാലെ ഒരായിരം തുള്ളികൾ ഒരു നിമിഷത്തിൽ.  ഇവിടത്തെ മഴകൾ ഇങ്ങനെയാണ്.  ആകാശത്തിന്റെ അടപ്പ് തുറന്ന പോലെ. എണീറ്റ്‌ മാറാൻ തോന്നിയില്ല,  അകവും പുറവും നനച്ചു മഴ പെയ്തു കയറി കുറെ നേരം.  

ആലോചനകൾ തിരിച്ചു വന്നത് മഴ ഒന്ന് നിന്നപ്പോളാണ്‌.  മഴ നനഞ്ഞ കാപ്പിയിൽ വെള്ള മേഘങ്ങൾ നീന്തുന്നു.  കൈപിടി പൊട്ടിപ്പോയി വാർദ്ധക്യ വരകൾ വീണ കപ്പും,  പലസ്ഥലത്തു കീറി തുന്നികൂട്ടലുകൾ വന്ന നിറം മങ്ങിയ പുതപ്പും ഞാനും പലവർഷങ്ങളായി യാത്ര തുടങ്ങിയിട്ട്. ഈ കപ്പിലെ കാപ്പിയുടെ സ്വാദും ഈ പുതപ്പിന്റെ ചൂടും എന്റെ സ്വന്തം. ഈ നനവും ഈ ഉമ്മറ പടികളും ഈ നിമിഷങ്ങളും എന്റെ മാത്രം.  എന്റെ തുണ്ട് സമയം, എന്റെ തുണ്ട് സ്ഥലം. ഈ മകളുടെ സ്വാർത്ഥത അറിഞ്ഞാൽ അമ്മ എന്ത് പറയും?  

ന്യൂസ്‌ പേപ്പർ പറന്നു വന്നു.  അതെന്റെ സാമ്രാജ്യത്തെ ഒരു സോപ്പു കുമിള പോലെ പൊട്ടിച്ചു കളഞ്ഞു. മഴവെള്ളം കേറിയ കാപ്പി കളഞ്ഞു, ഒരു കപ്പു കൂടി വേണ്ടി വരും ഇന്ന്. പുതപ്പു ഉണങ്ങാൻ വിരിച്ചു. അങ്ങനെ ഇന്നത്തെ ദിവസം തുടങ്ങുന്നു.