പേജുകള്‍‌

2007, ജൂൺ 1, വെള്ളിയാഴ്‌ച

ഒരു പ്രേമവും ചില അനുബന്ധസംഭവങ്ങളും

തലക്കെട്ടു ഇട്ടതു കുറച്ചു വിഡ്ഢിത്തമായിട്ടുണ്ട്‌. വേറെ ഒന്നും കൈയ്യില്‍ തടഞ്ഞില്ല, അതുകൊണ്ടാണു.
--------------------------------

താലി കഴുത്തില്‍ വീഴുന്ന നിമിഷം ശരീരവും മനസ്സും തളര്‍ന്നു താന്‍ കുഴഞ്ഞു വീണു മരിക്കും എന്ന് അവള്‍ എകദേശം ഉറപ്പിച്ചിരുന്നു. അതായതു, അതിനും മുന്‍പേ വണ്ടി കയറിയോ, ഓടയില്‍ വീണോ ഒന്നും മരിച്ചില്ലെങ്കില്‍. ഒന്നു രണ്ടാഴ്ചയായി ഇതു തന്നെയാണു ചിന്ത. ഒരു തരം അര്‍ദ്ധബോധത്തിലാണു ദിനചര്യകള്‍ - എഴുന്നേല്‍പ്പ്‌, കുളി, അമ്പലത്തില്‍പോക്ക്‌ ഒക്കെ, എന്നും ചെയ്യുന്ന സമയത്ത്‌, എന്നും ചെയ്യുന്ന പോലെ, കൃത്യം. അമ്പലത്തില്‍ നിന്നു വരുന്ന വഴി, ചന്ദനം കിട്ടിയതു ഇലയില്‍ ചുരുട്ടി പിടിച്ചു ജനലയ്കല്‍ ഒരു കാത്തുനില്‍പ്പുണ്ട്‌. അടഞ്ഞു കിടക്കുന്ന ജനല്‍പാളിയില്‍ ചെറുതായി, താളത്തില്‍ ഒരു-രണ്ടു മുട്ട്‌. അതു കേട്ടു അവളുടെ ഈശ്വരന്‍ എഴുന്നേറ്റു, (കൈലി ഉടുത്ത്‌,കോട്ടുവായിട്ടു, തല ചൊറിഞ്ഞ്‌) ജനല തുറക്കും. പ്രസാദം വാങ്ങി വെക്കും. കുറച്ചു നേരത്തേക്കു അവള്‍ പൂത്തുലയും. ചില ദിവസങ്ങളില്‍ ഈശ്വരന്‍ നല്ല ഉറക്കത്തിലായിരിക്കും; അന്നത്തെ ( റേഷന്‍ ) വസന്തം അവള്‍ക്കു കിട്ടുകയുമില്ല.

അത്രയ്കു ഭ്രാന്താണെങ്കില്‍ അവളെന്തിനു മറ്റൊരാളുമായി വിവാഹതിനു സമ്മതിച്ചു? എന്താണു..!!ഈശ്വരന്മാരെ ആരെങ്കിലും കല്യാണം കഴിക്കാറുണ്ടോ!! മീരാബായിയുടെ കഥയുണ്ട്‌; സമ്മതിച്ചു, പക്ഷേ എന്നാലും, നിറപറയും, നാദസ്വരവും, പുടവ കൊടുക്കലും, സദ്യയും ഒക്കെയായി കല്യാണം കഴിക്കാറുണ്ടോ? അതു പോകട്ടെ, അതല്ല. പെണ്ണുകാണലും, നിശ്ചയവും ഒക്കെ ഈശ്വരന്‍ അവളുടെ മുമ്പില്‍ അവതരിക്കുന്നതിനു മുന്‍പയിരുന്നല്ലൊ. ഇതു വേണം, അതു വേണ്ട എന്നു ശാഠ്യം പിടിക്കുന്ന പതിവും, അതിനുള്ള ധൈര്യവും അവള്‍ക്കില്ല. അതുകൊണ്ടു, കിട്ടിയ നിമിഷങ്ങള്‍ ആനന്ദത്തില്‍ ആറാടിയും ബാക്കി അതു കിട്ടാനുള്ള കാത്തിരുപ്പിലും ആയി കഴിഞ്ഞു. കല്യാണ ദിവസം എത്തി. 'ചത്തു കിടന്നാലും ചമഞ്ഞേ കിടക്കാവൂ'. പട്ടുസാരിയും ചുറ്റി, ആഭരണങ്ങളും, മുല്ലപ്പൂവും ഒരിത്തിരി കല്യാണം സ്പെഷല്‍ മേക്കപ്പുമായി അവള്‍ മണ്ഡപത്തിലേക്ക്‌.

ഒരു അബദ്ധം പറ്റി. താലി കെട്ടല്‍ കഴിഞ്ഞു, പുടവ കിട്ടി, നിറപറക്കു വലം വെച്ചു, ഗ്രഹപ്രവേശം കഴിഞ്ഞു; ഇടി വെട്ടിയില്ല, പാമ്പു കടിച്ചില്ല, കുഴഞ്ഞില്ല, വീണില്ല, മരിച്ചുമില്ല..

ഒരു നാലഞ്ചു കൊല്ലം കഴിഞ്ഞു, ഒരുവള്‍ അവള്‍ക്കെഴുതി. " നമ്മള്‍ തമ്മില്‍ നേരിട്ടു പരിചയം ഇല്ല. എനിക്കു ചേച്ചിയെക്കുറിച്ചു പറഞ്ഞു കേട്ടു ഒത്തിരി അറിയാം. (എന്റെ) ഈശ്വരന്റെ സ്നേഹം കുപ്പത്തൊട്ടിയില്‍ കളഞ്ഞു വെറുമൊരു മനുഷ്യന്റെ കൂടെ കഴിയാന്‍ നാണമില്ലേ!! നഷ്ടബോധം തോന്നുന്നില്ലേ? എനിക്കൊരിക്കലും തന്റെ (അധോ)ഗതി വരാതിരിക്കട്ടെ!" പുഞ്ചിരിച്ചു കൊണ്ടു മറുപടി: "ഞാന്‍ സന്തോഷവതിയാണു. മനുഷ്യന്‍ എന്നെ സ്നേഹിക്കുന്നു. നന്നായില്ലേ അനുജത്തീ? ഞാന്‍ ഉണ്ടായിരുന്നെങ്കില്‍ ഈശ്വരന്‍ നിന്നെ തിരിഞ്ഞു നോക്കും എന്നു തൊന്നുന്നുണ്ടോ?"